ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗിനാഥിനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്ന കേസില്‍ സമാജ്‌വാദി പാര്‍ട്ടി (എസ് പി) മുതിര്‍ന്ന നേതാവ് അസംഖാനു മൂന്നു വര്‍ഷം തടവ്.
ഉത്തര്‍പ്രദേശിലെ രാംപുര്‍ കോടതിയാണ് അസംഖാൻ ഉള്‍പ്പെടെ മൂന്നു പേരെ ശിക്ഷിച്ചത്. മൂന്നു പേരും രണ്ടായിരം രൂപ പിഴ കൂടി ഒടുക്കണം.
യോഗി ആദിത്യനാഥിനുനേരെ 2019 ല്‍ നടത്തിയ പരാമര്‍ശങ്ങളുടെ അസം ഖാനെതിരെ യു പി പൊലീസ് കേസെടുത്തത്. കേസില്‍ അസംഖാനു നേരത്തെ സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.
യു പി മുന്‍ മന്ത്രി കൂടിയായ അസംഖാനെതിരെ നിലവില്‍ തൊണ്ണൂറോളം കേസുകളുണ്ട്. അഴിമതിയും മോഷണവും ഉള്‍പ്പെടെയുള്ള കുറ്റാരോപണങ്ങള്‍ ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.
രാംപൂരിലെ മുഹമ്മദലി ജോഹര്‍ സര്‍വകലാശാലയുടെ പരിസരം വികസിപ്പിക്കുന്നതിനായി ഭൂമി കയ്യേറിയെന്ന കേസില്‍ അസംഖാനെതിരായ കുറ്റപത്രം റദ്ദാക്കമെന്ന ഹര്‍ജികള്‍ ഈ മാസം ഒന്നിന് അലഹബാദ് ഹൈക്കോടതി തള്ളിയിരുന്നു.
അസം ഖാന്‍ പ്രതിയായ 27 കേസുകളിലെയും കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട്, അദ്ദേഹം നേതൃതം നല്‍കുന്ന മൗലാന മുഹമ്മദലി ജോഹര്‍ ട്രസ്റ്റിന്റെ ഏഴു ഭാരവാഹികള്‍ 82 ഹര്‍ജികളാണു സമര്‍പ്പിച്ചിരുന്നത്. മുഹമ്മദലി ജോഹര്‍ സര്‍വകലാശാല ചാന്‍സലറാണ് അസം ഖാന്‍.
2019ലാണു 27 കേസുകളും റജിസ്റ്റര്‍ ചെയ്തത്. ഈ കേസുകളില്‍ ചിലതില്‍ അസംഖാന്റെ ഭാര്യയും മുന്‍ രാജ്യസഭാ അംഗവുമായ തന്‍സീന്‍ ഫാത്തിമ, മകനും എം എല്‍ എയുമായ അബ്ദുല്ല അസം ഖാന്‍ എന്നിവര്‍ കുറ്റാരോപിതരാണ്.