ന്യൂഡൽഹി: എസ്പിജി നിയമഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചത്. ബിൽ ഗാന്ധി കുടുംബത്തിനെതിരായ രാഷ്ട്രീയ പകരം വീട്ടലാണെന്ന് ആരോപിച്ച് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുളള പ്രതിപക്ഷം സഭ ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി.
ബിൽ രാജ്യസഭയും അംഗീകരിച്ചതോടെ പ്രധാനമന്ത്രിക്കും അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിൽ താമസിക്കുന്ന അടുത്ത കുടുംബാംഗങ്ങൾക്കും മാത്രമായിരിക്കും ഇനി മുതൽ എസ്പിജി സുരക്ഷ ലഭിക്കുക. ബിൽ നേരത്തെ ലോക്സഭയിൽ പാസാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് അടക്കമുളള പ്രതിപക്ഷ അംഗങ്ങൾ സഭയിൽനിന്ന് ഇറങ്ങിപ്പോയിരുന്നു.
ഗാന്ധി കുടുംബത്തെ മാത്രം കണ്ടുകൊണ്ടല്ല ഈ ഭേദഗതി കൊണ്ടുവന്നത്. പക്ഷേ, മുൻപത്തെ നാലു ഭേദഗതികൾ ചെയ്തത് ഒരു കുടുംബത്തെ മാത്രം മനസിൽ വച്ചുകൊണ്ടാണെന്ന് എനിക്ക് ഉറപ്പിച്ചു പറയാൻ കഴിയുമെന്നും ഷാ പറഞ്ഞു. നിലവിലെ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അഞ്ചു വർഷത്തിനുശേഷം വീണ്ടും അധികാരത്തിലെത്തിയില്ലെങ്കിൽ എസ്പിജി അനുസരിച്ചുളള സുരക്ഷ അദ്ദേഹത്തിനും നഷ്ടമാകുമെന്നും പറഞ്ഞു.
Read Also: എന്താണ് എസ്.പി.ജി? സുരക്ഷ ലഭിക്കുന്നത് ആര്‍ക്കെല്ലാം?
മൻമോഹൻ സിങ്ങിന്റെയും മറ്റ് ഗാന്ധി ഇതര കുടുംബാംഗങ്ങളുടെയും എസ്പിജി സുരക്ഷ പിൻവലിച്ചപ്പോൾ പ്രതിഷേധിക്കാത്തതിൽ അദ്ദേഹം കോൺഗ്രസിനെ വിമർശിച്ചു. മുൻ പ്രധാനമന്ത്രിമാരുടെ കുടുംബാംഗങ്ങളുടെ സുരക്ഷ പിൻവലിച്ചപ്പോൾ കോൺഗ്രസ് പ്രതിഷേധിക്കാത്തത് എന്തുകൊണ്ടാണെന്ന് ഷാ ചോദിച്ചു. മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ സുരക്ഷ പിൻവലിച്ചപ്പോൾ കോൺഗ്രസ് പരാതി നൽകിയതായി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് ആഭ്യന്തരമന്ത്രിയുടെ ചോദ്യത്തിന് മറുപടി കൊടുത്തു. സമ്പ്രദായവും പ്രതിഷേധവും തമ്മിൽ വ്യത്യാസമുണ്ടെന്നായിരുന്നു ഷായുടെ മറുപടി.
പ്രിയങ്ക ഗാന്ധിയുടെ വീട്ടിലെ സുരക്ഷാ വീഴ്ചയെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്താൻ ഉത്തരവിട്ടതായും സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ സസ്പെൻഡ് ചെയ്തതായും അമിത് ഷാ രാജ്യസഭയിൽ അറിയിച്ചു. നവംബര്‍ 26ന് കാറിലെത്തിയ അഞ്ചംഗ സംഘം പ്രിയങ്കയുടെ വീട്ടിലേക്ക് കാറോടിച്ച് കയറ്റുകയായിരുന്നു. സംഘം വീടിന്റെ ഫോട്ടോയെടുത്തതായും പ്രിയങ്കയുടെ ഓഫീസ് വ്യക്തമാക്കിയിരുന്നു.