ന്യൂഡൽഹി: ഗായകന്‍ അഭിജീത്ത് ഭട്ടാചാര്യക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗായകന്‍ സോനു നിഗം ട്വിറ്റര്‍ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
ജെഎന്‍യു വിദ്യാര്‍ത്ഥി ഷെഹ‌്‌ല റാഷിദിനെ കുറിച്ച് സ്ത്രീ വിരുദ്ധ പരാമർശം നടത്തിയതിന്റെ പേരില്‍ അഭിജീത്തിന്റെ അക്കൗണ്ട് ട്വിറ്റര്‍ നേരത്തെ മരവിപ്പിച്ചിരുന്നു.

ഏകപപക്ഷീയമായി നീതി നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെയാണ് തന്റെ പ്രതിഷേധമെന്ന് സോനു കുറിച്ചു. വിവേകവും ദേശസ്‌നേഹവും മനുഷ്യത്വവുമുള്ള ആരും ചെയ്യുന്നതേ താനും ചെയ്തുള്ളൂവെന്നും സോനു അവകാശപ്പെടുന്നു. അഭിജീത്തിന്റെ ഭാഷ മോശമാണെന്ന് ഒരാള്‍ക്ക് പറയാം എന്നാല്‍ ബിജെപിയില്‍ സെക്‌സ് റാക്കറ്റുണ്ടെന്ന ഷെഹ്‌ല റാഷിദിന്റെ ആരോപണത്തെ ചോദ്യം ചെയ്യാന്‍ പാടില്ലെന്ന് എങ്ങനെ പറയാനാകും? അത്തരത്തിൽ എങ്ങനെയാണ് നീതി നടപ്പിലാകുന്നത്. ഇവിടെ അഭിജീത്തിന്റെ അക്കൗണ്ട് മരവിക്കുമ്പോള്‍ മറുവശത്തുള്ള ആളുടെ അക്കൗണ്ട് മരവിപ്പിക്കാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും സോനു നിഗം ചോദിക്കുന്നു.

Read More : ‘ഞാന്‍ എന്തിന് ഈ അപസ്വരം കേള്‍ക്കണം’; ബാങ്ക് വിളിക്കെതിരെ ട്വീറ്റ് ചെയ്ത് സോനു നിഗം വിവാദത്തില്‍

ബിജെപി നേതാവ് ഉള്‍പ്പെട്ട സെക്‌സ് റാക്കറ്റ് പിടിയിലായത് സംബന്ധിച്ച് ട്വിറ്ററില്‍ പോസ്റ്റിട്ടതിനെ തുടര്‍ന്നാണ് ഷെഹ്‌ല റാഷിദിനെ അപമാനിക്കുന്ന തരത്തില്‍ അഭിജീത് ട്വീറ്റ് ചെയ്തത്. ഇതിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ വിമര്‍ശമുയര്‍ന്നിരുന്നു.

ഇതിനിടെ അരുന്ധതി റോയിക്കെതിരായ ട്വീറ്റ് ബിജെപി എംപിയും ബോളിവുഡ് നടനുമായ പരേഷ് റാവലിന് ഡിലീറ്റ് ചെയ്യേണ്ടി വന്നിരുന്നു. അരുന്ധതിക്കെതിരായ ട്വീറ്റ് നീക്കം ചെയ്യാന്‍ ട്വിറ്റര്‍ തന്നെ റാവലിനോട് ആവശ്യപ്പെടുകയായിരുന്നു. കശ്മീരില്‍ യുവാവിനെ മനുഷ്യ കവചമായി ജീപ്പില്‍ കെട്ടിയിട്ടതിനു പകരം അരുന്ധതി റായിയെ സൈനിക ജീപ്പില്‍ കെട്ടണമെന്നായിരുന്നു റാവലിന്‍റെ ട്വീറ്റ്. റാവലിനെതിരായ ട്വിറ്ററിന്റെ നടപടിയും സോനു നിഗം ട്വിറ്റർ ഉപേക്ഷിക്കാനുള്ള കാരണങ്ങൾ വിശദീകരിക്കുന്നതിൽ പരാമർശിച്ചിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ