ചെന്നൈ: സ്ത്രീ സുരക്ഷയുടെ കാര്യത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളവും തമിഴ്‌നാടും മുന്നിലാണെന്നൊരു ധാരണ പൊതുസമൂഹത്തിനുണ്ട്. എന്നാല്‍ ഇന്ത്യന്‍ റെയില്‍വേ പുറത്തുവിട്ട കണക്കുകള്‍ ഈ ധാരണകളെയെല്ലാം അട്ടിമറിയ്ക്കുന്നതാണ്. ദക്ഷിണേന്ത്യയിലെ ട്രെയിന്‍ യാത്രകളിലാണ് സ്ത്രീകള്‍ ഏറ്റവും അതിക്രമങ്ങള്‍ നേരിടുന്നത് എന്നാണ് പുതിയ വിവരം.

ട്രെയിനില്‍ വച്ച് സ്ത്രീകള്‍ നേരിടുന്ന അതിക്രമത്തിന്റെ കണക്കെടുത്താല്‍ ഏറ്റവുമധികം പ്രശ്‌നങ്ങള്‍ ദക്ഷിണേന്ത്യയിലാണ്. 2014നും 2016നും ഇടയില്‍ രേഖപ്പെടുത്തിയ 982 കേസുകളില്‍ 206 എണ്ണവും ദക്ഷിണ റെയില്‍വേയിലാണ്. മധ്യമേഖലയില്‍ 128 കേസുകളാണ് ഉള്ളത്.

സംസ്ഥാനങ്ങളിലെ കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും 60:40 എന്ന അനുപാതത്തിലായിരിക്കുമെന്നാണ് റെയില്‍വേയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നത്.

റെയില്‍വേ സുരക്ഷാ സംഘത്തിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്, തങ്ങള്‍ ദക്ഷിണ റെയില്‍വേയിലെ സുരക്ഷ വര്‍ധിപ്പിച്ചു എന്നാണ്. രണ്ടു സംസ്ഥാനങ്ങളിലേയും സ്ത്രീകള്‍ക്ക് പ്രശ്‌നങ്ങളെക്കുറിച്ച് അവബോധമുണ്ടെന്നും അതിക്രമങ്ങള്‍ക്കെതിരെ നിയമ നടപടിയുമായി സ്ത്രീകള്‍ മുന്നോട്ടുവരുന്നുണ്ടെന്നുമാണ് ഇവര്‍ പറയുന്നത്. ഇതിനൊപ്പം തന്നെ കേരളത്തില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ആക്രമണം കൂടുതലാണെന്നും കൂട്ടിച്ചേര്‍ത്തു. പൊതുവായി ഇവിടങ്ങളില്‍ നിന്നും ലഭിക്കുന്ന പരാതികള്‍, തിരക്കുള്ള തീവണ്ടികളില്‍ സ്ത്രീകളെ തോണ്ടുക മുതലായവയാണ്.

ട്രെയിനിന്റെ ജനറല്‍ കംപാര്‍ട്ട്‌മെന്റില്‍ യാത്രചെയ്യുന്ന സ്ത്രീകളുടെ എണ്ണം ചെറുതല്ലെന്നും അവിടെനിന്നാണ് പരാതികള്‍ കൂടുതലും ലഭിക്കുന്നതെന്നും ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. സ്ലീപ്പര്‍ ക്ലാസില്‍ സ്ത്രീകള്‍ക്കായി ആറ് ബെര്‍ത്തുകള്‍ റെയില്‍വേ അനുവദിച്ചിട്ടുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ