ശ്രീനഗർ: ജമ്മു കശ്മീരിൽ സൈനിക താവളത്തിനു സമീപം സംശയകരമായ സാഹചര്യത്തിൽ ഡ്രോൺ കണ്ടെത്തി. ഇന്നു പുലർച്ചെ രത്നുചക്-കുഞ്ചവാനി പ്രദേശത്ത് മൂന്നു തവണയാണ് ഡ്രോൺ കണ്ടത്. പുലർച്ചെ 1.08 ന് രത്നുചക്കിലും പിന്നീട് 3.09 നും 4.19 നും കുഞ്ചവാനി പ്രദേശത്തും ഡ്രോൺ കണ്ടതായി വൃത്തങ്ങൾ പറയുന്നു. സംഭവത്തിനുപിന്നാലെ പ്രദേശമാകെ സൈന്യം വളഞ്ഞു. ഇതു സംബന്ധിച്ച് സൈനിക ഭാഗത്തുനിന്നും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല.
ഞായറാഴ്ച രാത്രി കലുചക്-രത്നുചക് പ്രദേശത്ത് ഡ്രോണുകൾ കണ്ടതായി തിങ്കളാഴ്ച സൈന്യം അറിയിച്ചിരുന്നു. ”സൈനികരുടെ ജാഗ്രതയും സജീവവുമായ സമീപനമാണ് ഒരു വലിയ ഭീഷണി തടഞ്ഞത്. സുരക്ഷാ സേന അതീവ ജാഗ്രതയിലാണ്, തിരച്ചിൽ പുരോഗമിക്കുന്നു,” ആർമി പിആർഒ ലഫ്.കേണൽ ദേവേന്ദർ ആനന്ദ് പറഞ്ഞു.
Read More: ‘ഒരു രാജ്യം, ഒരു റേഷൻ കാർഡ്’ പദ്ധതി ജൂലൈ 31 നകം നടപ്പാക്കണം: സുപ്രീം കോടതി
ജമ്മുവിൽ വ്യോമസേന താവളത്തിൽ സ്ഫോടനം ഉണ്ടായതിനുപിന്നാലെയാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഡ്രോൺ ഉപയോഗിച്ചായിരിക്കാം സ്ഫോടനം നടത്തിയതെന്ന് സൈന്യം സംശയിക്കുന്നുണ്ട്. സ്ഫോടകവസ്തുക്കൾ നിറച്ച 2 ഡ്രോണുകൾ ഉപയോഗിച്ചാണ് വ്യോമതാവളത്തിൽ ആക്രമണം നടത്തിയതെന്നും സംഭവത്തിൽ രണ്ടുപേർക്ക് പരുക്കേറ്റതായും കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും വൃത്തങ്ങൾ അറിയിച്ചു.
പാക്കിസ്ഥാനിൽ നിന്ന് ജമ്മു കശ്മീരിലേക്കും പഞ്ചാബിലേക്കും പറക്കുന്ന യന്ത്രങ്ങളിലൂടെ ആയുധങ്ങളും നിരോധിത വസ്തുക്കളും ഉപയോഗിച്ച് വ്യോമാക്രമണം നടത്തുന്നത് പുതിയ സംഭവമല്ല, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഇത്തരം നിരവധി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എങ്കിലും, ജമ്മു നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെടുന്നത് ആശ്ചര്യകരമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ചത്തെ ആക്രമണത്തിൽ നിയമവിരുദ്ധ പ്രവർത്തന നിരോധന നിയമപ്രകാരം (യുഎപിഎ) പൊലീസ് കേസെടുത്തിട്ടുണ്ട്. എൻഐഎയ്ക്ക് കേന്ദ്രസർക്കാർ അന്വേഷണം കൈമാറിയിട്ടുണ്ട്. എൻഐഎയുടെയും ദേശീയ സുരക്ഷാ ഗാർഡിന്റെയും (എൻഎസ്ജി) ബോംബ് നിർമാർജന സംഘവും ഞായറാഴ്ച മുതൽ ജമ്മുവിലുണ്ട്. പൊലീസും സുരക്ഷാ സേനയും വ്യോമസേനാ താവളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിൽ തിരച്ചിൽ നടത്തുന്നുണ്ട്.