ന്യൂഡൽഹി: എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരു പൊതു അജണ്ടയിൽ ഒരുമിച്ച് കൊണ്ടുവരാനും ബിജെപിക്കെതിരെ പോരാടാനും ലക്ഷ്യമിട്ട് എല്ലാ പ്രതിപക്ഷ തലവൻമാരുമായി സംസാരിക്കുകയാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. ദി ഇന്ത്യൻ എക്സ്പ്രസിന്റെ ഐഡിയ എക്സ്‌ചേഞ്ച് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ എന്നിവരുമായി സംസാരിച്ചു കഴിഞ്ഞു. ഭരണ പാർട്ടിയായ ബിജെപിക്കെതിരെ പോരാടാനുള്ള നീക്കത്തിൽ ഓരോ പാർട്ടിയും കൈകോർക്കണമെന്ന് അവരെ ബോധ്യപ്പെടുത്താനാണ് ശ്രമമെന്നും അദ്ദേഹം വ്യക്തമാക്കി.
”പാർലമെന്റിന് പുറത്ത് പോലും നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാനാണ് ശ്രമിക്കുന്നത്. പാർട്ടിയിലെ എല്ലാ ഉന്നത നേതാക്കളുമായും ഞാൻ സംസാരിക്കുകയാണ്. രണ്ട് മൂന്ന് നേതാക്കളുമായി ഇതിനകം ചർച്ചകൾ നടത്തിയിട്ടുണ്ട്. ഉദാഹരണത്തിന്, ബിഹാർ മുഖ്യമന്ത്രിയുമായി ഞാൻ സംസാരിച്ചു. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി, പ്രത്യേകിച്ച് ബിജെപിക്കെതിരെ പോരാടാനായി എല്ലാവരും ഒരുമിച്ച് നിൽക്കേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഞാൻ പറഞ്ഞു. ഞാൻ സ്റ്റാലിൻജിയോട് സംസാരിച്ചു. അദ്ദേഹവും സമ്മതിച്ചു,” ഖാർഗെ പറഞ്ഞു.
ഉദ്ധവ് താക്കറെയോടും സംസാരിച്ചു. എല്ലാ പാർട്ടി നേതാക്കളിലും എത്താൻ ഞങ്ങൾ ശ്രമിക്കും, ബിജെപിക്കെതിരെ ഞങ്ങൾ ഒരുമിച്ചു ചേരും. എല്ലാ രാഷ്ട്രീയ പാർട്ടികളും ജനാധിപത്യത്തെയും സ്ഥാപനങ്ങളെയും, പ്രത്യേകിച്ച് ഭരണഘടനയെയും (നമുക്ക്) സംരക്ഷിക്കണം എന്ന വിഷയത്തിൽ ഒരുമിച്ചിരിക്കുന്നു. ഞങ്ങൾ തീർച്ചയായും അവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കും. ആർക്കെങ്കിലും ബോധ്യപ്പെട്ടില്ലെങ്കിൽ, അത് മറ്റൊരു കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.