ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും ശക്തിയേറിയ റോക്കറ്റ് ഫാൽക്കൺ ഹെവി വിജയകരമായി വിക്ഷേപിച്ചു. ടെസ്‌ല കാറും വഹിച്ചായിരുന്നു റോക്കറ്റിന്റെ വിക്ഷേപണം. ഫ്ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽനിന്ന് യുഎസ് സമയം ചൊവ്വാഴ്ച വൈകിട്ട് 3.15 നായിരുന്നു വിക്ഷേപണം. എലന്‍ മസ്‌കിന്റെ നേതൃത്വത്തിലുള്ള സ്‌പേസ് എക്സ് ആണ് കൂറ്റൻ റോക്കറ്റ് വിക്ഷേപിച്ചത്.

പുനരുപയോഗത്തിനു സാധിക്കുന്ന 3 ബൂസ്റ്റർ റോക്കറ്റുകളും ഫാൽക്കൺ ഹെവി റോക്കറ്റിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഇതിൽ രണ്ടെണ്ണം വിജയകരമായി ഭൂമിയിലേക്ക് തിരിച്ചിറക്കി. ഒരെണ്ണം കടലിൽ തകർന്നുവീണു. വിക്ഷേപണം നടന്നു 8 മിനിറ്റുകൾക്കകം കേപ് കാനവരൽ എയർ ഫോഴ്സ് സ്റ്റേഷനിൽ സജ്ജീകരിച്ചിരുന്ന ലാൻഡിങ് പാഡിലേക്ക് രണ്ടു ബൂസ്റ്റർ റോക്കറ്റുകൾ സുരക്ഷിതമായി തിരിച്ചിറങ്ങി. എന്നാൽ കടലിൽ ഡ്രോൺ ഷിപ്പിൽ സജ്ജീകരിച്ചിരുന്ന ലാൻഡിങ് പാഡിലേക്ക് തിരിച്ചിറങ്ങാൻ പ്രധാന ബൂസ്റ്റർ റോക്കറ്റിന് സാധിച്ചില്ല. ഇതാണ് കടലിൽ തകർന്നു വീണത്.

18 ബോയിങ് 747 വിമാനങ്ങൾക്ക് തുല്യമായ 2500 ടൺ ഊർജമാണ് ഫാൽക്കൺ ഹെവി റോക്കറ്റിന്റെ വിക്ഷേപണത്തിലൂടെ കത്തിയമർന്നത്. 27 എൻജിനുകളാണ് ഈ കൂറ്റൻ റോക്കറ്റിലുണ്ടായിരുന്നത്. 63,500 കിലോഗ്രാം ഭാരം വഹിക്കാനുളള ശേഷി ഈ റോക്കറ്റിനുണ്ട്. ചൊവ്വയിലേക്കും ചന്ദ്രനിലേക്കും മനുഷ്യനെ അയക്കാനുള്ള ശ്രമങ്ങള്‍ക്ക് ഫാല്‍ക്കണ്‍ ഹെവി റോക്കറ്റിന്റെ വിജയകരമായ വിക്ഷേപണം സഹായിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

അമേരിക്കന്‍ രഹസ്യാന്വേഷണ സൈനിക ആവശ്യങ്ങള്‍ക്കായുള്ള വലിയ ഉപഗ്രങ്ങളുടെ വിക്ഷേപണം, ഭാരമേറിയ ദൂരദര്‍ശിനികള്‍ ബഹിരാകാശത്തെത്തിക്കാൻ, ഒരുപാട് ഉപഗ്രങ്ങള്‍ ഒന്നിച്ച് ഭ്രമണ പഥത്തിലെത്തിക്കാം തുടങ്ങിയ ഒട്ടേറെ സാധ്യതകളാണ് ഫാൽക്കൺ ഹെവി വിജയകരമായാൽ പ്രതീക്ഷിക്കപ്പെടുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ