ന്യൂഡൽഹി: വിവാദമായ പൗരത്വ (ഭേദഗതി) നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട സനാ ഗാംഗുലിയുടെ ഇൻസ്റ്റാഗ്രാം പോസ്റ്റ് വൈറലായതിന് മണിക്കൂറുകൾക്ക് ശേഷം പ്രതികരണവുമായി ക്രിക്കറ്റ് ബോർഡ് ഓഫ് ഇന്ത്യ (ബിസിസിഐ) പ്രസിഡന്റും മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി. മകൾക്ക് രാഷ്ട്രീയത്തെ കുറിച്ച് മനസിലാക്കാൻ പ്രായമായിട്ടില്ല എന്നായിരുന്നു ഗാംഗുലിയുടെ പ്രതികരണം.

“ദയവായി സനയെ ഈ പ്രശ്‌നങ്ങളിൽ നിന്ന് ഒഴിവാക്കുക .. ഈ പോസ്റ്റ് ശരിയല്ല .. രാഷ്ട്രീയത്തെ കുറിച്ച് എന്തെങ്കിലും മനസിലാക്കാനുള്ള പ്രായം പോലുമാകാത്ത ഒരു കൊച്ചു പെൺകുട്ടിയാണ് അവൾ,” ഗാംഗുലി ട്വിറ്ററിൽ പോസ്റ്റ് ചെയ്തു.

ഖുശ്വന്ത് സിങ്ങിന്റെ ‘ദി എൻഡ് ഓഫ് ഇന്ത്യ’ (2003 ൽ പ്രസിദ്ധീകരിച്ചത്) എന്ന പുസ്തക ത്തിന്റെ ഒരു ഭാഗം സന തന്റെ സോഷ്യൽ മീഡിയ പേജിൽ പോസ്റ്റ് ചെയ്തിരുന്നു. ഡൽഹിയിലെ ജാമിയ മില്ലിയ ഇസ്ലാമിയയിൽ പോലീസ് നടത്തിയ അടിച്ചമർത്തലിനും നിയമത്തിനെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധത്തിനും ഇടയിലാണ് സനയുടെ പോസ്റ്റ്.

“ഓരോ ഫാസിസ്റ്റ് ഭരണകൂടത്തിനും അഭിവൃദ്ധി പ്രാപിക്കാൻ പൈശാചികവൽക്കരിക്കാവുന്ന കമ്മ്യൂണിറ്റികളും ഗ്രൂപ്പുകളും ആവശ്യമാണ്. ഇത് ഒന്നോ രണ്ടോ ഗ്രൂപ്പുകളിൽ ആരംഭിക്കുന്നു. പക്ഷേ അത് ഒരിക്കലും അവസാനിക്കുന്നില്ല. വിദ്വേഷത്തിൽ അധിഷ്ഠിതമായ ഒരു പ്രസ്ഥാനത്തിന് നിരന്തരം ഭയവും കലഹവും സൃഷ്ടിക്കുന്നതിലൂടെ മാത്രമേ നിലനിൽക്കാൻ കഴിയൂ.”

“നമ്മിൽ മുസ്ലീങ്ങളോ ക്രിസ്ത്യാനികളോ അല്ലാത്തതിനാൽ സുരക്ഷിതത്വം അനുഭവിക്കുന്നവർ ഇന്ന് വിഡ്ഢിയുടെ പറുദീസയിലാണ് ജീവിക്കുന്നത്. സംഘം ഇതിനകം തന്നെ ഇടതുപക്ഷ ചരിത്രകാരന്മാരെയും “പാശ്ചാത്യവൽക്കരിക്കപ്പെട്ട” യുവാക്കളെയും ലക്ഷ്യമിട്ടു കഴിഞ്ഞു. ഇന്ന് നമ്മള്‍ പ്രതികരിച്ചില്ലെങ്കില്‍ അടുത്ത ലക്ഷ്യം നമ്മളാകാം. അത് ചിലപ്പോള്‍ സ്ത്രീകളുടെ വസ്ത്രമാക. ജനങ്ങളുടെ ഭക്ഷണമാകാം, മദ്യമാകാം, വിദേശ സിനിമകള്‍ കാണുന്നവരെയാകാ”മെന്നും പോസ്റ്റിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook