ന്യൂഡല്‍ഹി: രാജ്യസുരക്ഷ, വിദേശ ബന്ധങ്ങള്‍, പൊതുകാര്യം എന്നിവയെ സംബന്ധിച്ച് വ്യാജപ്രചാരണങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് 16 യൂട്യൂബ് ചാനലുകള്‍ക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തി. 2021 ലെ ഐടി നിയമങ്ങൾ പ്രകാരം അടിയന്തര അധികാരങ്ങൾ ഉപയോഗിച്ചാണ് നടപടി. 10 ഇന്ത്യന്‍ ചാനലുകളും ആറ് പാകിസ്ഥാൻ അധിഷ്ഠിത ചാനലുകളും ബ്ലോക്ക് ചെയ്തവയില്‍ ഉള്‍പ്പെടുന്നു.
യുട്യൂബ് ചാനലുകള്‍ക്ക് പുറമെ ഒരു ഫെയ്സ്ബുക്ക് അക്കൗണ്ടും ബ്ലോക്ക് ചെയ്തിട്ടുണ്ട്. 68 കോടിയലധികം പ്രേക്ഷകരാണ് ഇവയ്ക്കുണ്ടായിരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ഇന്ത്യ ആസ്ഥാനമായുള്ള ചില യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ച കണ്ടന്റില്ർ ഒരു സമൂഹത്തിനെ തീവ്രവാദികളെന്ന് വിളിക്കുകയും വിവിധ മത സമുദായങ്ങളിലെ അംഗങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുകയും ചെയ്തതായാണ് കണ്ടെത്തല്‍.
സമൂഹത്തിനിടയില്‍ പരിഭ്രാന്തി സൃഷ്ടിക്കാൻ സാധ്യതയുള്ള സ്ഥിരീകരിക്കാത്ത വാർത്തകളും വീഡിയോകളും ഒന്നിലധികം ഇന്ത്യന്‍ യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ചതായും പ്രസ്താവനയില്‍ പറയുന്നു. കൊവിഡ് മൂലം രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗൺ പ്രഖ്യാപനവുമായി ബന്ധപ്പെട്ട തെറ്റായ വാര്‍ത്തകളാണ് പ്രധാനമായും ഉദാഹരണമായി കേന്ദ്രം ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യൻ സായുധ സേനയേയും ജമ്മു കശ്മീരും ഉള്‍പ്പെടെയുള്ള വിവിധ വിഷയങ്ങളിൽ വ്യാജ വാർത്തകൾ പാക്കിസ്ഥാന്‍ ആസ്ഥാനമായിട്ടുള്ള ഒന്നിലധികം യൂട്യൂബ് ചാനലുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് മന്ത്രാലയം ആരോപിക്കുന്നു. യുക്രൈനിലെ നിലവിലെ സാഹചര്യം സംബന്ധിച്ചും തെറ്റായ വിവരങ്ങള്‍ വിവിധ ചാനലുകളിലൂടെ പ്രചരിപ്പിച്ചിട്ടുള്ളതായും മന്ത്രാലയം കണ്ടെത്തി.
Also Read: ഉദ്യോഗസ്ഥകര്‍ക്ക് നേരെ ആക്രമണം; ജിഗ്നേഷ് മേവാനി വീണ്ടും അറസ്റ്റില്‍