ന്യൂഡൽഹി: പാൻ കാർഡ്​ അഞ്ച്​ മിനുട്ടിനുള്ളിൽ ലഭിക്കാനുള്ള സംവിധാനം കേന്ദ്രസർക്കാർ അവതരിപ്പിക്കുന്നു. സ്മാര്‍ട്ട്ഫോണ്‍ വഴി നികുതി അടക്കാനുള്ള സൗകര്യവും ഇതിലൂടെ ലഭ്യമാകും. ആധാർ അടിസ്ഥാനമാക്കിയുള്ള ഇ-കൈവൈസി സംവിധാനമുപയോഗിച്ചാവും അഞ്ചു മിനുട്ടിനുള്ളിൽ പാൻകാർഡ്​ ലഭ്യമാവുക.

വിരലടയാളം ഉൾപ്പടെയുള്ളവ സ്വീകരിച്ചാവും ഇത്തരത്തിൽ അതിവേഗത്തിൽ പാൻകാർഡ്​ വിതരണം ചെയ്യുക. ഇ-കൈവൈസി സംവിധാനത്തിലൂടെ വിരലടയാളം ഉപയോഗിച്ച് അഞ്ച് മിനിറ്റിനുള്ളില്‍ സിം ലഭ്യമാക്കാമെങ്കില്‍ പാന്‍ കാര്‍ഡും ഇത്തരത്തില്‍ ആക്ടിവേറ്റ് ചെയ്യാമെന്നാണ് കേന്ദ്രം കണക്കുകൂട്ടുന്നത്.

പാന്‍ കാര്‍ഡ് നമ്പര്‍ നിമിഷനേരം കൊണ്ട് സാധ്യമാക്കി കാര്‍ഡ് പിന്നീട് വിതരണം ചെയ്യാനാണ് കേന്ദ്രത്തിന്റെ ഉദ്ദേശം. നിലവിൽ പാൻകാർഡ്​ ലഭിക്കണമെങ്കിൽ മൂന്നാഴ്​ചയെങ്കിലും കാത്തിരിക്കണം. മൊബൈൽ ഫോൺ വഴി ആദായനികുതി അടക്കാനും പാൻകാർഡിന്​ അപേക്ഷിക്കാനും പുതിയ ആപ്പും നികുതി വകുപ്പ്​ പുറത്തിറക്കാന്‍ ആലോചിക്കുന്നുണ്ട്. നികുതി അടക്കുന്ന മുതിര്‍ന്നവര്‍ക്കും യുവാക്കള്‍ക്കും ഈ സൗകര്യം ഒരുപോലെ ഉപകാരപ്രദമാകും.

വരുമാന നികുതിയടയ്ക്കുന്ന ഓരോ വ്യക്തിയുടെയും വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച മാർഗ്ഗമാണ് പാൻ കാർഡ്. ഇത് ഇന്ത്യയിൽ ഒരു നികുതി ദാതാവിനു നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യ ആണ്. ഒരു സീരിയൽ നമ്പറിൽ ഒരു കാർഡ്‌ മാത്രമേ രാജ്യത്ത് ഉണ്ടാകൂ.

ഒരു വ്യക്തിയുടെ വിറ്റു വരവ് ഇൻകം ടാക്സ് പരിധിക്കുള്ളിലാണ് എങ്കിൽ ആ വ്യക്തി പാൻ കാർഡ്‌ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. അത് പോലെ ഇപ്പോൾ ചില ബാങ്കുകളിൽ അക്കൗണ്ട്‌ തുടങ്ങാനും ഇന്ത്യയിൽ ഇൻവെസ്റ്റ്‌ ചെയ്യാനും പാൻ കാർഡ്‌ നിർബന്ധമാണ്‌. ആദായനികുതി വകുപ്പാണ് ആണ് പാൻ കാർഡ്‌ നൽകുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ