ന്യൂഡല്‍ഹി: പട്ടിക ജാതി പട്ടികവര്‍ഗ (പീഡന വിരുദ്ധ) നിയമം ദുര്‍ബലപ്പെടുത്തുന്നതായ് ആരോപിച്ചുകൊണ്ട് ദലിത് സംഘടനകള്‍ നടത്തിയ ഭാരത്‌ ബന്ദിന് നാല് ദിവസം ഇപ്പുറം ദലിതരുടെ വിശ്വാസം വീണ്ടെടുക്കണം എന്ന് ബിജെപി എംപിമാര്‍ക്ക് പ്രധാനമന്ത്രിയുടെ ഉപദേശം. ദലിതര്‍ അധികമുള്ള ഗ്രാമങ്ങളില്‍ ചെന്ന് കുറഞ്ഞത് രണ്ട് ദിവസമെങ്കിലും താമസിക്കുവാനും അവരുടെ വിശ്വാസം വീണ്ടെടുക്കുവാനുമാണ് നരേന്ദ്ര മോദി ബിജെപി എംപിമാരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

ബിജെപിയുടെ മുപ്പത്തിയെട്ടാം സ്ഥാപക ദിനവുമായി ബന്ധപ്പെട്ട പരിപാടിക്കിടയില്‍ സംവരണ നയത്തോടൊപ്പമാണ് പാര്‍ട്ടി എന്ന അമിത് ഷായുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ ഉപദേശം. ” അംബേദ്‌കര്‍ ജന്മദിനമായ ഏപ്രില്‍ 14നും മേയ് 5നും ഇടയില്‍ പാര്‍ട്ടി എംപിമാര്‍ രണ്ട് ദിവസമെങ്കിലും ദലിത് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കണം എന്നാണ് പ്രധാനമന്ത്രിയുടെ നിർദേശം. ഓരോരുത്തര്‍ക്കും ഒരു ഗ്രാമം വച്ചെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ് എന്ന് പറഞ്ഞ ബിജെപി എംപി “അത്തരത്തില്‍ 20,000 ഗ്രാമങ്ങള്‍ എങ്കിലും ഉണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞതായും കൂട്ടിച്ചേര്‍ത്തു.

അംബേദ്‌കര്‍ മരിച്ച അലിപൂര്‍ റോഡിലെ 26-ാം നമ്പര്‍ വീട് അംബേദ്‌കര്‍ ജയന്തിക്ക് മുന്നോടിയായി ഏപ്രില്‍ 13ന് രാജ്യത്തിന് സമര്‍പ്പിക്കും എന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞിരുന്നു. ദലിതരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിനായുള്ള നടപടിയുടെ ഭാഗമാണ് ഇതെന്ന് കണക്കാക്കുന്നു. 2014ല്‍ ബിജെപി അധികാരത്തിലേറിയത് മുതല്‍ വര്‍ദ്ധിച്ച ദലിത് രോഷത്തെ അംബേദ്‌കറിനെ മുന്‍നിര്‍ത്തി പ്രതിരോധിക്കാം എന്നാണ് പാര്‍ട്ടിയുടെ കണക്കുകൂട്ടല്‍.

ബിജെപിക്കെതിരായ പ്രതിപക്ഷ പാര്‍ട്ടികളുടെ വിമര്‍ശനത്തിന് കാരണം ഏറ്റവും കൂടുതല്‍ പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെ തിരഞ്ഞെടുപ്പില്‍ ജയിപ്പിച്ചത് ബിജെപി ആണ് എന്നുള്ളത് കൊണ്ടാണ് എന്നാണ് വെള്ളിയാഴ്ച തന്റെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പാര്‍ട്ടി അണികളോട് ഇടപെട്ട പ്രധാനമന്ത്രി പറഞ്ഞത്.

മാര്‍ച്ച് 20ന് പുറത്തുവന്ന പട്ടിക ജാതി പട്ടികവര്‍ഗ (പീഡന വിരുദ്ധ) നിയമം ദുര്‍ബലപ്പെടുത്തുന്ന സുപ്രീംകോടതി വിധിയില്‍ പുനഃപരിശോധനാ ഹര്‍ജി വൈകിപ്പിച്ചു എന്ന വിമര്‍ശനവും ബിജെപിക്ക് നേരെ ഉയരുകയുണ്ടായി. പിന്നീട് ദലിത് സംഘടനകള്‍ രാജവ്യാപകമായി നടത്തിയ പ്രതിഷേധങ്ങള്‍ക്കും ഭാരത ബന്ദിനും ശേഷമാണ് തിങ്കളാഴ്ച കേന്ദ്ര സര്‍ക്കാര്‍ പുനഃപരിശോധനാ ഹര്‍ജി സമര്‍പ്പിച്ചത്. ദലിത് പ്രക്ഷോഭകര്‍ക്ക് നേരെ നടന്ന പൊലീസ് വെടിവയ്പില്‍ പത്ത് പേര്‍ മരിച്ചിരുന്നു.

2014ല്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തു എന്ന് കണക്കാക്കുന്ന ദലിതരെ വീണ്ടും ആകര്‍ഷിക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമാണ് പുതിയ നീക്കങ്ങള്‍. ഏപ്രില്‍ 11ന് ദലിത് ആത്മാഭിമാനത്തിന്റെ ചിഹ്നമായി കണക്കാക്കുന്ന ജ്യോതിറാവു ഫൂലെയുടെ ജന്മദിനം ആഘോഷിക്കുവാനും പാര്‍ട്ടി എംപികള്‍ക്ക് ബിജെപി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ