വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടി ആരംഭിക്കുമെന്ന് ഡെമോക്രാറ്റിക് നേതാവും ഹൗസ് ഓഫ് റപ്രസെന്റേറ്റീവ് സ്പീക്കറുമായ നാൻസി പെലോസി.
മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാർട്ടിയുടെ പ്രസിഡന്റ് സ്ഥാനാർഥികളിലൊരാളുമായ ജോ ബൈഡനും മകനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയിൻ പ്രസിഡന്റിനുമേൽ ട്രംപ് സമ്മർദ്ദം ചെലുത്തിയെന്നുമുള്ള ഡെമോക്രാറ്റുകളുടെ ആരോപണത്തിന്റെ അടിസ്ഥാനത്തിലാണു നടപടി.
ട്രംപ് ഭരണഘടനാ വിരുദ്ധമായി പ്രവർത്തിച്ചെന്നും ഇംപീച്ച്മെന്റ് അന്വേഷണ നടപടികൾക്കു തുടക്കമിടുകയാണെന്നും നാൻസി പറഞ്ഞു. പ്രസിഡന്റാണെങ്കിലും അദ്ദേഹവും രാജ്യത്തെ നിയമങ്ങൾക്കു വിധേയനാണെന്നും പരിശോധനകൾക്കു വിധേയനാകേണ്ടി വരുമെന്നും നാൻസി പെലോസി പറഞ്ഞു.
Read More: മോദിയുമായും ഇമ്രാനുമായും നല്ല ബന്ധം; മധ്യസ്ഥത ഇരു രാജ്യങ്ങൾക്കും വേണമെങ്കിൽ മാത്രം
“പ്രസിഡന്റ് ഇന്നുവരെ സ്വീകരിച്ച നടപടികൾ ഭരണഘടനയുടെ ഗുരുതരമായ ലംഘനമാണ്,” രാജ്യത്തിന്റെ സ്ഥാപക തത്വങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ പെലോസി പറഞ്ഞു. “ഉത്തരവാദിത്തമുണ്ടായിരിക്കണം, ആരും നിയമത്തിന് അതീതരല്ല.”
പ്രസിഡന്റിന്റെ പെരുമാറ്റം സത്യപ്രതിജ്ഞയുടെ ലംഘനവും ദേശീയ സുരക്ഷയെ ഒറ്റിക്കൊടുക്കലും തിരഞ്ഞെടുപ്പിന്റെ വിശ്വാസ്യതയുടെ ലംഘനവുമാണെന്നു വെളിപ്പെട്ടതായി നാൻസി പെലോസി വ്യക്തമാക്കി. ഇംപീച്ച്മെന്റ് നടപടികളുമായി ഡെമോക്രാറ്റുകൾ മുന്നോട്ടുപോകുന്നതു 2020ലെ ട്രംപിന്റെ സ്ഥാനാർഥിത്വത്തിനു തിരിച്ചടിയാകുമെന്നാണു നിരീക്ഷകർ വിലയിരുത്തുന്നത്. എന്നാൽ ഡെമോക്രാറ്റുകൾ തന്നെ വേട്ടയാടുകയാണെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
PRESIDENTIAL HARASSMENT!
— Donald J. Trump (@realDonaldTrump) September 24, 2019
ജോ ബൈഡനും മകൻ ഹണ്ടർ ബൈഡനുമെതിരെ അന്വേഷണം പ്രഖ്യാപിക്കാൻ യുക്രെയിൻ പ്രസിഡന്റ് വ്ലോദിമെർ സെലെൻസ്കിക്കുമേൽ ട്രംപ് നിരന്തരം സമ്മർദം ചെലുത്തിയെന്ന വെളിപ്പെടുത്തലിന്മേലാണ് ഇംപീച്ച്മെന്റിലേക്കു നീങ്ങാൻ ഡെമോക്രാറ്റിക് പാർട്ടി നേതൃത്വം തീരുമാനിച്ചത്. അതിനുശേഷം സെലെൻസ്കിയെ ഫോണിൽ വിളിച്ച് ട്രംപ് ഈ ആവശ്യമുന്നയിച്ചെന്ന് ഒരു വിസിൽബ്ലോവറാണ് ആദ്യം വെളിപ്പെടുത്തിയത്.
ട്രംപിന്റെ വിശ്വസ്തനും ന്യൂയോർക്ക് മുൻ മേയറുമായ റൂഡി ജൂലിയാനിയെ ഉപയോഗിച്ചും ട്രംപ് യുക്രെയിനോട് അന്വേഷണ സാധ്യതകളേക്കുറിച്ച് ആരാഞ്ഞിരുന്നുവെന്നാണു വിവരം. ജൂലിയാനിയോട് സഹകരിക്കണമെന്നു ട്രംപ് എട്ടു തവണയാണു സെലെൻസ്കിയോട് ആവശ്യപ്പെട്ടതെന്നാണു വിവരം.
രഹസ്യാന്വേഷണ വിഭാഗം ഇൻസ്പെക്ടർ ജനറൽ മെക്കിൽ അക്കിംസണു ലഭിച്ച പരാതി ഇന്റലിജന്റ്സ് വിഭാഗത്തിനു കൈമാറിയതോടെയാണു ട്രംപിനെതിരായ പടനീക്കം ഡെമോക്രാറ്റുകൾ തുടങ്ങിവച്ചത്. എന്നാൽ, ഇംപീച്ച്മെന്റിലേക്കാണു നീങ്ങുന്നതെന്ന വിവരം പിന്നീടാണു പുറത്തുവന്നത്.
രാഷ്ട്രീയലാഭത്തിനായി വിദേശനയത്തെ ചൂഷണം ചെയ്യുന്നതും രാജ്യത്തിന്റെ ആഭ്യന്തര രാഷ്ട്രീയത്തിൽ മറ്റു രാജ്യങ്ങളെ ഇടപെടുത്തുന്നതും ഭരണഘടനാ ലംഘനവും ദേശീയ സുരക്ഷയ്ക്ക് ഭീഷണിയുമാണെന്നു ഡെമോക്രാറ്റിക് നേതൃത്വം വിലയിരുത്തുന്നുവെന്നും നാൻസി പെലോസ്കി പറഞ്ഞു.
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook