ന്യൂഡൽഹി: ഇത്തവണ കേരളത്തിൽ തെക്കു പടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ജൂൺ ഒന്നിനു തന്നെ ആരംഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം. ജൂൺ ഒന്നിനു തന്നെ മൺസൂൺ മഴ ലഭിക്കുമെന്നാണ് പ്രവചനം. കേരളത്തിൽ ജൂൺ ഒന്നിനു തന്നെ ആരംഭിക്കുമെങ്കിലും രാജ്യത്തിന്റെ മറ്റിടങ്ങളിൽ കാലവർഷമെത്താൻ വൈകിയേക്കും.

രാജ്യത്ത് സാധാരണ തോതിലുള്ള മൺസൂൺ മഴ ലഭിക്കുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിച്ചു. രാജ്യത്ത് 70 ശതമാനം മഴയും ലഭിക്കുന്നത് തെക്ക് പടിഞ്ഞാറൻ മൺസൂണിലാണ്. രാജ്യത്ത് മൺസൂൺ സമയത്ത് ലഭിക്കുന്ന സാധാരണ തോതിലുള്ള മഴ ഇത്തവണയും ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്‌ടർ എം.മോഹപാട്ര അറിയിച്ചു. നാല് മാസത്തെ കാലയളവിലുള്ള കാലവർഷം സെപ്‌റ്റംബർ 30 ഓടെ കേരളത്തിൽ നിന്നു പിന്മാറും. അതിനുശേഷമാണ് വടക്കു കിഴക്കൻ മൺസൂൺ കേരളത്തിലെത്തുന്നത്.

Read Also: ലോക്ക്ഡൗണ്‍ കാലം, തഗ് ലൈഫ് ജീവിതം; മാമുക്കോയ പറയുന്നു

കേരളത്തിൽ കഴിഞ്ഞ രണ്ട് വർഷമായി കാലവർഷ മഴയുടെ തോത് കുറവാണ്. അതേസമയം, കഴിഞ്ഞ വർഷം വടക്കുകിഴക്കൻ കാലവർഷം ഇന്ത്യയിൽ ശക്തമായിരുന്നു. 30 ശതമാനം അധിക മഴയാണ് വടക്കുകിഴക്കൻ കാലവർഷത്തിൽ രാജ്യത്ത് ലഭിച്ചത്. ഒക്ടോബർ മുതൽ ഡിസംബർ വരെയാണ് വടക്കു കിഴക്കൻ കാലവർഷം.

ഈ വര്‍ഷം മുതല്‍ രാജ്യത്തിന്റെ ചില ഭാഗങ്ങളില്‍ മണ്‍സൂണിന്റെ സാധാരണ ആരംഭവും പിന്‍വലിക്കല്‍ തിയതിയും പരിഷ്‌കരിക്കാന്‍ ഇന്ത്യന്‍ കാലാവസ്ഥ വകുപ്പ് തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേ തുടർന്ന് കേരളത്തില്‍ മണ്‍സൂണ്‍ മാറിയേക്കുമെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. കേരളത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് ഇതിനു കാരണം. ചുരുക്കം ദിവസങ്ങളിൽ അതിതീവ്രമഴ പെയ്യുന്നതും ദീർഘനാൾ മഴയില്ലാതിരിക്കുന്നതും ഭാവിയിൽ മൺസൂണിൽ സ്ഥിരമാകുമെന്നും ശാസ്ത്രജ്ഞർ സൂചിപ്പിക്കുന്നു.

Read Also: തൃശൂർ പൂരം പൂർണമായും ഒഴിവാക്കി; ചരിത്രത്തിൽ ആദ്യം

കേരളത്തിൽ മഴയുടെ വരവ് വലിയ രീതിയിൽ മാറിയിട്ടുണ്ട്. കഴിഞ്ഞ 13 വർഷത്തിനിടെ ഒരു തവണയാണ് കൃത്യം ജൂൺ ഒന്നിന് മൺസൂൺ മഴ ലഭിച്ചിട്ടുള്ളത്. മറ്റുള്ള സമയങ്ങളിലെല്ലാം മൺസൂൺ മാറിമറിയാറുണ്ട്. ആറോ ഏഴോ ദിവസങ്ങൾ വൈകിയെല്ലാം മൺസൂൺ കേരളത്തിലെത്താറുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook