ന്യൂഡല്‍ഹി: ജനങ്ങളുടെ വ്യത്യസ്ത അഭിപ്രായങ്ങളെത്തുടര്‍ന്ന് രാജ്യത്തുണ്ടാകുന്ന ആക്രമണങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി. മനുഷ്യജീവിതത്തോടുള്ള അവഗണന രാജ്യത്തിന്റെ ഐക്യത്തെ വ്രണപ്പെടുത്തുന്നതാണെന്ന് പ്രണബ് മുഖര്‍ജി പറഞ്ഞു.

“ഇന്ത്യയുടെ ആത്മാവ് ബഹുസ്വരതയിലും വൈവിധ്യങ്ങളുടെ ആഘോഷത്തിലുമാണ് വസിക്കുന്നത്. ഒരു കുട്ടിയോ സ്ത്രീയോ വ്യക്തിയോ ക്രൂരമായി പീഡിപ്പിക്കപ്പെടുമ്പോള്‍ ഇന്ത്യയുടെ ആത്മാവിന് തന്നെ മുറിവേല്‍ക്കുന്നു. ഓരോ ദിവസവും ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്നു. ഈ ആക്രമണങ്ങളുടെയെല്ലാം മൂലകാരണം ഭയവും അന്ധതയും അവിശ്വാസവുമാണ്” പ്രണബ് മുഖര്‍ജി പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സഡ് സ്റ്റഡീസിലെ പരിപാടിയില്‍ വിദ്യാര്‍ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.

Read Also: താരമായി മേയര്‍ ബ്രോ; വട്ടിയൂര്‍ക്കാവിലെ പോസ്റ്ററുകളും ബോര്‍ഡുകളും നീക്കം ചെയ്തു

രാജ്യതാല്‍പ്പര്യമുള്ള വിഷയങ്ങളില്‍ പൊതു ഇടപെടല്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. പൊതു ഇടപെടലിനായി ജനങ്ങളെ പ്രോത്സാഹിപ്പിക്കണം. ആരോഗ്യകരമായ ജനാധിപത്യത്തിനു സംഭാഷണം നടക്കണമെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

വ്യത്യസ്ത അഭിപ്രായങ്ങളെ നമുക്ക് നിഷേധിക്കാനാവില്ല. നമുക്കതിനോട് ഐക്യപ്പെടാം, ഐക്യപ്പെടാതിരിക്കാം. എങ്കിലും വ്യത്യസ്ത അഭിപ്രായങ്ങള്‍ അനിവാര്യമാണ്. നിരവധി ആശയങ്ങളുടെ സ്വാംശീകരണത്തിലൂടെയാണ് ഈ സമൂഹം രൂപപ്പെട്ടത്. നമ്മുടെ സംയുക്ത സംസ്‌കാരമാണ് രാജ്യത്തെ ഒരു ജനതയാക്കുന്നതെന്നും പ്രണബ് മുഖര്‍ജി പറഞ്ഞു.

Read Also: മഹാത്മാ ഗാന്ധി രാഷ്ട്രപുത്രൻ: ബിജെപി എംപി പ്രഗ്യാ സിങ്

നേരത്തെ പ്രണബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. എന്നാല്‍, അതിനു പിന്നാലെ പലപ്പോഴായി അദ്ദേഹം നരേന്ദ്ര മോദി സര്‍ക്കാരിനെയും ബിജെപിയെയും വിമര്‍ശിച്ചിരുന്നു. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ രാജ്യത്തെ സാംസ്‌കാരിക പ്രവര്‍ത്തകര്‍ പ്രധാനമന്ത്രിക്ക് കത്തയച്ചതിനു പിന്നാലെയാണ് ബഹുസ്വരതയെക്കുറിച്ച് പ്രണബ് മുഖര്‍ജി പൊതുവേദിയില്‍ സംസാരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook