ചെന്നൈ: തമിഴ്നാട്ടുകാരായ എട്ടു മത്സ്യബന്ധനതൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. രാജ്യാന്തര സമുദ്രാതിര്‍ത്തി കടന്നുവെന്നാരോപിച്ചുാണ് ശനിയാഴ്ച തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തത്.

ശ്രീലങ്കര്‍ക്ക് മാത്രം മത്സ്യബന്ധനം നടത്താന്‍ അവകാശമുള്ള പ്രദേശത്ത് മോട്ടോര്‍ ബോട്ടുമായി ചെന്ന് രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തി എന്നാരോപിച്ചാണ് അറസ്റ്റ് നടന്നതെന്ന് നാഗപട്ടണം ജില്ലയിലെ ഫിഷറീസ് വകുപ്പ് ഡയറക്റ്റര്‍ അമലാ സേവ്യര്‍ പറഞ്ഞു. അതേസമയം, പരുത്തിതുരൈയില്‍ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരുന്ന തങ്ങളെ ശ്രീലങ്കന്‍ നാവികസേന ഉദ്യോഗസ്ഥര്‍ കങ്ങേശന്‍തുരൈയിലെ തുറമുഖത്തിലേക്ക് പിടിച്ചുകൊണ്ടുപോവുകയായിരുന്നു എന്നാണു തൊഴിലാളികൾ പറയുന്നത്.

അറസ്റ്റുചെയ്തവരുടെ ബോട്ടുകളും പിടിച്ചെടുത്തതായി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. രണ്ടുദിവസം മുൻപാണ് ശ്രീലങ്കയിലെ നെടുന്തീവില്‍ മത്സ്യബന്ധനം നടത്തി എന്നാരോപിച്ച് പുതുകോട്ടയില്‍ നിന്നുള്ള നാലും കാരക്കലില്‍ നിന്നുള്ള പതിനേഴും മത്സ്യബന്ധന തൊഴിലാളികളെ ശ്രീലങ്ക അറസ്റ്റ് ചെയ്തത്.

ജൂണ്‍ 22നു പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ട തമിഴ്‌നാട്‌ മുഖ്യമന്ത്രി കെ.പളനിസ്വാമി ശ്രീലങ്കന്‍ നാവികസേന പിടിച്ചെടുത്തിട്ടുള്ള 137 ബോട്ടുകളും ദ്വീപിലെ ജയിലുകളില്‍ കഴിയുന്ന 20 മത്സ്യബന്ധനതൊഴിലാളികളെയും മോചിപ്പിക്കാന്‍ നടപടി എടുക്കണം എന്ന്‍ ആവശ്യപ്പെട്ടിരുന്നു. ജൂണ്‍ പതിനഞ്ചു മുതല്‍ ഏതാണ്ട് 22 മത്സ്യബന്ധനതൊഴിലാളികളെയാണ് ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തിട്ടുള്ളതെന്ന് ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ