ഇസ്ലാമാബാദ്: പാക് ചാര സംഘടനയായ ഐഎസ്ഐക്ക് ഭീകരരുമായി ബന്ധമുണ്ടെന്ന് മാധ്യമവക്താവ് സമ്മതിച്ചു. ഇത്തരത്തിലുള്ള എല്ലാ സംഘടനകൾക്കും എല്ലാ മേഖലയിലും രഹസ്യബന്ധങ്ങളുണ്ടാകുമെന്നും എന്നാലിതിനെ പിന്തുണയായി കണക്കാക്കേണ്ടതില്ലെന്നും ഡയറക്ടർ ജനറൽ മേജർ ആസിഫ് ഗഫൂർ പറഞ്ഞു.

യുഎസ് പ്രതിരോധ സെക്രട്ടറി ജയിംസ് മാറ്റിസിന്റെ വിമർശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.  പാക് ചാരസംഘടനയായ ഐഎസ്ഐക്ക് ഭീകര ബന്ധമുണ്ടെന്നായിരുന്നു മാറ്റിസ് പറഞ്ഞത്. ഐഎസ്ഐ ഭീകരരെ പിന്തുണയ്ക്കുന്നതായി മാറ്റിസ് പറഞ്ഞിട്ടില്ലെന്ന് ആസിഫ് ഗഫൂർ ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്ഥാനിൽ ഭീകരരെ എതിരിടാൻ പാക്കിസ്ഥാൻ തയ്യാറാകാത്തതാണ് ലോകരാഷ്ട്രങ്ങൾക്കിടയിൽ അതൃപ്തി സൃഷ്ടിച്ചിരിക്കുന്നത്. പാക്കിസ്ഥാനാണ് അഫ്ഗാനിസ്ഥാനുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന ഒരു രാജ്യം. പാക്കിസ്ഥാനെ കൂടി ദൗത്യത്തിന്റെ ഭാഗമാക്കാനുള്ള അവസാന ശ്രമത്തിലാണ് തങ്ങളെന്ന് കഴിഞ്ഞ ദിവസം ജയിംസ് മാറ്റിസ് പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ