ലഖ്‌നൗ: ഉത്തർപ്രദേശിൽ ബദ്ധശത്രുക്കളായ എസ്‌പിയും ബിഎസ്‌പിയും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ സ്ഥാനാർത്ഥി മീരാ കുമാറിനെ പിന്തുണയ്ക്കും. ഉത്തർപ്രദേശിൽ ബിജെപി വിരുദ്ധരുടെ യോജിച്ച പ്രവർത്തനത്തിനുള്ള സൂചനകളാണ് ഇതിലൂടെ പുറത്തുവരുന്നത്.

സംസ്ഥാനത്താകെ തരംഗമായി മാറിയ ബിജെപി, സമ്പൂർണ്ണ വിജയമാണ് ഉത്തർപ്രദേശിൽ നേടിയത്. ഇതിന് പിന്നാലെയാണ് സംസ്ഥാനത്ത് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കാൻ എസ്‌പി യും ബിഎസ്‌പിയും ശ്രമിക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഒരുമിച്ച് നിൽക്കുന്നതോടെ ഇവരുടെ യോജിച്ചുള്ള പ്രവർത്തനത്തിനുള്ള സാധ്യതകൾ ഉയരുമെന്നാണ് കരുതപ്പെടുന്നത്.

എസ്‌പിയുടെയും ബിഎസ്‌പിയുടെയും വോട്ടുകൾ കൊണ്ട് രാം നാഥ് കോവിന്ദിന് വിജയം നേടാൻ സാധിക്കില്ലെങ്കിലും രാജ്യത്ത് ബിജെപി ക്കെതിരെ വിരുദ്ധ ശക്തികളുടെ യോജിച്ച മുന്നേറ്റത്തിനുള്ള വാതിലാണ് ഇതിലൂടെ തുറക്കപ്പെടുന്നത്. ഈ രണ്ട് പാർട്ടികളും ഒന്നിച്ചാൽ 2019 ലെ ലോക്‌സഭ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്ത് നിന്ന് കൂടുതൽ ശക്തമായ നീക്കം ബിജെപി വിരുദ്ധ കക്ഷികളിൽ നിന്നുണ്ടായേക്കും.

2014 ൽ നഷ്ടപ്പെട്ട ഏഴ് സീറ്റുകളുൾപ്പടെ ഉത്തർപ്രദേശിലെ 80 ലോക്‌സഭ സീറ്റുകളും തൂത്തുവാരാനാണ് ബിജെപി ലക്ഷ്യമിടുന്നത്. “ഒരുമിച്ച് നിന്നാലേ നിലനിൽപ്പുള്ളൂ എന്ന തിരിച്ചറിവ് ഇപ്പോൾ പ്രതിപക്ഷ കക്ഷികൾക്കുണ്ട്. അതുകൊണ്ട് തന്നെ ബിജെപിക്കെതിരെ 2019 തിരഞ്ഞെടുപ്പിനുള്ള ആദ്യ നീക്കമാണിത്” ആർജെഡി സംസ്ഥാന അദ്ധ്യക്ഷൻ അശോക് സിംഗ് പറഞ്ഞു. ബിജെപി വിരുദ്ധ കക്ഷികളുടെ യോജിച്ച നീക്കം അത്യാവശ്യമാണെന്ന് ജനങ്ങൾക്കിടയിൽ സംസാരമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

മുലായം സിംഗ് യാദവിൽ നിന്ന് അഖിലേഷ് യാദവിലേക്ക് എസ്‌പി നേതൃത്വം മാറിയതോടെ മായാവതിക്ക് സന്ധി സംഭാഷണം സാധ്യമാകുമെന്നാണ് വിലയിരുത്തുന്നത്. 1995 ൽ മുലായം സിംഗ് യാദവിനോട് തെറ്റിപ്പിരിഞ്ഞ ശേഷം ഇന്നും ഇരുവരും രണ്ട് പക്ഷത്താണ്.

രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടും മുലായം സിംഗ് യാദവും അഖിലേഷ് യാദവും രണ്ട് തട്ടിലായതോടെ ഐക്യ സാധ്യത വർദ്ധിച്ചിരിക്കുകയാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ