ന്യൂഡൽഹി: ദിവസവും സംസ്കൃത ഭാഷ സംസാരിക്കുന്നത് പ്രമേഹവും കൊളസ്ട്രോളും നിയന്ത്രിക്കാനും നാഡീവ്യവസ്ഥ ശരിയായ രീതിയിലാക്കാനും സഹായിക്കുമെന്ന് ബിജെപി നേതാവ്. യുഎസ് ആസ്ഥാനമായുള്ള അക്കാദമിക് സ്ഥാപനം നടത്തിയ ഗവേഷണമാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നതെന്നും ബിജെപി എംപി ഗണേഷ് സിങ് പറഞ്ഞു.
സംസ്കൃത സർവകലാശാലകളുടെ ബില്ലിനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത അദ്ദേഹം, യുഎസ് ബഹിരാകാശ ഗവേഷണ സംഘടനയായ നാസയുടെ ഗവേഷണ പ്രകാരം, കമ്പ്യൂട്ടർ പ്രോഗ്രാമിങ് സംസ്കൃതത്തിൽ ചെയ്താൽ അത് കുറ്റമറ്റതായിരിക്കുമെന്നും അവകാശപ്പെട്ടു.
ചില ഇസ്ലാമിക ഭാഷകൾ ഉൾപ്പെടെ ലോകത്തെ 97 ശതമാനത്തിലധികം ഭാഷകളും സംസ്‌കൃതത്തിൽ അധിഷ്ഠിതമാണെന്നും ഗണേഷ് സിങ് പറഞ്ഞു.
കേന്ദ്ര മന്ത്രി പ്രതാപ് ചന്ദ്ര സാരംഗിയും പരിപാടിയിൽ പങ്കെടുത്തിയിരുന്നു. സംസ്കൃതം വളരെ വഴക്കമുള്ള ഭാഷയാണെന്നും പലവിധത്തിൽ സംസാരിക്കാമെന്നും പറഞ്ഞ പ്രതാപ് ചന്ദ്ര സാരംഗി ചർച്ചയിൽ സംസ്കൃതത്തിലാണ് സംസാരിച്ചത്.
സഹോദരൻ, പശു തുടങ്ങിയവയുടെ വിവിധ ഇംഗ്ലീഷ് വാക്കുകൾ സംസ്‌കൃതത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണെന്ന് അദ്ദേഹം പറഞ്ഞു. ഈ പുരാതന ഭാഷയുടെ പ്രചാരണം മറ്റ് ഭാഷകളെ ഒരിക്കലും ബാധിക്കില്ലെന്ന് പ്രതാപ് ചന്ദ്ര സാരംഗി പറഞ്ഞു.