ന്യൂഡല്‍ഹി: കര്‍ണാടകയില്‍ മൂന്ന് വിമത എംഎല്‍എമാരെ സ്‌പീക്കർ കെ.ആര്‍.രമേഷ് കുമാര്‍ അയോഗ്യരാക്കി. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കറിനെയടക്കം മൂന്ന് പേരെയാണ് അയോഗ്യരാക്കിയത്. സ്വതന്ത്ര എംഎല്‍എ ആര്‍.ശങ്കര്‍ (കെപിജെപി), കോണ്‍ഗ്രസ് എംഎല്‍എമാരായ രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. മറ്റുള്ള എംഎല്‍എമാരുടെ കാര്യത്തില്‍ രണ്ട് ദിവസത്തിനുള്ളില്‍ തീരുമാനമാകുമെന്നും സ്‌പീക്കർ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിമത നീക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ എംഎല്‍എമാരാണ് രമേഷ് ജാര്‍ക്കിഹോളിയും മഹേഷ് കുമത്തല്ലിയും. രാജിവച്ച പതിനഞ്ച് എംഎൽഎമാർക്കെതിരെ കോൺഗ്രസും ജെഡിഎസും അയോഗ്യത ശുപാർശ നൽകിയിരുന്നു.
സ്വതന്ത്ര എംഎൽഎയായ ആർ.ശങ്കർ നേരത്തെ തന്നെ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, അയോഗ്യനാക്കപ്പെട്ടതോടെ ബിജെപിക്ക് ഇത് തിരിച്ചടിയായി. ബിജെപിയുടെ നിയമസഭയിലെ അംഗബലം 106 ആയി കുറയും.
Read Also: അന്ന് കരഞ്ഞുകൊണ്ട് ഇറങ്ങി പോയി; ഇന്ന് വിജയമുദ്രയോടെ മടക്കം
പതിനെട്ട് ദിവസം നീണ്ട നാടകങ്ങള്‍ക്കൊടുവിലാണ്, കുമാരസ്വാമി മന്ത്രിസഭ പരാജയം സമ്മതിച്ചത്. തിങ്കളാഴ്ച വിശ്വാസവോട്ടില്‍ പരാജയപ്പെട്ട് സര്‍ക്കാര്‍ വീണതിന് തൊട്ടുപിന്നാലെ, സര്‍ക്കാർ രൂപീകരിക്കാൻ അവകാശ വാദവുമായി ബിജെപി രംഗത്തെത്തി. അടുത്തത് സുസ്ഥിര സര്‍ക്കാരായിരിക്കുമെന്നും കര്‍ഷകര്‍ക്ക് ഇനി നല്ല കാലമായിരിക്കുമെന്നുമാണ് യെഡിയൂരപ്പ പ്രതികരിച്ചത്. അടുത്ത സര്‍ക്കാരിന് ആശംസകള്‍ അറിയിച്ചതല്ലാതെ, മറ്റൊന്നും പറയാന്‍ എച്ച്.ഡി.കുമാരസ്വാമി തയ്യാറായില്ല.
മുഖ്യമന്ത്രി കുമാരസ്വാമി സർക്കാരിന്റെ വിശ്വാസപ്രമേയത്തെ ബിജെപിയുടെ 105 അംഗങ്ങൾ എതിർത്തപ്പോൾ ഭരണപക്ഷത്തെ പിന്തുണയ്ക്കാൻ 98 അംഗങ്ങൾ മാത്രമാണ് ഉണ്ടായത്. വിമത എംഎൽഎമാർ 15 പേർക്കും കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിരുന്നെങ്കിലും ഇവർ സഭയിലെത്തിയില്ല. ബിഎസ്പി എംഎൽഎയും വിശ്വാസവോട്ടെടുപ്പിൽനിന്നും വിട്ടുനിന്നു.