ന്യൂഡല്‍ഹി: സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹത്തിന് അപേക്ഷിച്ചവരുടെ വിവരങ്ങളടങ്ങിയ നോട്ടീസ് പൊതുയിടങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതിനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. മലയാളിയായ ആതിര ആര്‍ മേനോന്‍ സമര്‍പ്പിച്ച ഹര്‍ജി സാങ്കേതിക കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണു തള്ളിയത്.
1954ലെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരമുള്ള വിവാഹത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള വ്യവസ്ഥയടക്കം ചട്ടങ്ങളില്‍ ചോദ്യം ചെയ്തുള്ളതായിരുന്നു ഹര്‍ജി. വിവാഹ അപേക്ഷകരുടെ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തുന്നത് സ്വകാര്യതയുടെ ലംഘനമാണെന്നു ഹർജിക്കാരി ചൂണ്ടിക്കാട്ടി. എന്നാൽ വിഷയത്തിൽ പൊതുതാൽപ്പര്യ ഹർജി മുഖേനെ ഇടപെടാൻ ഇപ്പോൾ ആഗ്രഹിക്കുന്നില്ലെന്നു കോടതി വ്യക്തമാക്കി.
ഹര്‍ജിയില്‍ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്നത് അവ്യക്തമാണെന്നു ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരിയും ബേല എം ത്രിവേദിയും വാദത്തിനിടെ പറഞ്ഞു. നിയമത്തിലെ വ്യവസ്ഥകൾ ഹർജിക്കാരിയെ എങ്ങനെയാണു ബാധിക്കുന്നതെന്നു കോടതി ചോദിച്ചു.
ഹരജിക്കാരി മറ്റൊരു മതത്തില്‍ നിന്നുള്ളയാളെ സ്‌പെഷല്‍ മാരേജ് ആക്ട് പ്രകാരം വിവാഹം കഴിച്ചയാളാണെന്നു മുതിര്‍ന്ന അഭിഭാഷകന്‍ രവിശങ്കര്‍ ജന്ധ്യാല കോടതിയെ ബോധിപ്പിച്ചു. അപ്പോഴാണ് ഇതൊരു പൊതുതാല്‍പ്പര്യ ഹര്‍ജിയായി മാറുമെന്നു കോടതി പറഞ്ഞത്.
സ്‌പെഷല്‍ മാരേജ് നിയമത്തിലെ 6 (2), 6(3) (വിവാഹത്തിന്റെ നോട്ടിസ് പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ടതാണ് ഇരു വ്യവസ്ഥകളും), 7 (വിവാഹത്തോടുള്ള എതിര്‍പ്പ്), 8 (എതിര്‍പ്പ് സ്വീകരിക്കുന്നതിനുള്ള നടപടിക്രമം) 9 (എട്ടാം വകുപ്പ് പ്രകാരമുള്ള അന്വേഷണം കൈകാര്യം ചെയ്യുന്ന പരിധി), 10 (മാര്യേജ് ഓഫിസര്‍ എതിര്‍പ്പ് സ്വീകരിക്കുന്നതിനുള്ള നടപടിക്രമം) എന്നിവ പ്രത്യേകമായി ചോദ്യം ചെയ്തുകൊണ്ടായിരുന്നു ഹര്‍ജി.
നിയമത്തിലെ മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ഇന്ത്യന്‍ ഭരണഘടനയുടെ 14, 15, 21 അനുച്‌ഛേദങ്ങള്‍ പ്രകാരമുള്ള പൗരന്മാരുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നു ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. ഈ വ്യവസ്ഥകള്‍ വിവാഹത്തെ എതിര്‍ക്കാന്‍ മറ്റു വ്യക്തികളെ അനുവദിക്കുകയും വിവാഹ ഓഫീസര്‍ക്ക് അത് പരിശോധിക്കാന്‍ അധികാരം നല്‍കുകയും ചെയ്യുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
”വിവാഹത്തിന്റെ 30 ദിവസത്തിനു മുമ്പ്, വിവാഹം കഴിക്കുന്ന വ്യക്തികള്‍ സ്വകാര്യ വിശദാംശങ്ങള്‍ പരസ്യപ്പെടുത്തണം. പൊതു പരിശോധനയ്ക്കായി ലഭ്യമാക്കുകയും വേണം. വിവാഹത്തെക്കുറിച്ചുള്ള എതിര്‍പ്പുകള്‍ സമര്‍പ്പിക്കാനും അത്തരം എതിര്‍പ്പുകള്‍ അന്വേഷിക്കാന്‍ വിവാഹ ഓഫീസര്‍ക്ക് അധികാരം നല്‍കാനും വ്യവസ്ഥകള്‍ അനുവദിക്കുന്നു,” ഹര്‍ജിക്കാരി ചൂണ്ടിക്കാട്ടി. 1955ലെ ഹിന്ദു വിവാഹ നിയമത്തിലും ഇസ്ലാം വ്യവസ്ഥയിലെ ആചാര നിയമങ്ങളിലും വിവാഹത്തിന് മുമ്പുള്ള ഈ അറിയിപ്പ് രീതിയില്ലെന്നും ഹര്‍ജിക്കാരി പറഞ്ഞു.