ഉത്തര കൊറിയൻ പ്രസിഡന്റ് കിം ജോങ്ങ് ഉന്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് ദക്ഷിണ കൊറിയയുടെ പുതിയ പ്രസിഡന്റ് ജേ ഇൻ. ഉത്തര കൊറിയ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ പരീക്ഷിച്ചതിന് പിന്നാലെയാണ് ദക്ഷിണ കൊറിയയുടെ പുരോഗമനവാദിയായ പുതിയ പ്രസിഡന്റിന്റെ പ്രസ്താവന.

ഉത്തര കൊറിയയുമായി സൗഹൃദത്തിന് താത്പര്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ജർമ്മനിയിൽ ജി-20 ഉച്ചകോടിക്ക് മുൻപ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ നിലപാട് വ്യക്തമാക്കിയത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തെ തുടർന്ന് വേർപെട്ട് പോയ കുടുംബങ്ങളുടെ പുന:സമാഗമം സാധ്യമാക്കണമെന്നും, അതിർത്തിയിലെ ആക്രമണങ്ങൾ ഇരു രാജ്യങ്ങളും അവസാനിപ്പിക്കണം, 2018 ലെ ഒളിംപിക്സിന് പരസ്പര സഹകരണം വേണം തുടങ്ങിയ ആവശ്യങ്ങളാണ് ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേ ഇൻ മുന്നോട്ട് വച്ചത്.

ഉത്തര കൊറിയ നിരന്തരം ആുധങ്ങൾ പരീക്ഷിച്ച് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, പ്രകോപനം സൃഷ്ടിക്കാതെ രമ്യമായ സൗഹൃദ സാധ്യത തേടുകയാണ് ദക്ഷിണ കൊറിയ. ഭൂഖണ്ഡാന്തര മിസൈൽ പരീക്ഷിച്ച സാഹചര്യത്തിൽ അമേരിക്കയ്ക്കും മറ്റ് രാഷ്ട്രങ്ങൾക്കുമൊപ്പം ഉത്തര കൊറിയയെ ശിക്ഷിക്കാനുള്ള വഴി തേടുകയാണ് ദക്ഷിണ കൊറിയ.

ഈ സാഹചര്യത്തിൽ ദക്ഷിണ കൊറിയയുടെ പ്രസിഡന്റ് തന്നെ സമവായ ചർച്ചയ്ക്കുള്ള സാധ്യത തേടിയത് ഉത്തര കൊറിയ അംഗീകരിച്ചേക്കില്ല. “ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര ചർച്ചയ്ക്കുള്ള യാതൊരു സാഹചര്യവും നിലവിലില്ലെന്നത് വളരെ അപകടകരമാണ്”, മൂൺ പറഞ്ഞു. “കൊറിയൻ അതിർത്തിയിലെ പ്രശ്നങ്ങൾ അവസാനിപ്പിക്കുന്നതിന് ഞങ്ങൾ മുന്നോട്ട് വച്ച നിർദ്ദേശങ്ങൾ അംഗീകരിക്കാൻ തയ്യാറാണെങ്കിൽ എവിടെ വച്ചും എപ്പോൾ വേണമെങ്കിലും ചർച്ചയ്ക്ക് തയ്യാറാണ്”, മൂൺ ജെ ഇൻ പറഞ്ഞു.

മെയ് മാസത്തിൽ അധികാരം ഏറ്റെടുത്തത് മുതൽ തന്നെ ഉത്തര കൊറിയയുമായുള്ള നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനാണ് മൂണ ജേ ഇൻ ശ്രമിക്കുന്നത്. എന്നാൽ ഉത്തര കൊറിയ ഭൂഖണ്ഡാന്തര മിസൈൽ വിജയകരമായി പരീക്ഷിച്ചതോടെ അമേരിക്ക അടക്കമുള്ള ലോകരാഷ്ട്രങ്ങൾ ഞെട്ടിയിരിക്കുകയാണ്.

അമേരിക്കയുടെ ഏത് ഭാഗത്തും പതിക്കാവുന്ന വിധത്തിൽ ആണവായുധം പ്രയോഗിക്കാൻ ലക്ഷ്യമിട്ടാണ് ഉത്തര കൊറിയയുടെ പരീക്ഷണം മുന്നോട്ട് പോകുന്നത്. ഇത് അമേരിക്കയ്ക്ക് തന്നെ കടുത്ത വെല്ലുവിളി ഉയർത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച ഉത്തര കൊറിയ പരീക്ഷിച്ച ഭൂഖണ്ഡാന്തര മിസൈൽ അമേരിക്കയിലെ അലാസ്ക വരെ സഞ്ചരിക്കാൻ പര്യാപ്തമാണെന്നാണ് വിദഗദ്ധരുടെ അഭിപ്രായം.

അമേരിക്കയിൽ എവിടെയും ആക്രമിക്കാവുന്ന ബാലിസ്റ്റിക് മിസൈലുകൾ ഇനിയും പരീക്ഷിക്കുമെന്നാണ് പിന്നീട് കിം ജോങ്ങ് ഉൻ വ്യക്തമാക്കിയത്. അതേസമയം ഉത്തര കൊറിയൻ തലസ്ഥാനത്ത് ബാലിസ്റ്റിക് മിസൈലിന്റെ പരീക്ഷണ വിജയം ആഘോഷിക്കാൻ ആയിരക്കണക്കിന് പേരാണ് റാലിയിൽ പങ്കെടുത്തത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ