ന്യൂഡൽഹി: ഔട്ട് ഡോർ കായിക മത്സരങ്ങളുടെ ഭാഗമായി സ്റ്റേഡിയത്തില്‍ 50 ശതമാനം ആള്‍ക്കാരെ പ്രവേശിപ്പിക്കാമെന്ന് കേന്ദ്ര കായിക മന്ത്രാലയം. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കായിക മത്സരങ്ങള്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗരേഖ കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കി. സംസ്ഥാന സർക്കാരുകൾക്ക് അവരുടെ സ്വന്തം വിലയിരുത്തലുകൾ അനുസരിച്ച് എണ്ണം കുറയ്ക്കാമെന്നും മാർഗ രേഖയിൽ പറയുന്നു.
ബന്ധപ്പെട്ട സംഘാടക സമിതി മത്സരങ്ങൾക്കായി “കോവിഡ് ടാസ്ക് ഫോഴ്സ്” രൂപീകരിക്കണമെന്നും മാർഗ രേഖ ആവശ്യപ്പെടുന്നു. സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്ന കായിക താരങ്ങളെയും അവരോട് ഒപ്പമുള്ളവരെയും ടാസ്ക് ഫോഴ്സ് നിരീക്ഷിക്കണം. കായിക താരത്തിന്റെ യാത്ര ഉള്‍പ്പടെയുള്ള കാര്യങ്ങളും ടാസ്ക് ഫോഴ്സിന്റെ ഉത്തരവാദിത്തമാണ്.
കായിക താരങ്ങൾക്കോ അവർക്ക് ഒപ്പമുള്ളവർക്കോ കോവിഡ് ലക്ഷണങ്ങൾ ഉണ്ടാകുകയാണെങ്കിൽ ബന്ധപ്പെടാനായി പ്രത്യേക ഡെസ്ക് രൂപീകരിക്കാനും മാർഗരേഖയിൽ പറയുന്നു.
അത്യാവശ്യമല്ലെങ്കിൽ കായിക താരങ്ങൾ ഫിസിയോ തെറാപ്പികളും മസാജിങ്ങുകളും ഒഴിവാക്കാനും നിർദേശമുണ്ട്. സ്റ്റേഡിയത്തിനുള്ളില്‍ മാസ്കുകള്‍ നിര്‍ബന്ധം. സാമൂഹിക അകലം ഉറപ്പാക്കണം. കഴിവതും ആറടി അകലം ഉറപ്പാക്കണം എന്നാണ് കായിക മന്ത്രാലയം പുറത്തിറക്കിയിരിക്കുന്ന മാര്‍ഗ്ഗരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ ഇത് മത്സര സമയത്ത് ബാധകമായിരിക്കില്ല.
സ്റ്റേഡിയത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് കായിക താരം ഉള്‍പ്പടെ എല്ലാവര്ക്കും തെര്‍മല്‍ പരിശോധന നിര്‍ബന്ധമായിരിക്കും. മത്സരത്തിന്റെ വലുപ്പവും രോഗ വ്യാപന സാധ്യതയും കണക്കിലെടുത്ത് മത്സരം ആരംഭിക്കുന്നതിന് 72 മണിക്കൂറിന് ഉള്ളില്‍ കായിക താരങ്ങള്‍ക്ക് ആര് ടി – പി സി ആര് ടെസ്റ്റ് നടത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും മാര്‍ഗ്ഗ രേഖയില്‍ നിര്‍ദേശിച്ചിട്ടുണ്ട്. ടെസ്റ്റില്‍ നെഗറ്റീവ് ആകുന്നവരെ മാത്രമേ മത്സരത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കാവൂ എന്നാണ് മാര്‍ഗ്ഗരേഖയില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കണ്ടൈന്‍മെന്റ് സോണില്‍ നിന്നുള്ള കായിക താരങ്ങള്‍ക്ക് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കരുത്.