scorecardresearch
Latest News

‘ഞാൻ മാപ്പ് പറയില്ല’; പെരിയാറിനെക്കുറിച്ചുള്ള പരാമർശത്തിൽ രജനികാന്ത് നയം വ്യക്തമാക്കുന്നു

അവകാശവാദങ്ങൾ സാധൂകരിക്കുന്നതിന് രജനി 1971ലെ തുഗ്ലക്ക് മാസികയുടെ യഥാർഥ പതിപ്പ് ഹാജരാക്കണം, അല്ലാത്ത പക്ഷം ക്ഷമാപണം നടത്തണമെന്നു കൊളത്തൂർ മണി ഉൾപ്പെടെയുള്ള ദ്രാവിഡ കഴകം പാർട്ടി നേതാക്കൾ ആവശ്യപ്പെട്ടു

Rajinikanth, Rajanikanth, iemalayalam

ചെന്നൈ: സാമൂഹ്യപരിഷ്‌കര്‍ത്താവ് പെരിയാർ ഇവി രാമസ്വാമിയെക്കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ചുനിൽക്കുന്നതായും അതിന്റെ പേരിൽ മാപ്പ് പറയില്ലെന്നും നടൻ രജനികാന്ത്. താന്‍ വായിച്ച പത്രവാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് പെരിയാറിനെക്കുറിച്ച് പ്രസ്താവന നടത്തിയതെന്നും രജനികാന്ത് പറഞ്ഞു.

തമിഴ് മാസികയായ തുഗ്ലക്കിന്റെ അമ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജനുവരി 14 ന് നടത്തിയ പരിപാടിയിൽ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനെ വേദിയിലിരുത്തിയായിരുന്നു പെരിയാറിനെതിരായ രജനികാന്തിന്റെ പ്രസ്താവന. അന്ധവിശ്വാസങ്ങള്‍ക്കെതിരെ 1971ല്‍ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി പെരിയാര്‍ റാലി നടത്തിയെന്നായിരുന്നു രജനികാന്ത് പറഞ്ഞത്.

രജനികാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ തമിഴ്നാട്ടിൽ വൻ പ്രതിഷേധമാണ് ഉയർന്നത്. പെരിയാര്‍ തുടങ്ങിയ ദ്രാവിഡ കഴകം ഇതിനെതിരെ പൊലീസില്‍ പരാതിയും നല്‍കിയിരുന്നു. മധുരയിൽ രജനികാന്തിന്റെ കോലം കത്തിച്ച പ്രവർത്തകർ രജനി മാപ്പ് പറയണണമെന്നും ആവശ്യപ്പെട്ടിരുന്നു. വ്യാഴാഴ്ച രജനിയുടെ വീട്ടിലേക്കു മാര്‍ച്ചും പ്രഖ്യാപിച്ചിട്ടുണ്ട്.

Read More: ഊബര്‍ ഈറ്റ്‌സില്‍ ഇനി നിങ്ങള്‍ക്ക് ഫുഡ് ഓര്‍ഡര്‍ ചെയ്യാനാവില്ല; സൊമാറ്റോ വാങ്ങി

ചൊവ്വാഴ്ച രാവിലെ പോയെസ് ഗാർഡനിലെ വസതിക്കു മുൻപിൽ  മാധ്യമങ്ങളോട് സംസാരിച്ച രജനികാന്ത് തന്റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി മാസികകളിൽനിന്നും പത്രങ്ങളിൽ നിന്നുമുള്ള വാർത്തകളും ഉയർത്തി കാണിച്ചു. “ഇതാണ് ഔട്ട്‌ലുക്കാണ്. ഹിന്ദു ഗ്രൂപ്പ്… 1971 ലെ ഈ റിപ്പോർട്ടിൽ പറയുന്നത് വസ്ത്രങ്ങൾ ഇല്ലാത്ത ചിത്രങ്ങളുമായി പരേഡ് നടത്തി എന്നാണ്… ഇത് ഞാൻ വായിച്ച കാര്യമാണ്… ഇതിന് ക്ഷമ ചോദിക്കാൻ എനിക്ക് കഴിയില്ലെന്ന് ഞാൻ വിനയപൂർവം അറിയിക്കുന്നു.”

1971 ലെ റാലിയിൽ പങ്കെടുത്ത കൊളത്തൂർ മണി ഉൾപ്പെടെയുള്ള ദ്രാവിഡ കഴകം പാർട്ടി നേതാക്കൾ, റാലിയിൽ ശ്രീരാമന്റെയും സീതയുടെയും നഗ്‌നചിത്രങ്ങളുമായി പരേഡ് നടത്തിയിട്ടില്ലെന്ന് പറഞ്ഞതിനെത്തുടർന്നാണ് രജനീകാന്തിന്റെ വിശദീകരണം.

തന്റെ അവകാശവാദങ്ങൾ നിരസിച്ച ഡി കെ നേതാക്കളെക്കുറിച്ച് ചോദിച്ചപ്പോൾ “ഇത് നിഷേധിക്കാനുള്ളതല്ല, മറന്നുകളയാനുള്ളതാണ്,” രജനീകാന്ത് പറഞ്ഞു.

തന്റെ പ്രസ്താവനയെ ന്യായീകരിക്കാനുള്ള രജനീകാന്തിന്റെ ശ്രമത്തോട് പ്രതികരിച്ച മണി, തന്റെ അവകാശവാദങ്ങൾ സാധൂകരിക്കുന്നതിന് രജനി 1971ലെ തുഗ്ലക്ക് മാസികയുടെ യഥാർഥ പതിപ്പ് ഹാജരാക്കണമെന്നും അല്ലാത്ത പക്ഷം ക്ഷമാപണം നടത്തണമെന്നും പറഞ്ഞു. “അദ്ദേഹത്തിന് സത്യസന്ധതയുണ്ടെങ്കിൽ, 1971ലെ തുഗ്ലക്കിന്റെ യഥാർത്ഥ പകർപ്പ് കൊണ്ടുവരേണ്ടതായിരുന്നു. അദ്ദേഹം തുഗ്ലക്ക് ടീമുമായി അടുത്തയാളാണ്, ഒരു പകർപ്പ് ലഭിക്കുക എന്നത് അദ്ദേഹത്തിന് പ്രയാസകരമല്ല. പകരം, തന്റെ തെറ്റായ പ്രസ്താവനയെ ന്യായീകരിക്കുന്നതിനായി മറ്റൊരു മാസികയുടെ ഫോട്ടോസ്റ്റാറ്റ് കോപ്പി ഉയർത്തുന്നത് പെരിയാറിനെയും അദ്ദേഹം തമിഴ്‌നാട്ടിൽ നയിച്ച പ്രസ്ഥാനത്തെയും അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്,” മണി പറഞ്ഞു.

പല ബിജെപി നേതാക്കളെയും പോലെ തെറ്റായ പ്രസ്താവനയ്ക്ക് ക്ഷമ ചോദിക്കാൻ രജനികാന്ത് വിമുഖത കാണിച്ചേക്കാം. “എന്നാൽ ആളുകൾക്കിടയിൽ അൽപ്പം വിശ്വാസ്യത അർഹിക്കുന്നുവെന്ന് അദ്ദേഹം കരുതുന്നുവെങ്കിൽ, തുഗ്ലക്കിന്റെ യഥാർത്ഥ പകർപ്പ് അദ്ദേഹം ഹാജരാക്കണം,” മണി പറഞ്ഞു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Sorry i cannot apologise rajinikanth on controversial periyar remark