ശ്രീനഗര്‍: ജമ്മു കശ്മീരിലെ പുല്‍വാമയില്‍ ഭീകരര്‍ പൊലീസ് ഉദ്യോഗസ്ഥനെയും ഭാര്യയെയും വെടിവച്ചു കൊലപ്പെടുത്തി. സ്പെഷൽ പൊലീസ് ഓഫീസര്‍ ഫയാസ് അഹമ്മദും ഭാര്യയുമാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകള്‍ക്ക് ആക്രമണത്തില്‍ പരുക്കേറ്റിട്ടുണ്ട്.
ഇന്നലെ രാത്രി 11 മണിയോടെയാണ് സംഭവം. ഫയാസിന്റെ ഹരിപരിഗാം അവന്തിപോരയിലെ വീട്ടില്‍ ഭീകരര്‍ അതിക്രമിച്ച് കയറി വെടിവയ്ക്കുകയായിരുന്നു.
വെടിവയ്പില്‍ ഗുരുതര പരുക്കേറ്റ ഫയാസിനെയും ഭാര്യയെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരുടെ മകള്‍ റാഫിയ ശ്രീനഗറിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
സംഭവസ്ഥലം പൊലീസ് നിയന്ത്രണത്തിലാണ്. ആക്രമണം നടത്തിയവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്.
Also Read: ജമ്മു സ്ഫോടനം: ഡ്രോണുകള്‍ അയച്ചത് ഇന്ത്യയില്‍ നിന്നെന്ന് സംശയം