ലക്‌നൗ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ എസ്.പി – ബി.എസ്.പി സഖ്യം അകലുന്നു. സംസ്ഥാനത്ത് നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിക്കാന്‍ ബി.എസ്.പി (ബഹുജൻ സമാജ് വാദി പാർട്ടി) തീരുമാനിച്ചതായി റിപ്പോര്‍ട്ടുകള്‍. ഒറ്റയ്ക്ക് മത്സരിക്കാന്‍ ഒരുക്കങ്ങള്‍ ആരംഭിക്കാനായി ബി.എസ്.പി അധ്യക്ഷ മായാവതി പാര്‍ട്ടി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയതായാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇന്ന് ന്യൂഡല്‍ഹിയില്‍ ചേര്‍ന്ന ബി.എസ്.പി യോഗത്തിലാണ് മായാവതി സുപ്രധാന തീരുമാനം അറിയിച്ചത്.
Read More: എല്ലാം വോട്ടെണ്ണലിന് ശേഷം; സോണിയയുടെ ക്ഷണം നിരസിച്ച് മായാവതി
പാര്‍ട്ടി സംഘടനാ സംവിധാനം മെച്ചപ്പെടുത്താന്‍ മായാവതി യോഗത്തില്‍ നിര്‍ദേശം നല്‍കി. വോട്ട് നേടാന്‍ മഹാസഖ്യത്തിലുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ വരരുതെന്നും മായാവതി പാര്‍ട്ടി അണികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയുടെ പരാജയത്തിനു കാരണമായത് പ്രതിപക്ഷ മഹാസഖ്യവും അഖിലേഷ് യാദവുമാണെന്ന് മായാവതി കുറ്റപ്പെടുത്തി. മഹാസഖ്യം പ്രതീക്ഷിച്ചത്ര ഫലം കണ്ടില്ലെന്നും യാദവ വോട്ടുകൾ ബി.എസ്.പിക്കായി നേടിയെടുക്കാൻ എസ്.പിക്കു സാധിച്ചില്ലെന്നും മായാവതി പറഞ്ഞു. സ്വന്തം ഭാര്യ ഡിംപിൾ യാദവിന്റെ വിജയം പോലും അഖിലേഷിന് ഉറപ്പാക്കാൻ കഴിഞ്ഞില്ലെന്നും മായാവതി പരിഹസിച്ചു.
Read More: ‘റാഡിക്കലായ മാറ്റത്തിനുള്ള അവസരം’; ലോക്സഭ തിരഞ്ഞെടുപ്പ് തോൽവിയെ കുറിച്ച് കോൺഗ്രസ്
11 അസംബ്ലി സീറ്റുകളിലേക്കാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വിജയിച്ച 11 എംഎല്‍എമാര്‍ രാജിവയ്‌ക്കേണ്ടി വരുന്ന സാഹചര്യത്തിലാണ് യുപിയില്‍ ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്. ഇതില്‍ ഒന്‍പത് പേര്‍ ബിജെപി എംഎല്‍എമാരും ഓരോ എസ്.പി, ബി.എസ്.പി എംഎല്‍എമാരുമാണുള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 80 സീറ്റുകളില്‍ ബിജെപി 62 സീറ്റുകളും നേടിയപ്പോള്‍ മഹാസഖ്യത്തിന് പ്രതീക്ഷ അത്ര നേട്ടം സ്വന്തമാക്കാന്‍ സാധിച്ചില്ല. ആകെ 15 സീറ്റുകളാണ് ബി.എസ്.പി – എസ്-പി മഹാസഖ്യത്തിന് നേടാനായത്. അതില്‍ 10 സീറ്റുകളും ബി.എസ്.പിക്കാണ്. സമാജ് വാദി പാര്‍ട്ടിക്ക് ഒരു അഞ്ച് സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസ് ഒരു സീറ്റ് നേടി.