scorecardresearch

പെഗാസസ്: ഇസ്രായേൽ സ്പൈവെയർ ലക്ഷ്യംവച്ചത് മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും അടക്കം മുന്നൂറിലധികം പേരെ

സുപ്രീം കോടതി ജഡ്ജി, മാധ്യമപ്രവർത്തകർ, ബിസിനസ്സുകാർ എന്നിവരുടെ വിവരങ്ങളും ലക്ഷ്യം വച്ചു

Pegasus, Pegasus spyware, Pegasus supreme court, Pegasus supreme court verdict, Pegasus judgment, Pegasus sc judgment, Pegasus spyware Israel, Pegasus spyware India, latest news, kerala news, news in malayalam, malayalam news, indian express malayalam, ie malayalam

ന്യൂഡൽഹി: ഇസ്രായേൽ കമ്പനിയായ എൻ‌എസ്‌ഒ ഗ്രൂപ്പിന്റെ പെഗാസസ് സ്പൈവെയർ ഉപയോഗിച്ച് ഇന്ത്യയിൽ മൂന്നൂറിലധികം മൊബൈൽ ഫോൺ നമ്പറുകൾ ലക്ഷ്യമിട്ട് ചാരപ്രവർത്തനം നടന്നതായി അന്വേഷണ റിപ്പോർട്ട്. നരേന്ദ്ര മോദി സർക്കാരിലെ രണ്ട് മന്ത്രിമാർ, മൂന്ന് പ്രതിപക്ഷ നേതാക്കൾ, ഭരണഘടനാ പദവിയിലുള്ള ഒരാൾ, ഒരു സിറ്റിങ് സുപ്രീം കോടതി ജഡ്ജി, നിരവധി മാധ്യമപ്രവർത്തകർ, ബിസിനസുകാർ എന്നിവരുടെ വിവരങ്ങൾ ഇത്തരത്തിൽ ചോർന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള ഓൺലൈൻ വാർത്താ പോർട്ടൽ ദ വയർ അടക്കം 17 ആഗോള മാധ്യമ സ്ഥാപനങ്ങൾ സംയുക്തമായി അന്വേഷണം നടത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

ചാര ആക്രമണത്തിന് വിധേയമായ 50,000 ടെലിഫോൺ നമ്പറുകളുടെ ആഗോള ഡേറ്റ ബേസ്, ഫ്രാൻസിലുള്ള ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമായ ഫോർബിഡൻ സ്റ്റോറീസും മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനലും കണ്ടെത്തിയിരുന്നതായി ദ വയർ റിപ്പോർട്ട് ചെയ്തു.

ഈ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് മാധ്യമങ്ങളുടെ കൂട്ടായ്മ അന്വേഷണം നടത്തിയതെന്നും റിപ്പോർട്ടിൽ പറയുന്നു. ദ ഗാർഡിയൻ, വാഷിങ്ടൺ പോസ്റ്റ്, ലി മോന്ദ്, സുദ്ദീത്ഷെ സൈതുങ്ങ് എന്നിവയും കൂടാതെ മറ്റ് 11 അറബ്, യൂറോപ്യൻ മാധ്യമ സ്ഥാപനങ്ങളും അന്വേഷണം നടത്തിയ കൂട്ടായ്മയിൽ ഉൾപ്പെടുന്നു.

Read More: പെഗാസസ്; ചോർത്തിയത് ഇന്ത്യൻ എക്സ്പ്രസ്സ് എഡിറ്റർമാരടക്കം 40-ലധികം മാധ്യമപ്രവർത്തകരുടെ ഫോൺ

മന്ത്രിമാർ, പ്രതിപക്ഷ നേതാക്കൾ, പത്രപ്രവർത്തകർ, നിയമ രംഗത്തുള്ളവർ, ബിസിനസുകാർ, സർക്കാർ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, മനുഷ്യാവകാശ പ്രവർത്തകർ തുടങ്ങിയവർ ഉപയോഗിക്കുന്ന 300 “വെരിഫൈഡ്” നമ്പറുകൾ പട്ടികയിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, ഡാറ്റാബേസിൽ ഒരു ഫോൺ നമ്പറിന്റെ സാന്നിധ്യം ഉണ്ടെങ്കിലും അവരുടെ ഫോൺ പെഗാസസ് വഴിയുള്ള ഹാക്കിങ്ങിന് വിധേയമായി എന്ന് ഉറപ്പിക്കാനാവില്ലെന്ന് ദ ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

40 രാജ്യങ്ങളിലെ 60 രഹസ്യാന്വേഷണ, സൈനിക, നിയമ നിർവ്വഹണ ഏജൻസികളാണ് തങ്ങളുടെ ഉപഭോക്താക്കളെന്ന് എൻ‌എസ്‌ഒ ഗ്രൂപ്പ് അവകാശപ്പെടുന്നുണ്ട്. ഉപഭോക്താക്കളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കേണ്ട ബാധ്യതയുള്ളതിനാൽ എൻഎസ്ഒ അവ വെളിപ്പെടുത്തില്ലെന്ന് വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ടിൽ പറയുന്നു. കാലിഫോർണിയയിൽ വാട്‌സ്ആപ്പ് നേരത്തെ നൽകിയ നിയമ നടപടിക്ക് മറുപടിയായി എൻ‌എസ്‌ഒ ഗ്രൂപ്പ് പറഞ്ഞത് വിദേശ രാജ്യങ്ങളിലെ പരമാധികാര സർക്കാരുകളാണ് പെഗാസസ് ഉപയോഗിച്ചതെന്നായിരുന്നു.

അതേസമയം ഈ വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ പ്രതികരണം അറിയിച്ചിട്ടുണ്ട്.

“നിർദിഷ്ട ആളുകളെക്കുറിച്ചുള്ള സർക്കാർ നിരീക്ഷിക്കുന്നുവെന്ന ആരോപണങ്ങൾക്ക് വ്യക്തമായ അടിസ്ഥാനമോ സത്യവുമായി ബന്ധമോ ഇല്ല. മുൻകാലങ്ങളിൽ, സർക്കാർ വാട്‌സ്ആപ്പ് വഴി പെഗാസസ് ഉപയോഗിക്കുന്നതിനെക്കുറിച്ച് സമാനമായ അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. ആ റിപ്പോർട്ടുകൾക്കും വസ്തുതാപരമായ അടിസ്ഥാനമില്ല. സുപ്രീം കോടതിയിൽ വാട്‌സ്ആപ്പ് ഉൾപ്പെടെ എല്ലാ കക്ഷികളും ഇത് നിഷേധിച്ചിരുന്നു,” എന്ന് സർക്കാരിന്റെ പ്രസ്താവനയിൽ പറയുന്നു.

Read More: 2014-19 കാലഘട്ടത്തിൽ ചുമത്തിയത് 326 രാജ്യദ്രോഹക്കേസുകൾ; ശിക്ഷിക്കപ്പെട്ടത് ആറ് പേർ

“ഇന്ത്യൻ ജനാധിപത്യത്തെയും അതിന്റെ സ്ഥാപനങ്ങളെയും അപകീർത്തിപ്പെടുത്താനുള്ള ഊഹാപോഹങ്ങളെയും അതിശയോക്തികളെയും അടിസ്ഥാനമാക്കിയുള്ള ഈ വാർത്താ റിപ്പോർട്ടും സമാനമായ ലക്ഷ്യംവയ്ക്കലാണെന്ന് തോന്നുന്നു,” പ്രസ്താവനയിൽ പറയുന്നു.

2019ലും പെഗാസസ് വഴിയുള്ള ചാരപ്രവർത്തനം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഇന്ത്യയിലെ മാധ്യമപ്രവർത്തകരിൽനിന്നും മനുഷ്യാവകാശ പ്രവർത്തകരിൽ നിന്നും വിവരം ചോർത്തുന്നതിനായി മെസഞ്ചർ ആപ്ലിക്കേഷനായ വാട്സ്ആപ്പിനെ ഉപയോഗപ്പെടുത്തി ചാര പ്രവർത്തനം നടക്കുന്നതായാണ് 2019ൽ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നത്.

പെഗാസസ് സ്പൈവെയർ നിർമാതാക്കളായ എൻഎസ്ഒ ഗ്രൂപ്പിനെതിരെ യുഎസിലെ സാൻഫ്രാൻസിസ്കോയിലെ ഒരു കോടതിയിൽ വാട്സ്ആപ്പ് നിയമ നടപടികളും ആരംഭിച്ചിരുന്നു.

“2019 ഏപ്രിലിലും മേയിലുമായി” നാല് ഭൂഖണ്ഡങ്ങളിലായി 20 രാജ്യങ്ങളിലെ ഉപയോക്താക്കൾക്കിടയിൽ സ്പൈവെയർ വഴി നിരീക്ഷണം നടത്തിയതായി വാട്‌സ്ആപ്പ് പരാതിയിൽ പറഞ്ഞിരുന്നു. 1400 ഓളം മൊബൈൽ ഫോണുകളിലും മറ്റ് ഉപകരണങ്ങളിലും ഈ സ്പൈവെയർ എത്തിപ്പെട്ടതായും അന്ന് വാട്സ്ആപ്പിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

Read More: എന്താണ് സീറോ ക്ലിക്ക് ആക്രമണം; അവയിൽനിന്ന് എങ്ങനെ അകലം പാലിക്കാം?

ടെൽ അവീവ് ആസ്ഥാനമായുള്ള സൈബർ സുരക്ഷാ കമ്പനിയാണ് എൻ‌എസ്‌ഒ ഗ്രൂപ്പ്, “നിരീക്ഷണ സാങ്കേതികവിദ്യ” യിൽ വൈദഗ്ദ്ധ്യം നേടിയലരാണെന്നും ലോകമെമ്പാടുമുള്ള സർക്കാരുകളെയും നിയമ നിർവഹണ ഏജൻസികളെയും കുറ്റകൃത്യങ്ങൾക്കും തീവ്രവാദത്തിനും എതിരെ സഹായിക്കുന്നുവെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

പെഗാസസിന്റെ സ്പൈവെയർ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ആദ്യത്തെ റിപ്പോർട്ടുകൾ 2016ലാണ് പുറത്തുവന്നത്. യുഎഇയിലെ മനുഷ്യാവകാശ പ്രവർത്തകനായ അഹമ്മദ് മൻസൂറിന് നേർക്ക് അദ്ദേഹത്തിന്റെ ഐഫോണിലെ ഒരു എസ്എംഎസ് ലിങ്ക് വഴി സ്പൈവെയർ ആക്രമണമുണ്ടായപ്പോഴായിരുന്നു അത്.

2018 ഡിസംബറിൽ മോൺ‌ട്രിയലിൽ കഴിയുന്ന സൗദി സ്വദേശിയായ സാമൂഹ്യ പ്രവർത്തകൻ ഒമർ അബ്ദുൽ അസീസ് എൻ‌എസ്‌ഒ ഗ്രൂപ്പിനെതിരെ ടെൽ അവീവിലെ കോടതിയിൽ കേസ് ഫയൽ ചെയ്തിരുന്നു. പെഗാസസ് ഉപയോഗിച്ച് തന്റെ ഫോണിൽ നുഴഞ്ഞുകയറിയെന്ന് ആരോപിച്ചായിരുന്നു കേസ്. വധിക്കപ്പെട്ട സൗദി വിമത മാധ്യമപ്രവർത്തകനും തന്റെ സുഹൃത്തുമായ ജമാൽ ഖഷോഗിയുമായുള്ള സംഭാഷണങ്ങൾ സ്പൈവെയർ വഴി ചോർത്തിയതായും അദ്ദേഹത്തിന്റെ പരാതിയിൽ പറഞ്ഞിരുന്നു.

2018 ഒക്ടോബർ 2 നാണ് ഇസ്താംബൂളിലെ സൗദി കോൺസുലേറ്റിൽ വച്ച് സൗദി ഏജന്റുമാർ ഖഷോഗിയെ വധിച്ചത്. ആ വർഷം ഓഗസ്റ്റിൽ തന്റെ ഫോൺ ഹാക്ക് ചെയ്യപ്പെട്ടതായി വിശ്വസിക്കുന്നതായാണ് അന്ന് കോടതിയിൽ നൽകിയ പരാതിയിൽ അബ്ദുൽ അസീസ് പറഞ്ഞത്.

വാട്ട്‌സ്ആപ്പിലെ സുരക്ഷാ വീഴ്ചകൾ ചൂഷണം ചെയ്യുന്നതിനും ചാരപ്പണി നടത്തുന്നതിനും പെഗാസസ് ഉപയോഗിക്കുന്നുണ്ടെന്ന് 2019 മെയ് മാസത്തിൽ ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് വാട്സ്ആപ്പ് ഒരു അടിയന്തര സോഫ്റ്റ്വെയർ അപ്‌ഡേറ്റ് നൽകുകയും ചെയ്തിരുന്നു.

“വാട്സ്ആപ്പിൽ നിന്ന് പാസ്‌വേഡുകൾ, കോൺടാക്റ്റ് ലിസ്റ്റുകൾ, കലണ്ടർ ഇവന്റുകൾ, ടെസ്ററ്റ് സന്ദേശങ്ങൾ,വോയ്‌സ് കോളുകൾ എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ ചോർത്താൻ പെഗാസസിന് കഴിയും” എന്ന് സിറ്റിസൺ ലാബ് പോസ്റ്റ് പറയുന്നു.

സ്പൈവെയർ നിരീക്ഷിക്കുന്ന ഫോണിന്റെ ക്യാമറയും മൈക്രോഫോണും പ്രവർത്തിപ്പിക്കാനും ഫോണുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും പകർത്താനും പെഗാസസിന് കഴിയും.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Spyware project pegasus phones of ministers opp leaders among many targeted for surveillance report

Best of Express