ന്യൂഡല്‍ഹി: ഇരുപത് വര്‍ഷമായി ബിജെപിയുടെ ഉറച്ചകോട്ടയായ ഗോരഖ്പൂരിലും ഫുല്‍പൂരിലും വിള്ളല്‍ വരുത്തിക്കൊണ്ടാണ് ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടി വിജയിച്ചത്. ചിരവൈരികളായ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയുടെ കൂടി പിന്തുണയോടെയായിരുന്നു അഖിലേഷ് യാദവ് നയിക്കുന്ന പാര്‍ട്ടി ബിജെപിയെ തറപറ്റിച്ചത്. 2019 പൊതുതിരഞ്ഞെടുപ്പിലും ഈ ധാരണ തുടരുകയാണ് എങ്കില്‍ അത് ഏറ്റവും പ്രതികൂലമാവുക ബിജെപിക്കാവും. അത്തരമൊരു മുന്നണി ഇരുപാര്‍ട്ടികള്‍ക്കും ഒരുപോലെ ഗുണംചെയ്യും.

2017ലെ തിരഞ്ഞെടുപ്പ് കണക്കുകള്‍ വച്ച് വിലയിരുത്തുകയാണ് എങ്കില്‍ ബിഎസ്‌പി- സമാജ്‌വാദി പാര്‍ട്ടി എന്നിവര്‍ സഖ്യകക്ഷികളായാല്‍ ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ നഷ്ടമാകുക അമ്പതോളം സീറ്റുകളായിരിക്കും. ഇരുപാര്‍ട്ടികളുടെയും വോട്ടുകള്‍ കൂട്ടിവച്ചാല്‍ 80 സീറ്റുകള്‍ ഉള്ള സംസ്ഥാനത്ത് ഇരുവര്‍ക്കും 57ഓളം സീറ്റുകള്‍ ലഭിക്കും. ബിജെപിയുടേത് 23 ആയി കുറയും.

സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും പരസ്പരം മൽസരിച്ച 2014 തിരഞ്ഞെടുപ്പില്‍ 73 സീറ്റുകളാണ് ബിജെപി നയിക്കുന്ന എന്‍ഡിഎ സ്വന്തമാക്കിയത്.

ഇരുപാര്‍ട്ടികളും സഖ്യകക്ഷികളാവുകയാണ് എങ്കില്‍ സ്വന്തമാക്കുന്ന സീറ്റുകള്‍ പച്ചയില്‍. കാവി നിറം ബിജെപിക്ക് സാധ്യതയുള്ള സീറ്റുകള്‍.

ഇരുപാര്‍ട്ടികളും പരസ്പരം മൽസരിച്ച അസംബ്ലി തിരഞ്ഞെടുപ്പിലും ഗുണം ലഭിച്ചത് ബിജെപിക്കാണ്. കോണ്‍ഗ്രസുമായി സഖ്യം ചേര്‍ന്ന സമാജ്‌വാദി പാര്‍ട്ടിക്ക് 47 സീറ്റുകള്‍ ലഭിച്ചപ്പോള്‍ ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിക്ക് വെറും 19 സീറ്റാണ് ലഭിച്ചത്. കോണ്‍ഗ്രസിന് ഏഴ് സീറ്റ് മാത്രം ലഭിച്ച തിരഞ്ഞെടുപ്പില്‍ രണ്ട് ചെറു പാര്‍ട്ടികളുമായി സഖ്യത്തിലേര്‍പ്പെട്ട ബിജെപിക്ക് 325 സീറ്റും ലഭിച്ചു. 2014ലെ വോട്ടിങ് ശതമാനം വച്ച് നോക്കുകയാണ് എങ്കില്‍ ഇരുപാര്‍ട്ടികളും ചേര്‍ന്നാല്‍ 57 മണ്ഡലങ്ങളില്‍ 1.45 ലക്ഷം വോട്ടുകളുടെയെങ്കിലും ഭൂരിപക്ഷം ലഭിക്കും.

നിലവിലുള്ള 23 സീറ്റുകളില്‍ 58,000 വോട്ട് ഭൂരിപക്ഷമാണ് ബിജെപിക്കുള്ളത്. ഇതേ കണക്കുകള്‍ പ്രകാരം ഇരുപാര്‍ട്ടികളും ഒന്നിച്ചാല്‍- വാരണാസി, മഥുര, ഗാസിയാബാദ്, ഗൗതം ബുദ്ധ നഗര്‍ എന്നീ നാല് സീറ്റുകളില്‍ മാത്രമാകും ബിജെപിക്ക് ഒരു ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷം നേടാനാവുക. തിരഞ്ഞെടുപ്പില്‍ ഓരോ പാര്‍ട്ടികള്‍ക്കും ലഭിക്കുന്ന വോട്ട് എണ്ണം മാത്രം വച്ചുള്ളതാണീ കണക്കുകള്‍.

തിരഞ്ഞെടുപ്പിൽ സമാജ്‌വാദി പാര്‍ട്ടി കോണ്‍ഗ്രസുമായി സഖ്യത്തിലായിരുന്നു എന്നതിനാല്‍ തന്നെ ഈ വോട്ടുകളുടെ എണ്ണത്തില്‍ ഇനിയും മാറ്റം വരാന്‍ സാധ്യതയുണ്ട്. പല മണ്ഡലങ്ങളിലും സമാജ്‌വാദി പാര്‍ട്ടിയെ പിന്തുണച്ചപ്പോള്‍ ചില സ്ഥലങ്ങളിലെങ്കിലും ഇരുപാര്‍ട്ടികളും തമ്മില്‍ മൽസരിക്കുകയും ചെയ്തു.

എന്നിരുന്നാലും ഒന്നിച്ചുനിന്നാല്‍ ബിജെപിയെ അനായാസം പരാജയപ്പെടുത്താം എന്നത് തന്നെയാണ് ഗോരഖ്പൂരും ഫുല്‍പൂരും ഇരുപാര്‍ട്ടികള്‍ക്കും നല്‍കുന്ന പാഠവും. പൊതുതിരഞ്ഞെടുപ്പിന്റെ ഗതി തീരുമാനിക്കുന്ന ഉത്തര്‍പ്രദേശില്‍ ഇങ്ങനെയൊരു സഖ്യം ഉരുത്തിരിഞ്ഞുവരുമോ എന്ന് തന്നെയാണ് രാഷ്ട്രീയകേന്ദ്രങ്ങളെല്ലാം നിരീക്ഷിക്കുന്നതും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook