സോൾ: അഴിമതിക്കേസിൽ പിടിയിലായ സാംസങ്ങിന്റെ മേധാവി ജയ് വൈ ലീയെ (48) കോടതി അഞ്ച് വർഷം തടവിന് ശിക്ഷിച്ചു. ദക്ഷിണ കൊറിയയിലെ ആദ്യ വനിതാ പ്രസിഡന്റ് പാർക് ഗ്യൂൻ ഹൈയുടെയും അവരുടെ സുഹൃത്ത് ചോയ് സൂ സില്ലിന്റെയും ‘ഫൗണ്ടേഷനുകൾക്ക്’ വൻതുക സംഭാവന നൽകിയെന്നതാണു കേസ്.

സാംസങിന് പ്രസിഡൻ്റിൻ്റെ പിന്തുണ ലഭിക്കുന്നതിനായി നൽകിയ കൈക്കൂലിയാണിതെന്ന് കോടതി നിരീക്ഷിച്ചു. ഇതോടെയാണ് ജയിലിലേക്ക് വാതിൽ തുറന്നത്. പ്രമുഖ വ്യവസായ സ്ഥാപനമായ സാംസങ്ങിന്റെ വൈസ് ചെയർമാനും ദക്ഷിണ കൊറിയയിലെ ഏറ്റവും സമ്പന്നനുമാണ് ലീ.

സംഭാവനയായി 1.7 കോടി ഡോളർ (ഏതാണ്ട് 114 കോടി രൂപ) നൽകിയതാണ് സാംസങ് തലവന് തിരിച്ചടിയായത്. ഈ സംഭവത്തെത്തുടർന്ന് പാർക് ഗ്യൂൻ ഹൈയെ (64) പാർലമെന്റ് ഇംപീച്ച് ചെയ്തിരുന്നു.

ആറ് മാസത്തെ വാദ പ്രതിവാദങ്ങൾക്ക് ശേഷം സോളിലെ സെൻട്രൽ ജില്ലാ കോടതിയാണ് ഇക്കാര്യത്തിൽ വിധി പുറപ്പെടുവിച്ചിരിക്കുന്നത്. സ്വത്തുക്കൾ വിദേശത്ത് ഒളിപ്പിച്ച സംഭവത്തിനും ലീ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

അതേസമയം പാർകിൻ്റെ സുഹൃത്തുക്കൾക്ക് സംഭാവന നൽകിയ കാര്യം കേസ് വാദം കേൾക്കുന്നതിനിടെ ഇവർ സമ്മതിച്ചിട്ടുണ്ട്. പ്രൊസിക്യൂട്ടർമാർ ലീയ്ക്ക് 12 വർഷം തടവുശിക്ഷ നൽകണമെന്നാണ് വാദിച്ചത്.

1938 ൽ ലീയുടെ മുത്തച്ഛനാണ് സാംസങ് സ്ഥാപിച്ചത്. 1950-53 കാലത്ത് നടന്ന കൊറിയൻ യുദ്ധത്തെ തുടർന്ന് പട്ടിണിയിലേക്ക് വീണ ദക്ഷിണ കൊറിയയുടെ വളർച്ചയ്ക്ക് ഏറെ സഹായകരമായത് പിന്നിൽ സാംസങിൻ്റെ വളർച്ചയും കാരണമാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ