കൊളംബോ: ശ്രീലങ്കയുടെ തെക്ക് പടിഞ്ഞാറൻ മേഖലയായ റമ്പൂക്കാനയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭകർക്ക് നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെടുകയും 12 പേർക്ക് പരുക്കേൽക്കുകയും ചെയ്തു. പ്രതിഷേധക്കാരെ പിരിച്ചുവിടാനായാണ് വെടിവെച്ചത് എന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയിൽ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള ജനങ്ങളുടെ പ്രക്ഷോഭം തുടരുകയാണ്. ഇന്ധനവില വർധനവിനെതിരെ നടന്ന പ്രതിഷേധത്തിലാണ് വെടിവെപ്പുണ്ടായത്. ജനങ്ങളും പൊലീസും തെരുവിൽ ഏറ്റുമുട്ടി.
സമരക്കാർ റമ്പൂക്കാനയിൽ റെയിൽവേ ട്രാക്ക് ഉപരോധിക്കുകയും കല്ലെറിയുകയും ചെയ്തതായി പൊലീസ് പറഞ്ഞു.
സ്ഥിതിഗതികൾ നിയന്ത്രിക്കാൻ പൊലീസ് വെടിയുതിർക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പൊലീസ് വക്താവ് നിഹാൽ തൽദുവ പറഞ്ഞു.
പരുക്കേറ്റ 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവരിൽ നാലുപേരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
തിങ്കളാഴ്ച രാത്രിയാണ് ശ്രീലങ്കയിലെ ഇന്ധന കമ്പനികൾ ഇന്ധനവില കുത്തനെ കൂട്ടിയത്. സാമ്പത്തിക ഞെരുക്കത്തിലായ ജനങ്ങൾക്ക് ഇരുട്ടടിയായിരുന്നു ഇന്ധന വില കയറ്റം. ഇതിൽ പ്രതിഷേധിച്ചാണ് ജനം തെരുവിലിറങ്ങിയത്.