ദുബായ്: നടി ശ്രീദേവി മരിച്ചത് ബാത്ത്റൂമിൽ കുഴഞ്ഞുവീണാണെന്ന് റിപ്പോർട്ട്. അറബ് മാധ്യമമായ ഖലീജ് ടൈംസാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുബായിലെ ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടപടികൾ അവസാനിച്ചതായി ഇന്ത്യൻ കോൺസുലേറ്റ് അധികൃതർ പറഞ്ഞു.

മരണ സർട്ടിഫിക്കറ്റ് ലഭിക്കാനാണ് ബന്ധുക്കൾ കാത്തിരിക്കുന്നത്. ഇതിന് പുറമേ മൃതദേഹവുമായി ബന്ധപ്പെട്ട് മറ്റ് ചില രേഖകളും ലഭിക്കാനുണ്ട്. ഇത് കഴിഞ്ഞാൽ ഒരു സ്വകാര്യ വിമാനത്തിൽ മൃതദേഹം ഇന്ത്യയിലേക്ക് എത്തിക്കും.

മൃതദേഹം ഉച്ചയ്ക്ക് 12 മണിക്ക് തന്നെ മുഹൈസിന മെഡിക്കൽ കോളേജിലേക്ക് എംബാം ചെയ്യാനായി അയച്ചു. സർട്ടിഫിക്കറ്റുകൾ ലഭിച്ചാൽ ദുബായിൽ നിന്ന് മൃതദേഹം വേഗത്തിൽ ഇന്ത്യയിലേക്ക് എത്തിക്കുമെന്നാണ് വിവരം.

ഇന്ത്യൻ കോൺസുലേറ്റിലെ ഒരു ജീവനക്കാരനെ ശ്രീദേവിയുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കാൻ വേണ്ടി ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇദ്ദേഹം കുടുംബത്തോടൊപ്പമാണ് ഇപ്പോഴുളളത്.

ശ്രീദേവി താമസിച്ചിരുന്ന ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ താമസ മുറിയിലെ ശുചിമുറിയിൽ ശനിയാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. ശ്രീദേവിയെ ഉടൻതന്നെ റഷീദിയ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചെന്നാണ് ഖലീജ് ടൈംസ് റിപ്പോർട്ട്. ഞായറാഴ്ച രാവിലെയാണ് ഇവരെ ആശുപത്രിയിലേക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ട്.

സംഭവത്തിൽ പ്രതികരിക്കാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. അതേസമയം ദുബായ് പൊലീസ് മരണത്തിൽ അന്വേഷണം ആരംഭിച്ചു. ശ്രീദേവിയെ മരിച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു. ഇതിനാൽ തന്നെ ഫോറൻസിക് വിഭാഗത്തിലേക്കാണ് മൃതദേഹം കൊണ്ടുപോയത്.

ശ്രീദേവിയെ അവസാനമായി ഒരു നോക്കുകാണാൻ ആശുപത്രിയിലേക്ക് ഇന്ത്യൻ സിനിമാ പ്രേമികൾ വന്നുകൊണ്ടിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ