ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദ്ദിച്ചതിന്‍റെ പേരില്‍ വിവാദത്തിലായ ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദിനെ വിടാതെ പിന്തുടര്‍ന്ന് വിമാനകമ്പനികള്‍. എയര്‍ ഇന്ത്യയ്ക്കും ഇന്‍ഡിഗോ വിമാന കമ്പനിക്കും പിന്നാലെ സ്പൈസ് ജെറ്റും എംപിയുടെ ടിക്കറ്റ് റദ്ദാക്കി.

ഏപ്രില്‍ 3ന് പൂനെയില്‍ നിന്നും അഹമ്മദാബാദിലേക്കുള്ള വിമാനത്തിനാണ് ഗെയ്ക്ക്‌വാദ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നത്. എന്നാല്‍ സ്പൈസ്ജെറ്റ് ഇത് റദ്ദാക്കുകയായിരുന്നു. വിമാനജീവനക്കാരനോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ അടക്കം നാല് വിമാന കമ്പനികള്‍ എംപിയെ യാത്ര ചെയ്യുന്നതില്‍ നിന്ന് വിലക്കിയിരുന്നു.

എഫ്ഐഎ (ഫെഡറേഷന്‍ ഓഫ് ഇന്ത്യ എയര്‍ലൈന്‍സ്) ഇതിനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. എഫ്ഐഎയില്‍ അംഗങ്ങളായ ഇന്‍ഡിഗോ, സ്പൈസ് ജെറ്റ്, ജെറ്റ് എയര്‍വെയ്സ്, ഗോ എയര്‍ എന്നീ കമ്പനികള്‍ എഫ്ഐഎയില്‍ അംഗങ്ങളാണ്.

കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കിയതിനെ തുടര്‍ന്ന് എംപി പേരുമാറ്റി വിമാന ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ വിമാന കമ്പനികള്‍ ടിക്കറ്റ് റദ്ദാക്കുകയും ചെയ്‍തു.

എയര്‍ ഇന്ത്യയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ മര്‍ദ്ദിനച്ചതിനെത്തുടര്‍ന്ന് ആഭ്യന്തര വിമാന കമ്പനികള്‍ ഗെയ്ക്ക്വാദിനെ യാത്രചെയ്യുന്നതില്‍നിന്ന് വിലക്കിയിരുന്നു. ഗെയ്ക്ക്വാദിനെതിരെ പൊലീസ് കേസും രജിസ്‍റ്റര്‍ ചെയ്‍തിരുന്നു. ഇതിനുശേഷം ഈ ആഴ്‍ച ആദ്യമാണ് ഒരു ശിവ സേനാ നേതാവ് എയര്‍ ഇന്ത്യയുടെ കോള്‍ സെന്‍ററിലേക്ക് വിളിച്ച് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. രവീന്ദ്ര ഗെയ്‍ക്ക്വാദ് എന്ന് പേര് നല്‍കിയാണ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ ടിക്കറ്റ് റദ്ദാക്കപ്പെട്ടു.

പിന്നീട് ഹൈദരാബാദില്‍നിന്ന് ഡല്‍ഹിയിലേക്ക് പ്രൊഫസര്‍ വി രവീന്ദ്ര ഗെയ്ക്ക്വാദ് എന്ന പേരില്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. മൂന്നാമത്തെ തവണ പ്രൊഫസര്‍ രവീന്ദ്ര ഗെയ്ക്ക്വാദ് എന്ന പേരില്‍ ടിക്കറ്റെടുക്കാന്‍ ശ്രമിച്ചപ്പോഴും വിജയിച്ചില്ല. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു എംപിയെ ഈ രീതിയില്‍ വിമാന കമ്പനികള്‍ വിലക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook