ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന് പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് ആരംഭിച്ചു. ജേക്കബ് സുമയുടെ പിൻഗാമിയെ തേടിയാണ് തിരഞ്ഞെടുപ്പ്. വർണ വിവേചനത്തിന്രെ യുഗം അവസാനിപ്പിച്ചതിന് ശേഷം ദക്ഷിണാഫ്രിക്കയെ നയിച്ച പാർട്ടിയിലെ തിരഞ്ഞെടുപ്പ് ജനശ്രദ്ധയാകർഷിച്ചിരിക്കുന്നത് പാർട്ടിയിലെ ആഭ്യന്തര പ്രശ്നത്താൽ തന്നെയാണ്. അഴിമതിയുടെയും വിവാദങ്ങളുടെയും നിഴലിൽ പാർട്ടി നിൽക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള പ്രസിഡന്റ് ജേക്കബ് സുമയുടെ പിൻഗാമിക്കായി ശക്തമായ പോർമുഖങ്ങളാണ് പാർട്ടിയിൽ ഇരു വിഭാഗങ്ങളും തുറന്നിരിക്കുന്നത്.

വർണവിവേചനം അവസാനിച്ചതിന് ശേഷം, കറുത്തവർഗക്കാരുടെ ഭൂരിപക്ഷത്തോടെ, നെൽസൺ മണ്ടേലയുടെ നേതൃത്വത്തിൽ ഭരണത്തിലേറിയ പാർട്ടിക്ക് സുവർണ പാരമ്പര്യം ചരിത്രമായുണ്ട്. എന്നാൽ ജേക്കബ് സുമയുടെ നേതൃത്വത്തിന്റെ കാലഘട്ടത്തിൽ ഉയർന്ന അഴിമതി ആരോപണങ്ങളും  വിവാദങ്ങളും എഎൻസിയെ രണ്ടു വിഭാഗങ്ങളായി പകുത്തു കഴിഞ്ഞിരിക്കുകയാണ്. പുതിയ പാർട്ടി തിരഞ്ഞടുപ്പിൽ മൽസരിച്ചു ജയിക്കുന്ന വ്യക്തിയായിരിക്കും 2019 ൽ ലെ തിരഞ്ഞെടുപ്പിന് ശേഷം രാജ്യത്തിന്റെ പ്രസിഡന്ര് ആവുക കാരണം 105 വർഷത്തെ സ്വാതന്ത്ര്യ പോരാട്ട ചരിത്രം ദക്ഷിണ ആഫ്രിക്കൻ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നതിൽ ആഫ്രിക്കൻ നാഷണൽ കോൺഗ്രസിനെ നിർണായകമാക്കുന്നു.

പാർട്ടിയിലെ 4776 പ്രതിനിധികളാണ് വോട്ടെടുപ്പിൽ പങ്കെടുക്കുന്നത്. പാർട്ടി ഡപ്യൂട്ടി പ്രസിഡന്റ് സിറിൽ രമഫോസ, സുമയുടെ മുൻ ഭാര്യയും, മുൻ ക്യാബിനറ്റ് മന്ത്രിയുമായിരുന്ന നിക്കോസ സന ദാൽമിനി സുമയുമാണ് സ്ഥാനാർത്ഥികൾ. ജൊഹാന്നസ്‌ബർഗിൽ ഞായറാഴ്ച രാത്രി നടന്ന പാർട്ടിയോഗമാണ് ഇരുവരെയും സ്ഥാനാർഥികളായി തീരുമാനിച്ചത്. ദാൽമിനി സുമയെ അനാവശ്യമായി പിന്തുണക്കുന്നതിന്റെ പേരിൽ ചില പാർട്ടി നേതാക്കളെ യോഗത്തിൽ പങ്കെടുക്കുന്നതിൽ നിന്നു കോടതി വിലക്കിയത് റമഫോസയ്ക്കു അനുകൂലമായി തീരുമെന്നാണ് അദ്ദേഹത്തിന്റെ അനുയായികൾ കരുതുന്നത്. ഈ വാർത്ത വന്നതിനു ശേഷം ദക്ഷിണാഫ്രിക്കയുടെ റാൻഡ് കറൻസിയുടെ മൂല്യം രണ്ടു ശതമാനവും ഉയർന്നിരുന്നു. ഇത് റമഫോസയുടെ വിജയസാധ്യത വർധിപ്പിക്കുമെന്ന് ഓവർബെർഗ് അസ്സെറ്റ് മാനേജ്‌മന്റ് ഡയറക്റ്റർ ബ്രെറ്റ് ബിർകെൻസ്‌റ്റോക്ക് പറഞ്ഞു.

ദക്ഷിണാഫ്രിക്കയുടെ വിപണി പിന്തുണയ്ക്കുന്നത് റമഫോസയെ ആണ്. കാരണം അദ്ദേഹം  സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുമെന്ന് വിപണി വിശ്വാസിക്കുന്നു.

വിജയിയെ ഞായറാഴ്ച പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും, വോട്ടെടുപ്പിൽ വന്ന താമസം, ഫലപ്രഖ്യാപനത്തെ അനിശ്ചിതമായി വൈകിപ്പിക്കുകയാണ്.

ശനിയാഴ്ച കോളേജുകൾക്കും, സർവ്വകലാശാലകൾക്കുമുള്ള സബ്‌സിഡി ഉയർത്തുമെന്ന് സുമ പ്രഖ്യാപിച്ചിരുന്നു. ഇത് പാർട്ടിയിലെ പ്രബലരെ ഡാൽമിനി സുമക്കനുകൂലമാക്കാനുള്ള നടപടിയായാണ് വിലയിരുത്തപ്പെടുന്നത്. 2009 ൽ ഭരണത്തിലേറിയതിനു ശേഷം സുമക്കെതിരെ നിരവധി അഴിമതി ആരോപണങ്ങൾ ഉയർന്നിരുന്നു.

മുൻ തൊഴിലാളി നേതാവും, വ്യവസായിയുമായ റമഫോസ ഇപ്പോൾ ദക്ഷിണാഫ്രിക്കയിലെ ഏറ്റവും സമ്പന്നരിൽ ഒരാളാണ്. ദക്ഷിണാഫ്രിക്കയെ അഴിമതി മുക്തമാക്കുമെന്നു പ്രഖ്യാപിച്ചു രംഗത്തെത്തിയ റമഫോസയുടെ നിലപാടിനെ വിദേശ നിക്ഷേപകർ പുകഴ്ത്തുകയും ചെയ്തിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ