ന്യൂഡൽഹി: വനിതാ എംപിക്കെതിരെ മോശം പരാമർശം നടത്തിയ അസം ഖാൻ മാപ്പ് പറയണമെന്ന് പാർലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി. ലോക്സഭയില്‍ മോശം പരാമര്‍ശം നടത്തിയ എംപി ആസം ഖാനെതിരെ ബിജെപി എംപി രമാ ദേവി നടപടി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ മറ്റ വനിത എംപിമാരും രംഗത്തെത്തിയതോടെ അസം ഖാനെതിരെ നടപടിയുണ്ടാകുമെന്ന് സ്പീക്കറും വ്യക്തമാക്കിയിരുന്നു. പിന്നീട് നടന്ന സർവ്വകക്ഷി യോഗത്തിന് ശേഷമാണ് അസം ഖാനോട് മാപ്പ് പറയാൻ ആവശ്യപ്പെടുന്നത്.

” രമാദേവിക്കെതിരായ മോശം പരാമർശത്തിൽ മാപ്പ് പറയാൻ സ്പീക്കർ അസം ഖാനോട് ആവശ്യപ്പെടും. അത് ചെയ്യാൻ അസം ഖാൻ തയ്യാറാകത്ത പക്ഷം കൂടുതൽ നടപടികൾ സ്വീകരിക്കാൻ സ്പീക്കർക്ക് അധികാരം നൽകി,” പ്രഹ്ലാദ് ജോഷി പറഞ്ഞു.

ഇന്നലെ മുത്തലാഖ് ബില്ലിലുള്ള ചര്‍ച്ചയ്ക്കിടെയാണ് സഭ നിയന്ത്രിച്ചിരുന്ന രമാ ദേവിയോട് എസ്‍പി എംപി ആസം ഖാന്‍ മോശം പരാമര്‍ശം നടത്തിയത്. അവിടെയും ഇവിടെയും നോക്കാതെ സംസാരിക്കാൻ പറഞ്ഞ സ്പീക്കര്‍ ചെയറിലിരുന്ന രമാ ദേവിയോട് അസം ഖാൻ മോശം പരാമർശം നടത്തുകയായിരുന്നു.

ഇതിനെതിരെ കേന്ദ്ര മന്ത്രിമാരായ സ്‌മൃതി ഇറാനി, നിർമ്മല സീതാരാമൻ, രവി ശങ്കർ പ്രസാദ് എന്നിവർ സഭയിൽ അസം ഖാനെതിരെ രംഗത്തെത്തി. അസം ഖാനെ സസ്പെൻഡ് ചെയ്യണമെന്ന് രവി ശങ്കർ പ്രസാദ് ആവശ്യപ്പെട്ടു. തൃണമൂൽ കോൺഗ്രസ് എംപിമാരും അസം ഖാനെതിരെ ശക്തമായ നിലപാടാണ് സ്വീകരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook