ന്യൂഡൽഹി: പാർലമെന്റ് സമ്മേളനത്തിനു മുൻപ് എല്ലാ എംപിമാരും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. സമ്മേളനത്തിനു 72 മണിക്കൂർ മുൻപ് കോവിഡ് പരിശോധന നടത്തണമെന്ന് ലോക്‌സഭാ സ്‌പീക്കർ ഓം ബിർല നിർദേശിച്ചു. എംപിമാരുടെ സ്റ്റാഫിനും കോവിഡ് ടെസ്റ്റ് നടത്തും. സെപ്‌റ്റംബർ 14 മുതൽ ഒക്‌ടോബർ ഒന്ന് വരെയാണ് പാർലമെന്റിന്റെ വർഷകാല സമ്മേളനം. കോവിഡ് സാഹചര്യത്തിൽ കർശന സുരക്ഷാ നടപടികൾ പാലിച്ചായിരിക്കും സമ്മേളനം ചേരുക.
Read Also: ഒരു അന്വേഷണത്തെയും ഭയക്കുന്നില്ല, ‘ജനം ടിവി’യിൽ നിന്നു മാറിനിൽക്കുന്നു: അനിൽ നമ്പ്യാർ
ഇടവേളകളില്ലാതെ 18 ദിവസമാണ് സഭ ചേരുന്നത്. കോവിഡ് വ്യാപന സാഹചര്യത്തിൽ വാരാന്ത്യദിനങ്ങളിലും അവധിയില്ലാതെയാണ് സഭാ സമ്മേളനം ചേരുന്നത്. സമ്മേളന കാലയളവിനിടെ എംപിമാർ തങ്ങളുടെ നിയോജകമണ്ഡലങ്ങളിലേക്കും മറ്റും തിരിച്ചുപോകുന്നത് തടഞ്ഞ് രോഗം പിടിപെടാനുള്ള സാധ്യത ഒഴിവാക്കാനാണ് ഈ ക്രമീകരണം.
Read Also: IPL 2020: ഇന്ത്യൻ താരമുൾപ്പടെ ഒന്നിലധികം ചെന്നൈ ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചു
അതേസമയം, രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ 77,266 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ആകെ കോവിഡ് രോഗികളുടെ എണ്ണം 33,87,500 ആയി ഉയർന്നു. ഇന്ത്യയിലെ ആകെ കോവിഡ് മരണം 61,529 ആയി. വരും ദിവസങ്ങളിൽ കോവിഡ് രോഗികളുടെ എണ്ണം ഇനിയും ഉയരാനാണ് സാധ്യത.