സിയോള്‍: ദക്ഷിണ കൊറിയയില്‍ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനുള്ള വോട്ടിംഗ് തുടരുന്നു. അഴിമതിക്കേസില്‍ ദക്ഷിണ കൊറിയന്‍ മുന്‍ പ്രസിഡന്റ് പാര്‍ക്ക് ഗ്യൂൻഹൈയെ ഇംപീച്ചിലൂടെ പുറത്താക്കിയതിന് പിന്നാലെയാണ് പ്രസിഡന്റ് പദത്തില്‍ ഒഴിവ് വന്നത്. ഇന്ത്യന്‍ സമയം രാത്രി പത്ത് മണിയോടെ ഫലമറിയാം.
കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി ഹോംങ് ജൂണ്‍ പ്യോയും ലിബറല്‍ സ്ഥാനാര്‍ത്ഥി മൂണ്‍ ജെ ഇനും തമ്മിലാണ് പോരാട്ടം നടക്കുന്നത്. അഴിമതി, അധികാര ദുര്‍വിനിയോഗം എന്നീ കുറ്റങ്ങള്‍ ചുമത്തിയായിരുന്നു മുന്‍ പ്രസിഡന്റ് പാര്‍ക്കിനെ പുറത്താക്കുകയും പിന്നാലെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.
അധികാര ദുർവിനിയോഗം, കൈക്കൂലി, സർക്കാർ രഹസ്യങ്ങളുടെ ചോർത്തൽ തുടങ്ങിയ കുറ്റങ്ങളാണ് പാർക്കിനെതിരേയുള്ളത്. അടുത്ത സുഹൃത്തായ ചോയി സൂൺസിൽ വൻകിട കന്പനികളിൽനിന്നു സമ്മർദം ചെലുത്തി സ്വന്തം കന്പനികളിലേക്കു പണമൊഴുക്കിയതാണ് പാർക്കിനു വിനയായത്. കുറ്റങ്ങള്‍ ചേര്‍ത്ത് ഉടന്‍ അറസ്റ്റ് ചെയ്യാനാണ് സോള്‍ സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് കോടതി ഉത്തരവിട്ടത്.