ന്യൂഡല്‍ഹി: ദിവസങ്ങള്‍ക്ക് മുമ്പാണ് ശശി തരൂരിനെതിരായ ആരോപണങ്ങള്‍ കുത്തിപ്പൊക്കി പുതിയൊരു ചാനല്‍ രംഗത്തെത്തിയത്. സുനന്ദ പുഷ്കറിന്റെ മരണവുമായി ബന്ധപ്പെട്ട നിര്‍ണായക വെളിപ്പെടുത്തല്‍ എന്ന് ചാനല്‍ മേധാവി അര്‍ണാബ് ഗോസ്വാമി അവകാശപ്പെട്ടെങ്കിലും വാര്‍ത്ത വലിയ ചലനങ്ങളൊന്നും സൃഷ്ടിച്ചില്ല. സുനന്ദ പുഷ്കര്‍ മരിച്ച് വര്‍ഷങ്ങളായെങ്കിലും അന്നൊന്നും നടത്താതിരുന്ന വെളിപ്പെടുത്തല്‍ ഇപ്പോള്‍ നടത്തിയതിന് പിന്നില്‍ ചാനലിന്റെ റേറ്റിംഗ് ഉയര്‍ത്തുക എന്ന ലക്ഷ്യം മാത്രമായിരുന്നുവെന്ന് വ്യാപകമായി വിമര്‍ശനം ഉയര്‍ന്നു.

തനിക്കെതിരായ ആരോപണത്തിന് മറുപടിയുമായി തരൂരും രംഗത്തെത്തിയിരുന്നു. റേറ്റിംഗ് കൂട്ടാന്‍ വേണ്ടി ഒരു മൂന്നാം കിട മാധ്യമം ഒരു ദുരന്തത്തെ ആഘോഷിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. അര്‍ണബിനെതിരെ ശശി തരൂര്‍ ഉപയോഗിച്ച ‘ഫരാഗോ’ (farrago) വാക് പ്രയോഗവും രാജ്യം മുഴുവന്‍ ചര്‍ച്ചയായി. എന്നാല്‍ ഫരാഗോ എന്ന വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയവരെ കണ്ട് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷ്ണറി അധികൃതരും ഞെട്ടിയെന്നാണ് പുതിയ വിവരം. ട്വിറ്ററിലൂടെയാണ് ഓക്സ്ഫോര്‍ഡ് ഇത് സംബന്ധിച്ച് വ്യക്തമാക്കിയിരിക്കുന്നത്.

ഫരാഗോ എന്ന വാക്കുള്ള ട്വീറ്റിന്റെ അര്‍ത്ഥം കണ്ടുപിടിക്കാന്‍ പലര്‍ക്കും കഴിയാതെവന്നിരുന്നു. അത്രയൊന്നും പരിചയമല്ലാത്ത ഫരാഗോയുടെ അര്‍ത്ഥം പല ഡിക്ഷണറികളിലായി ആളുകള്‍ തിരയുകയായിരുന്നു. ഓക്‌സ്‌ഫോര്‍ഡിന്റെ ഡിക്ഷണറിയിലും ഫരാഗോ ആളുകള്‍ തിരഞ്ഞു.

അന്നേ ദിവസം ആ വാക്കിന്റെ അര്‍ത്ഥം തേടിയെത്തിയ ആളുകളുടെ എണ്ണം കണ്ട് അമ്പരക്കുകയായിരുന്നുവെന്ന് ഓക്‌സ്‌ഫോര്‍ഡ് അധികൃതര്‍ പറയുന്നു. സങ്കരം, സമ്മിശ്ര പദാര്‍ഥം എന്നലെല്ലാമാണ് ഫരാഗോയുടെ അര്‍ത്ഥം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook