സോൾ: ദക്ഷിണ കൊറിയന്‍ സംവിധായകന്‍ കിം കി ഡുക്ക് തന്റെ സിനിമയിലഭിനയിച്ച സ്ത്രീകളെ നിരന്തരം ബലാത്സംഗം ചെയ്യുകയും ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തതായ് ആരോപണം. എംബിസി എന്ന ടിവി ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പിഡി നോട്ട്ബുക്ക് എന്ന പരിപാടിയിലാണ് സംവിധായകനൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള ഒന്നിലേറെ വനിതാ താരങ്ങള്‍ വെളിപ്പെടുത്തല്‍ നടത്തിയത്.

2013ല്‍ മോബിയസ് എന്ന സിനിമയുടെ സെറ്റില്‍ വച്ച് കിം തന്നെ നിരന്തരമായി പീഡിപ്പിച്ചുവെന്ന് മുന്‍പ് അജ്ഞാതയായൊരു സ്ത്രീ പരാതിപ്പെട്ടിരുന്നു. ലൈംഗിക ചൂഷണത്തിനെ എതിര്‍ത്ത നടിയെ പിന്നീട് സിനിമയില്‍ നിന്നും ഒഴിവാക്കുകയാണ് ഉണ്ടായത്. ഇത് കാണിച്ച് 2017ല്‍ നടി നല്‍കിയ പരാതിയിന്മേല്‍ കിം കി ഡുക്കിന് പ്രാദേശിക കോടതിയില്‍ 5,000 ഡോളര്‍ പിഴ അടക്കേണ്ടി വന്നിരുന്നു. ലൈംഗിക അധിക്ഷേപത്തിന് തെളിവുകള്‍ കണ്ടെത്താന്‍ ആകാത്തതിനാല്‍ അതില്‍ നടപടിയുണ്ടായില്ല.

പിഡി നോട്ട്ബുക്കിലൂടെ ആരോപണം നടത്തിയത് ഇതേ നടിയാണ്. തനിക്ക് വഴങ്ങിയില്ലെങ്കില്‍ അവസരം നിഷേധിക്കും എന്ന് സംവിധായകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായും അവര്‍ ആരോപിച്ചു. ലൈംഗിക ബന്ധത്തിന് താത്പര്യമില്ല എന്ന് പറഞ്ഞപ്പോള്‍ ” എന്നെ വിശ്വാസത്തിലെടുക്കാത്ത ഒരു നടിയുടെ കൂടെ പ്രവര്‍ത്തിക്കാന്‍ എനിക്ക് കഴിയില്ല” എന്നായിരുന്നു കിം കി ഡുക്കിന്‍റെ പ്രതികരണം.

കിം കി ഡുക്കിന്‍റെ സിനിമയിലെ മറ്റൊരു നടിയും പരിപാടിയിലൂടെ സമാനമായ ആരോപണം നടത്തി. സംവിധായകന്‍ ഷൂട്ടിങ് സെറ്റില്‍ വച്ച് തന്നെ പലതവണ ബലാത്സംഗം ചെയ്തു എന്നായിരുന്നു മുന്‍ നടിയുടെ വെളിപ്പെടുത്തല്‍.

കിം കി ഡുക്കിന് പുറമേ അദ്ദേഹത്തിന്‍റെ പല സിനിമകളിലും നായകനായ ചോ ജേ ഹ്യുനും തന്നെ ബലാത്സംഗം ചെയ്തു. നായകന്‍റെ മാനേജറും അത്തരമൊരു ശ്രമം നടത്തിയതായി നടി വെളിപ്പെടുത്തി. തന്നോട് ലൈംഗികബന്ധം തുടരുകയാണ് എങ്കില്‍ അടുത്ത സിനിമയിലും അവസരം തരാം എന്ന് സംവിധായകന്‍ വാഗ്‌ദാനം ചെയ്തതായും താരം ആരോപിക്കുന്നു.

കിം കി ഡുക്ക് സിനിമയുടെ പ്രീ പ്രൊഡക്ഷനില്‍ നിന്നും ഇറങ്ങി ഓടിയ മറ്റൊരു സ്ത്രീയാണ് ചാനല്‍ പരിപാടിയില്‍ വന്ന മൂന്നാമത്തെ ആള്‍. തന്നോട് ലൈംഗിക ചുവയില്‍ സംസാരിച്ച സംവിധായകന്‍ തന്റെ സ്വകാര്യ ഭാഗങ്ങളുടെ നിറം എന്തെന്നും മറ്റും ആരാഞ്ഞതാണ് നടിയെ പേടിപ്പെടുത്തിയത്.

“#MeToo ക്യാംപെയിന്‍ കൂടുതൽ കൂടുതൽ ശക്തമാകുകയും[…] സത്യം പുറത്തുവന്നതിനു മുന്‍പ് ആളുകൾ ജീവനോടെ സംസ്കരിക്കുകയും ചെയ്യുകയാണ്.. ” ചാനല്‍ പരിപാടിയുടെ നടത്തിപ്പുകാര്‍ക്ക് സംവിധായകന്‍ അയച്ച മെസേജില്‍ പറയുന്നു.

ദക്ഷിണ കൊറിയന്‍ സിനിമാ വ്യവസായത്തെ #MeToo ക്യാംപെയിൻ പിടിച്ചു കുലുക്കുന്നതിനിടയിലാണ് വെന്നീസ് ലയണ്‍ ജേതാവായ കിം കി ഡുക്കിനെതിരെയും ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നിരിക്കുന്നത്.

“ഞാന്‍ ഒരു ചുംബനം മോഷ്ടിച്ചിട്ടുണ്ട്. സ്ത്രീകളുടെ അനുവാദം ഇല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല” കിം കി ഡുക്ക് പ്രതികരിച്ചതായി ഹോളിവുഡ് റിപ്പോര്‍ട്ടര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook