ലക്നൗ: സമാജ്വാദി പാർട്ടി ദേശീയ എക്സിക്യുട്ടീവ് യോഗത്തിൽ ലോക്സഭ തിരഞ്ഞെടുപ്പിലെ സഖ്യ-സീറ്റ് വിഭജന ചർച്ചകളിൽ തീരുമാനമെടുക്കാൻ അഖിലേഷ് യാദവിനെ ചുമതലപ്പെടുത്തി.
തിരഞ്ഞെടുപ്പ് ബാലറ്റ് പേപ്പർ ഉപയോഗിച്ച് നടത്തണമെന്നും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ സേവനം ഉപയോഗിക്കരുതെന്നും ദേശീയ എക്സിക്യുട്ടീവ് ആവശ്യപ്പെട്ടു. മുതിർന്ന നേതാവായ രാം ഗോപാൽ യാദവാണ് ഇക്കാര്യം പറഞ്ഞത്.
അതേസമയം ബാലറ്റ് പേപ്പർ എന്ന ആവശ്യം തിരഞ്ഞെടുപ്പ് കമ്മിഷൻ നിരാകരിച്ചാൽ സമരം തുടങ്ങാനാണ് സമാജ്വാദി പാർട്ടി തീരുമാനിച്ചിരിക്കുന്നത്. “ഇലക്ട്രോണിക് വോട്ടിങ് മെഷീൻ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനമെങ്കിൽ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസിന് മുന്നിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തും,” രാം ഗോപാൽ യാദവ് പറഞ്ഞു.
ബിജെപിക്കെതിരായ വിശാല മതേതര സഖ്യത്തിനാണ് കോൺഗ്രസും സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും ഇടതുപക്ഷവും എല്ലാം ലക്ഷ്യമിടുന്നത്. എന്നാൽ സഖ്യതീരുമാനങ്ങൾ സീറ്റ് വിഭജനവുമായി ചേർന്നാവും മുന്നോട്ട് പോവുക.
ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിയും ബഹുജൻ സമാജ്വാദി പാർട്ടിയും തമ്മിൽ യോജിച്ച് പ്രവർത്തിക്കാനുളള ധാരണയായിട്ടുണ്ട്. എന്നാൽ സീറ്റ് വിഭജിക്കുമ്പോൾ അർഹമായ പരിഗണന ലഭിച്ചില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് മായാവതി വ്യക്തമാക്കിയിരിക്കുന്നത്.
ഉത്തർപ്രദേശിൽ കോൺഗ്രസ്-എസ്പി-ബിഎസ്പി കൂട്ടുകെട്ടുണ്ടായാൽ ബിജെപിക്ക് വിജയത്തിനായി കടുത്ത മത്സരം കാഴ്ചവയ്ക്കേണ്ടി വരും.