ലഖ്‌നൗ: കാൽനൂറ്റാണ്ട് കാലത്തെ ശത്രുത അവസാനിപ്പിച്ച് ഉത്തർപ്രദേശിൽ സമാജ്‌വാദി പാർട്ടിയും ബഹുജൻ സമാജ്‌വാദി പാർട്ടിയും കൈകോർത്തിരിക്കുകയാണ്. 38 സീറ്റുകളിൽ വീതം മത്സരിക്കാനും രണ്ട് സീറ്റ് കോൺഗ്രസിന് വേണ്ടിയെന്നോണം മാറ്റിവയ്ക്കാനുമാണ് ഇരു കക്ഷികളും തീരുമാനിച്ചിരിക്കുന്നത്.

എന്നാൽ അതുകൊണ്ടായോ എന്നതാണ് രാഷ്ട്രീയ ഇന്ത്യ ഉറ്റുനോക്കുന്നത്. ഉത്തർപ്രദേശിൽ അങ്ങിനെ എളുപ്പത്തിൽ പരിഹരിക്കാൻ പറ്റാത്ത 13 സീറ്റുകളുടെ കാര്യത്തിൽ ഈ പാർട്ടികൾ എന്ത് സമവായം ഉണ്ടാക്കുമെന്നതാണ് ചോദ്യം.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പുകളിലെ കണക്കുകൾ പ്രകാരം ഉത്തർപ്രദേശിൽ ബിഎസ്‌പി 44 ലോക്സഭാ സീറ്റുകളിൽ എസ്‌പിക്ക് മുന്നിലായിരുന്നു. അതേസമയം എസ്‌പി വിജയിച്ച അഞ്ച് സീറ്റിലടക്കം 36 സീറ്റിലാണ് ബിഎസ്‌പിയെ മറികടന്നത്.

കോൺഗ്രസിന് വേണ്ടി മാറ്റിവച്ച അമേഠിയും റായ്‌ബറേലിയും കൂടി കണക്കാക്കിയാൽ ഉത്തർപ്രദേശിൽ ബിഎസ്‌പിക്ക് കൂടുതൽ വോട്ടുളളത് 42 സീറ്റിലും എസ്‌പിക്ക് കൂടുതൽ വോട്ടുളളത് 36 ലുമാണ്. അതേസമയം ആറ് ലോക്സഭാ മണ്ഡലങ്ങളിൽ ഈ രണ്ട് പാർട്ടികളും കോൺഗ്രസിനേക്കാൾ പിന്നിലായിരുന്നു.

samajwadi party, BSP tie up for 2019 Lok Sabha elections

സഹരൻപുർ, ഗാസിയാബാദ്, ലഖ്‌നൗ, കാൻപുർ, ബരബൻകിർ, കുശിർനഗർ എന്നിവിടങ്ങളിലാണ് കോൺഗ്രസ് ഇവരെക്കാൾ മുന്നിലെത്തിയത്. ഈ ആറ് മണ്ഡലത്തിലും വിജയിച്ചത് ബിജെപിയും ആണ്. ഇവിടങ്ങളിലെല്ലാം ബിഎസ്‌പിയാണ് കോൺഗ്രസിന് പിന്നിൽ മൂന്നാമതെത്തിയത്.

ബിജെപി തരംഗം ഒഴിച്ചുനിർത്തിയാൽ ഈ ആറ് സീറ്റുകളിലും ശക്തമായ ത്രികോണ മത്സരം നടക്കുമെന്ന് പ്രതീക്ഷിക്കാം. ബിജെപിയും കോൺഗ്രസും എസ്‌പി-ബിഎസ്‌പി സഖ്യവും തമ്മിലുളള പോരാട്ടം.

ഇതിന് പുറമെ മറ്റ് എട്ട് ലോക്സഭാ സീറ്റുകളിൽ എസ്‌പിയും ബിഎസ്‌പിയും തമ്മിലുളള വോട്ട് വ്യത്യാസം 10000 ത്തിൽ താഴെയായിരുന്നു. ഇതിൽ ഏഴിടത്തും ബിഎസ്‌പി ആയിരുന്നു മുന്നിൽ. സേലംപൂർ, ഹർദോയി,സുൽത്താൻപുർ, ബദോഹി, അലിഗഡ്, ധോരാഹ്ര, ബർബങ്കി, ഉന്നാവോ എന്നിവിടങ്ങളിലായിരുന്നു ഇത്.

ബാർബങ്കി രണ്ട് ഗണത്തിലും ഉളളതിനാൽ ഈ 13 സീറ്റുകളിൽ ഇരുപാർട്ടികളും തമ്മിൽ ശക്തമായ അവകാശവാദങ്ങൾ നടക്കും. ഇതിന് പുറമെ ആംആദ്മി പാർട്ടി രണ്ടാമതെത്തിയ വാരണാസിയിലും ആർഎൽഡി സ്ഥാനാർത്ഥികൾ രണ്ടാമതെത്തിയ മതുരയിലും ഖൈരാനയിലും എസ്‌പിക്കും ബിഎസ്‌പിക്കും ജയസാധ്യതയുളളവരെ കണ്ടെത്തുക ദുഷ്‌കരമാണ്.

samajwadi party, BSP tie up for 2019 Lok Sabha elections

കോൺഗ്രസിന് വേണ്ടി മാറ്റിനിർത്തിയ അമേഠിയിലും റായ്‌ബറേലിയിലും സഖ്യചർച്ചകൾക്കുളള സാധ്യതകൾ തുറന്നുവയ്ക്കുന്നതാണ്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ 34 സീറ്റിൽ ബിഎസ്‌പി രണ്ടാം സ്ഥാനത്ത് എത്തിയിരുന്നു. 31 സീറ്റിൽ എസ്‌പിയായിരുന്നു രണ്ടാം സ്ഥാനത്ത്.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook