scorecardresearch

കിം കി ഡുക് അന്തരിച്ചു; വിട പറഞ്ഞത് മലയാളികളുടെ മനസ്സെടുത്ത സംവിധായകൻ

കോവിഡ് ബാധയെ തുടർന്നു യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് കിം അന്തരിച്ചത്

കിം കി ഡുക് അന്തരിച്ചു; വിട പറഞ്ഞത് മലയാളികളുടെ മനസ്സെടുത്ത സംവിധായകൻ

South Korean filmmaker Kim Ki-duk passes away: പ്രശസ്ത കൊറിയൻ സംവിധായകൻ കിം കി-ഡുക് അന്തരിച്ചു. കോവിഡ് ബാധിച്ചാണ് മരണമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കിമ്മിന്റെ കുടുംബം വാര്‍ത്ത സ്ഥിരീകരിച്ചതായി കൊറിയന്‍ പത്രമായ ജൂആന്ഗ് ഡെയിലി റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

യൂറോപ്യന്‍ രാജ്യമായ ലാത്വിയയില്‍ വച്ചാണ് കിം അന്തരിച്ചത്. നവംബര്‍ 20നാണ് അദ്ദേഹം ലാത്വിയയില്‍ എത്തിയത്. കൊവിഡ് ചികിത്സയുമായി ബന്ധപ്പെട്ട് ആശുപത്രിയില്‍ തുടരവെയാണ് അന്ത്യം സംഭവിച്ചത്.

അറുപത് വയസ്സുകാരനായ കിം കി-ഡുക്ക് ലോക സിനിമയിലെ നിരവധി ബഹുമതികൾക്ക് അര്‍ഹനായ സം‌വിധായകനാണ്. പ്രശസ്ത ചലച്ചിത്രോത്സവങ്ങളായ കാനിലും ബെര്‍ലിനിലും വെനീസിലും പ്രധാന പുരസ്കാരങ്ങള്‍ നേടിയിട്ടുള്ള കിമ്മിന്  കേരളത്തിലും നിരവധി ആരാധകർ ഉണ്ട്.

1960 ഡിസംബർ 20-ന് ദക്ഷിണ കൊറിയയിലെ ക്യോങ്സങ് പ്രവിശ്യയിലെ ബോംഗ്‌വയിലാണ് കിം കി ഡുക് ജനിച്ചത്. പാരീസിലെ ഫൈൻ ആർട്സ് പഠനത്തിനു ശേഷം ദക്ഷിണ കൊറിയയിൽ തിരിച്ചെത്തിയ കിം തിരക്കഥാരചയിതാവായാണ് ചലച്ചിത്രജീവിതം ആരംഭിച്ചത്. 1995-ൽ കൊറിയൻ ഫിലിം കൗൺസിൽ നടത്തിയ ഒരു മത്സരത്തിൽ കിം കി-ഡുകിന്റെ തിരക്കഥ ഒന്നാം സമ്മാനം നേടിയതാണ് കിമ്മിന്റെ ജീവിതത്തിൽ വഴിത്തിരിവായത്. തൊട്ടടുത്ത വർഷം ‘ക്രോക്കോഡിൽ’ എന്ന ചിത്രത്തിലൂടെ കിം സംവിധായകനായി അരങ്ങേറ്റം കുറിച്ചു.

‘സമരിറ്റൻ ഗേൾ,’ ‘ത്രീ അയേൺ,’ ‘ടൈം,’ ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്,’ സ്പ്രിങ്, ‘വൈൽഡ് ആനിമൽസ്,’ ‘ബ്രിഡ്കേജ് ഇൻ,’ ‘റിയൽ ഫിക്ഷൻ,’ ‘അഡ്രസ് അൺനോൺ,’ ‘ബാഡ് ഗയ്,’ ‘ദി കോസ്റ്റ് ഗാർഡ്,’ ‘ദി ബോ,’ ‘ബ്രീത്ത്,’ ‘ഡ്രീം,’ ‘പിയത്ത,’ ‘മോബിയസ്’ എന്നിങ്ങനെ 30 ലേറെ ചിത്രങ്ങൾ സംവിധാനം ചെയ്തു. 2004-ൽ കിം കി ഡുക് മികച്ച സംവിധായകനുള്ള രണ്ട് പുരസ്കാരങ്ങൾക്ക് അർഹനായി- സമരിറ്റൻ ഗേൾ എന്ന ചിത്രത്തിന് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ത്രീ-അയേൺ എന്ന ചിത്രത്തിന് വെനീസ് ചലച്ചിത്രോത്സവത്തിലെ പുരസ്കാരവും ലഭിച്ചു.

വെനീസ്, മോസ്കോ, ബെൽജിയം, ബ്രസ്സൽസ്, ഫുകുവോക, ലാ പാമാസ് തുടങ്ങി നിരവധി അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. 2004ൽ ‘സ്പ്രിങ്, സമ്മർ, ഫാൾ, വിന്റർ… ആന്റ് സ്പ്രിങ്’ എന്ന ചിത്രത്തിന് മികച്ച അന്യഭാഷാ ചിത്രത്തിനുള്ള അക്കാദമി അവാർഡും ലഭിച്ചിരുന്നു. 2019 ലെ ‘ഡിസോള്‍വ്’ ആണ് അവസാനചിത്രം

2018ല്‍ കിമ്മുമായി പ്രവര്‍ത്തിച്ച രണ്ടു നടിമാര്‍ അദ്ദേഹത്തിനെതിരെ ലൈംഗികാതിക്രമത്തിനു പരാതി നല്‍കിയിരുന്നു. ആ കേസില്‍ കിമ്മിന് 880,700 ഡോളർ നഷ്ടപരിഹാരം നല്‍കേണ്ടി വന്നു.

kim ki duk, kim ki duk passes away

മലയാളികളുടെയും ഇഷ്ട സംവിധായകനാണ് കിം കി ഡുക്ക്. കേരള രാജ്യാന്തര ചലച്ചിത്ര മേളയിൽ കിം കി ഡുക്ക് സിനിമകൾക്ക് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഐ എഫ് എഫ് കെ കിമ്മിന്‍റെ പ്രധാന ചിത്രങ്ങള്‍ അടങ്ങിയ റെട്രോസ്പെക്ടീവ് നടത്തിയിരുന്നു.

മലയാളി സിനിമാസ്വാദകരുടെ മനം കവര്‍ന്ന കിമ്മിന്റെ റെട്രോസ്പെക്ടീവ് നടന്ന വര്‍ഷം ആസ്വാദകരുടെ കുത്തൊഴുക്ക് കാരണം പല ചിത്രങ്ങളും പുനപ്രദര്‍ശനങ്ങള്‍ നടത്തേണ്ടതായും വന്നു. മലയാളികളുടെ സ്നേഹം നേരിട്ടു കാണാന്‍ ഒരു തവണ ഐഎഫ്എഫ്കെയ്ക്ക് അദ്ദേഹം എത്തുകയും സിനിമാസ്വാദകരുമായി സംവദിക്കുകയും ചെയ്തു.

Read more: പ്രിയപ്പെട്ട കിം, നിങ്ങളില്ലാതെ ഞങ്ങള്‍ക്കെന്ത് ആഘോഷം?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: South korean movie director kim ki duk dead covid 19