ന്യൂഡൽഹി: സൗമ്യ വധക്കേസിലെ വിധിയിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതിയുടെ ആറംഗ ബെഞ്ചിലേക്ക് മാറ്റി. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുളള ആറംഗ ബെഞ്ച് വ്യാഴാഴ്ച ഹർജി പരിഗണിക്കും. സൗമ്യ കേസിൽ വിധി പറഞ്ഞ ജഡ്ജിമാരും ഇക്കൂട്ടത്തിലുണ്ട്. ചീഫ് ജസ്റ്റിസിന്റെ ചേംബറിലാണ് കേസ് പരിഗണിക്കുന്നത്.

വിധി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് നേരത്തെ സംസ്ഥാന സർക്കാർ നൽകിയ ഹർജി സുപ്രീംകോടതി തുറന്ന കോടതിയിൽ വാദം കേട്ട് തളളിയിരുന്നു. ഈ കേസിൽ വിധി പറഞ്ഞ ജഡ്ജിമാരെ വിമർശിച്ചതിന് മാർക്കണ്ഡേയ കട്ജുവിനെ സുപ്രീം കോടതി വിളിച്ചുവരുത്തി ശാസിക്കുകയും അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യ നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് സംസ്ഥാന സർക്കാർ വിധിയിലെ പിഴവ് തിരുത്തണമെന്നാവശ്യപ്പെട്ട് തിരുത്തൽ ഹർജി നൽകിയത്.

സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഏഴു വര്‍ഷം കഠിന തടവ് മാത്രമാക്കി ശിക്ഷ ചുരുക്കുകയും ചെയ്തു. വധശിക്ഷ നല്‍കിയ തൃശ്ശൂര്‍ അതിവേഗ കോടതിയുടെ വിധിക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. തൃശ്ശൂര്‍ അതിവേഗ കോടതി ഗോവിന്ദചാമിക്ക് വധശിക്ഷയാണ് വിധിച്ചത്. ഇതിനു പുറമെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിധി ഹൈക്കോടതി ശരിവെയ്ക്കുകയും ചെയ്തതു. തുടർന്നാണ് ഗോവിന്ദച്ചാമി സുപ്രീംകോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ