ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിച്ച സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും തമ്മിലുള്ള അകല്‍ച്ച പൂര്‍ണമായി. ഒരിക്കലും അടുക്കാന്‍ സാധിക്കാത്ത വിധം സഖ്യം അകന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഭാവിയില്‍ വരുന്ന എല്ലാ തിരഞ്ഞെടുപ്പുകളിലും ബിഎസ്‌പി തനിച്ച് മത്സരിക്കുമെന്ന് അധ്യക്ഷ മായാവതി അറിയിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തോട് പൂര്‍ണമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. അഖിലേഷ് യാദവും എസ്‌പിയും സ്വീകരിച്ചു പോന്നിരുന്ന ബിഎസ്‌പി വിരുദ്ധ, ദലിത് വിരുദ്ധ നിലപാടുകള്‍ മറക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബന്ധം പിരിയേണ്ട അവസ്ഥയാണെന്നും മായാവതി പറഞ്ഞു.
Read Also: ‘പിരിയാന്‍ വേണ്ടി ഒന്നിച്ചവര്‍’; എസ്.പിയുമായുള്ള സഖ്യം ഉപേക്ഷിക്കാൻ ബി.എസ്.പി
തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ അഖിലേഷ് യാദവിനെ വിമര്‍ശിച്ച് മായാവതി രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം ഒരിക്കല്‍ പോലും അഖിലേഷ് യാദവ് തിരഞ്ഞെടുപ്പ് സംബന്ധമായ കാര്യങ്ങളൊന്നും തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ഫോണ്‍ വിളിച്ച് കാര്യങ്ങള്‍ തിരക്കിയില്ലെന്നും മായാവതി കുറ്റപ്പെടുത്തി.
മഹാസഖ്യം തകര്‍ന്നടിഞ്ഞ ശേഷം ഒരു ഫോണ്‍ കോള്‍ പോലും അഖിലേഷ് ചെയ്തില്ല. ബിഎസ്‌പി ജനറല്‍ സെക്രട്ടറി സതീഷ് മിശ്ര അടക്കമുള്ളവര്‍ അഖിലേഷിനോട് തന്നെ വിളിക്കാന്‍ പറഞ്ഞിരുന്നു. എന്നാല്‍ അഖിലേഷ് അത്തരം നിര്‍ദേശങ്ങളെല്ലാം തള്ളി. പിന്നീട് താന്‍ അഖിലേഷിനെ അങ്ങോട്ട് വിളിക്കുകയായിരുന്നെന്നും മായാവതി പറഞ്ഞു.
Read Also: ‘മോദിയെ കണ്ടു, ഷായെ കാണും’; ബിജെപിയുടെ ‘കുട്ടി’യാകാന്‍ അബ്ദുള്ളക്കുട്ടി
മുലായം സിങ് യാദവിനെതിരെയും മായാവതി വിമര്‍ശനമുന്നയിച്ചു. പഴയ കേസുകളില്‍ തന്നെ കുടുക്കാന്‍ മുലായം ശ്രമിച്ചെന്ന് മായാവതി തുറന്നടിക്കുകയായിരുന്നു. അഖിലേഷുമായുള്ള ബന്ധം തല്‍ക്കാലത്തേക്ക് ഉപേക്ഷിക്കുകയാണെന്ന് മായാവതി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു ശേഷം പറഞ്ഞിരുന്നു.
11 അസംബ്ലി സീറ്റുകളിലേക്കാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 11 എംഎല്‍എമാര്‍ രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഒന്‍പത് പേര്‍ ബിജെപി എംഎല്‍എമാരും ഓരോ എസ്‌പി, ബിഎസ്‌പി എംഎല്‍എമാരുമാണുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ ബിജെപി 62 സീറ്റുകളും നേടിയപ്പോള്‍ മഹാസഖ്യത്തിന് പ്രതീക്ഷ അത്ര നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ആകെ 15 സീറ്റുകളാണ് ബിഎസ്‌പി-എസ്‌പി മഹാസഖ്യത്തിന് നേടാനായത്. അതില്‍ 10 സീറ്റുകളും ബിഎസ്‌പിക്കാണ്. സമാജ്‌വാദി പാര്‍ട്ടിക്ക് ഒരു അഞ്ച് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.