മാ​ഡ്രി​ഡ്: സ്പെ​യി​നി​ലെ ബാ​ഴ്സ​ലോ​ണ​യി​ൽ ജ​ന​ക്കൂ​ട്ട​ത്തി​നി​ട​യി​ലേ​ക്കു വാ​ൻ ഇ​ടി​ച്ചു​ക​യ​റ്റി​യു​ണ്ടാ​ക്കി​യ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 13 ആയതായി റിപ്പോട്ടുകൾ. മരണ സംഖ്യ ഇനിയും കൂടിയേക്കാമെന്ന് റോയിറ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ലാ​സ് റാം​ബ്ലാ​സ് തെ​രു​വി​ൽ വ്യാ​ഴാ​ഴ്ച വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി ആ​ളു​ക​ൾ​ക്കു പ​രി​ക്കേ​റ്റ​താ​യാ​ണ് റി​പ്പോ​ർ​ട്ട്. ആ​ളു​ക​ൾ പ​രി​ക്കേ​റ്റ് തെ​രു​വി​ൽ കി​ട​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​ങ്ങ​ൾ പുറത്തു വന്നിട്ടുണ്ട്.

അതിനിടെ പോ​ലീ​സ് റെ​യ്ഡി​ൽ നാ​ലു ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. കാ​റ്റ​ലോ​ണി​യ പ്ര​വി​ശ്യ​യി​ലെ തീ​ര​ന​ഗ​ര​മാ​യ കാം​ബ്രി​ൽ​സി​ലാ​യി​രു​ന്നു സം​ഭ​വം. പോ​ലീ​സു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പോ​ലീ​സ് ന​ട​പ​ടി​ക​ളി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം അ​ഞ്ചാ​യി.

ഭീ​ക​രാ​ക്ര​മ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് പി​ടി​യി​ലാ​യ മൊ​റോ​ക്ക​ൻ പൗ​ര​ൻ താ​മ​സി​ച്ചി​രു​ന്ന അ​ൽ​കാ​ന​ർ പ്ലാ​റ്റ്ജ​യി​ലെ വീ​ട് സ്ഫോ​ട​ന​ത്തി​ൽ ത​ക​ർ​ന്നു. സം​ഭ​വ​ത്തി​ൽ ഒ​രാ​ൾ മ​രി​ക്കു​ക​യും ഏ​ഴു പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു. ത​ങ്ങ​ളു​ടെ പോ​രാ​ളി​ക​ളാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഐ​എ​സ് അ​വ​കാ​ശ​പ്പെ​ട്ടു. ഐ​എ​സി​ന്‍റെ പ്ര​ചാ​ര​ണ വി​ഭാ​ഗ​മാ​യ അ​മാ​ഖാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ടെ​ലി​ഗ്രാം മെ​സ​ഞ്ച​റി​ലാ​ണ് അ​മാ​ഖ് അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

സംഭവം നടന്ന സെൻട്രൽ ബാർസിലോനയിലെ ലാസ് റാംബ്‌ലാസ്, ഏറ്റവും തിരക്കേറിയ തെരുവും പ്രധാന വിനോദസഞ്ചാരകേന്ദ്രവുമാണ്. വാഹനങ്ങൾക്കു പ്രവേശമില്ലാത്ത ഈ മേഖലയിൽ കാൽനടക്കാർക്കിടയിലേക്കു വാൻ ഓടിച്ചുകയറ്റുകയായിരുന്നു. ഭീകരരുടേതെന്നു കരുതുന്ന രണ്ടാമതൊരു വാൻ കൂടി പൊലീസ് നഗരപ്രാന്തത്തിൽനിന്നു കണ്ടെത്തി. ഇന്ത്യക്കാർ ആരും ഉൾപ്പെട്ടതായി വിവരമില്ലെന്നു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അറിയിച്ചു.

മേഖല സുരക്ഷാസേനയുടെ നിയന്ത്രണത്തിലാണ്. പരിസരത്തെ കടകളെല്ലാം അടപ്പിച്ച പൊലീസ് ആളുകളോടു വീടിനുള്ളിൽ കഴിയാനും നിർദേശം നൽകി. 2004ൽ മഡ്രിഡിൽ ട്രെയിനിൽ അൽ ഖായിദ നടത്തിയ ബോംബ് സ്ഫോടനത്തിൽ 191 പേർ കൊല്ലപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം ജൂലൈയ്ക്കുശേഷം ജനക്കൂട്ടത്തിനിടയിലേക്കു വാഹനം ഓടിച്ചുകയറ്റി നടത്തിയ ഭീകരാക്രമണങ്ങളിൽ നൂറിലേറേപ്പേരാണു നീസ്, ബെർലിൻ,ലണ്ടൻ, സ്റ്റോക്കോം എന്നിവിടങ്ങളിൽ മരിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ