ബീജിങ്: നിയന്ത്രണം നഷ്ടപ്പെട്ട ചൈനയുടെ ഏറ്റവും വലിയ ബഹിരാകാശനിലയം നാളെ (തിങ്കൾ) ഭൂമിയിൽ പതിക്കുമെന്ന് ചൈന. മണിക്കൂറിൽ 26,000 കിലോമീറ്ററിൽ വേഗതയിലാണ് ബഹിരാകാശനിലയം നീങ്ങുന്നതെന്ന് ചൈനയിലെ ബഹിരാകാശ ഏജൻസി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. അതേസമയം, ഭൂമിയിൽ പതിക്കുന്ന സമയം സംബന്ധിച്ച ഒരു വിവരവും ചൈന പുറത്തുവിട്ടിട്ടില്ല.

അതേസമയം, ഞായറാഴ്ച രാത്രി 8.12 നും തിങ്കൾ പുലർച്ചെ 4.12 നും ഇടയിൽ എപ്പോൾ വേണമെങ്കിലും ബഹിരാകാശ നിലയം ഭൂമിയിൽ പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഉത്തര കൊറിയ നാഷനൽ സ്പെസ് സിറ്റുവേഷണൽ അവയർനെസ് ഓർഗനൈസേഷൻ വ്യക്തമാക്കി. 43 ഡിഗ്രി നോർത്തിനും 43 ഡിഗ്രി സൗത്തിനും, അതായത് ന്യൂസിലൻഡിനും അമേരിക്കൻ മിഡ്‌വെസ്റ്റിനും ഇടയിൽ എവിടെ വേണമെങ്കിലും ബഹിരാകാശ നിലയം പതിക്കാമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സിയുടെ മുന്നറിയിപ്പ്.

എല്ലാവിധത്തിലും നിയന്ത്രണം നഷ്ടമായതിനാൽ നിലയം ഭൂമിയിൽ ഏത് ഭാഗത്ത് പതിക്കുമെന്ന് മുൻകൂട്ടി പ്രവചിക്കാൻ കഴിയാത്ത സ്ഥിതിയാണ്. ബഹിരാകാശത്ത് നിന്ന് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചാൽ മാത്രമേ ഇക്കാര്യം വ്യക്തമാകുകയുള്ളൂ. ഭാരത്തിന്റെ ഭൂരിഭാഗവും അന്തരീക്ഷത്തിൽത്തന്നെ കത്തിനശിക്കുമെങ്കിലും 100 കിലോയോളം അവശിഷ്ടങ്ങൾ ഭൂമിയിൽ പതിക്കുമെന്നാണ് ശാസ്ത്രലോകം കണക്ക് കൂട്ടുന്നത്. അതേസമയം, വലിയ അവശിഷ്ടങ്ങൾ ഒന്നും ഭൂമിയിൽ പതിക്കില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ചൈന പറയുന്നത്.

8.5 ടണ്‍ ഭാരമുള്ള ടിയാന്‍ഗോങ് 1 എന്ന നിലയമാണ് നിയന്ത്രണം നഷ്ടപ്പെട്ട് താഴേക്ക് പതിക്കുന്നത്. വന്‍ശക്തികളായ റഷ്യക്കും അമേരിക്കയ്ക്കും ഒപ്പം എത്താനാണ് ചൈന തങ്ങളുടെ വലിയ സ്വപ്നമായ ടിയാന്‍ഗോങ് 1 വിക്ഷേപിച്ചത്. 1979ല്‍ തകര്‍ന്നു വീണ നാസയുടെ സ്‌കൈലാബ് ആണ് ഇതിനുമുമ്പ് ഭൂമിയില്‍ പതിച്ച ബഹിരാകാശനിലയം. പടിഞ്ഞാറന്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തില്‍ സ്‌കൈലാബിന്റെ ചില ഭാഗങ്ങള്‍ പതിച്ചിരുന്നു.

രാജ്യാന്തര ബഹിരാകാശ നിലയത്തിന്റെ മാതൃകയിൽ (ഐഎസ്എസ്) ചൈന വികസിപ്പിച്ചെടുത്ത സ്വന്തം ബഹിരാകാശ നിലയമാണു ടിയാൻ ഗോങ്. ‘സ്വർഗീയ സമാനമായ കൊട്ടാരം’ എന്നാണ് പേരിനർഥം. ചൈനീസ് ശാസ്ത്രജ്ഞർക്കു മാസങ്ങളോളം ബഹിരാകാശത്തു തങ്ങി പരീക്ഷണങ്ങൾ നടത്താനുള്ള അവസരമൊരുക്കുകയായിരുന്നു പ്രധാന ലക്ഷ്യം. ഇതിന്റെ ഭാഗമായി ബഹിരാകാശത്തു സ്ഥാപിച്ച ടിയാൻഗോങ് പരീക്ഷണ മൊഡ്യൂളുമായി ഷെൻഷൂ 8 എന്ന ബഹിരാകാശ വാഹനം 2011ൽ വിജയകരമായി ബന്ധിപ്പിക്കാനും ചൈനയ്ക്കു കഴിഞ്ഞു.

പക്ഷേ 2016 സെപ്റ്റംബറിൽ എല്ലാ സ്വപ്നങ്ങളും തകർന്നു. ടിയാൻഗോങ്ങുമായുള്ള ബന്ധം ചൈനയ്ക്ക് നഷ്ടമായെന്ന് രാജ്യം സമ്മതിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ