ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ മഹാസഖ്യത്തിന് ബി എസ് പി – എസ് പി അന്തിമ ധാരണ. കോണ്‍ഗ്രസിനെ ഒഴിവാക്കിയാണ് പാര്‍ട്ടികള്‍ ഒന്നിക്കുന്നത്. ഇത് സംബന്ധിച്ച് അഖിലേഷ് യാദവും മായവതിയും ലഖ്‌നൗവിൽ ഔദ്യോഗിക പ്രഖ്യാപനം നടത്തി. ഇരു പാര്‍ട്ടികളും 38 സീറ്റില്‍ വീതവും ആര്‍എല്‍ഡി രണ്ടു സീറ്റിലും മത്സരിക്കും. മായാവതിയും അഖിലേഷ് യാദവും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് പ്രഖ്യാപനം ഉണ്ടായത്.
‘ഈ പത്രസമ്മേളനം നരേന്ദ്രമോദിക്കും ബിജെപി അദ്ധ്യക്ഷന്‍ അമിത്ഷായ്ക്കും ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിക്കും,’ എന്നാണ് മായാവതി വ്യക്തമാക്കിയത്. മായാവതിയെ അധിക്ഷേപിക്കുന്നത് തന്നെ അധിക്ഷേപിക്കുന്നതിന് തുല്യമാണെന്ന് അഖിലേഷ് യാദവ് പറഞ്ഞു. ബിജെപിയുടെ ദുര്‍ഭരണത്തിന് എതിരാണ് തങ്ങള്‍ കൈകോര്‍ക്കുന്നതെന്ന് ഇരുവരും പ്രഖ്യാപിച്ചു.
‘ബിജെപിയുടെ ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ ജാതിയുടെ പേരില്‍ കൊല്ലപ്പെടുകയാണ്. ജാതിയുടെ പേരില്‍ ഉത്തര്‍പ്രദേശില്‍ ജനങ്ങള്‍ ഏറ്റുമുട്ടലുകളില്‍ കൊല്ലപ്പെടുകയാണ്,’ അഖിലേഷ് യാദവ് പറഞ്ഞു.
വര്‍ഷങ്ങളായുള്ള ഇരുപാര്‍ട്ടികളുടെയും ശത്രുതക്കാണ് ഇതോടെ അന്ത്യമാകുന്നത്. 2014 ഭൂരിപക്ഷം സീറ്റും നേടിയ ബി.ജെ.പിയെ ഏതുവിധേനയും തടയുകയാണ് സഖ്യത്തിന്റെ ലക്ഷ്യം. ഒന്നിച്ച് നിന്നപ്പോള്‍ കഴിഞ്ഞ വര്‍ഷത്തെ ഉപതെരഞ്ഞെടുപ്പില്‍ ഗോരഖ്പൂര്‍ അടക്കമുള്ള മൂന്ന് ബി.ജെ.പിയുടെ സിറ്റിങ് സീറ്റുകള്‍ പിടിച്ചെടുക്കാന്‍ മഹാസഖ്യത്തിന് കഴിഞ്ഞിരുന്നു. ഇതാണ് ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നത്.
മായാവതിയും അഖിലേഷ് യാദവും നടത്തിയ മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് കോൺഗ്രസിനെ ഒഴിവാക്കി മഹാസഖ്യ രൂപീകരണത്തിലും സീറ്റ് വിഭജനത്തിലും അന്തിമ തീരുമാനമായത്. സഖ്യം സംബന്ധിച്ച് കോണ്‍ഗ്രസ് ഇനിയും തീരുമാനം എടുത്തിട്ടില്ലെങ്കിലും അമേഠിയിലും റായ്ബറേലിയിലും ബി.എസ്.പിയും എസ്.പിയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടില്ല. ഇരു മണ്ഡലങ്ങളും കോണ്‍ഗ്രസിന് വിട്ടു നല്‍കുകയാണെന്ന് മയാവതി പറഞ്ഞു. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കിയിട്ട് നേട്ടമില്ലെന്നും മായാവതി കൂട്ടിച്ചേര്‍ത്തു.
എന്‍ഡിഎയുമായി ഇടഞ്ഞുനില്‍ക്കുന്ന ഓം പ്രകാശ് രാജ്ബറിന്‍റെ സുഹല്‍ദേവ് പാര്‍ട്ടിക്ക് ഒരുസീറ്റ് നല്‍കാനും അപ്‌നാ ദളിന്‍റെ ഒരു സീറ്റില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കാനും സഖ്യം തയ്യാറായേക്കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരണാസിയില്‍ മഹാസഖ്യത്തിന്‍റെ സംയുക്ത സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാനും തീരുമാനമായിട്ടുണ്ട്.