ന്യൂഡൽഹി: എഐസിസി പ്രസിഡന്റായി വീണ്ടും സോണിയ ഗാന്ധി. രാഹുൽ ഗാന്ധി സ്ഥാനമൊഴിഞ്ഞതിന്റെ പശ്ചാത്തലത്തിലാണ് കോൺഗ്രസിനെ നയിക്കാൻ വീണ്ടും സോണിയ എത്തിയിരിക്കുന്നത്. രാഹുൽ കോൺഗ്രസ് അധ്യക്ഷനാകുന്നതിന് മുമ്പും സോണിയ തന്നെയായിരുന്നു അധ്യക്ഷ സ്ഥാനത്ത്. 20 മാസത്തിന് ശേഷം വീണ്ടും അധ്യക്ഷയുടെ കുപ്പായം അണിഞ്ഞിരിക്കുകയാണ് സോണിയ. താത്ക്കാലിക അധ്യക്ഷയായാണ് സോണിയയെ തിരഞ്ഞെടുത്തിരിക്കുന്നത്.

തുടർച്ചയായ 12 മണിക്കൂർ ചർച്ച നടത്തിയിട്ടും ഗാന്ധി കുടുംബത്തിൽ നിന്നല്ലാതെ മറ്റൊരാളുടെ പേര് നിദേശിക്കാനില്ലാത്തതിനെ തുടർന്നാണ് സോണിയയെ തന്നെ നിയമിച്ചത്. മേയ് മാസത്തിലാണ് രാഹുൽ ഗാന്ധി കോൺഗ്രസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചത്.

പുതിയ മേധാവിയെ തിരഞ്ഞെടുക്കുന്നതിന് സംഘടനാ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ സോണിയയെ ഇടക്കാല പ്രസിഡന്റായി നിയമിച്ചുവെങ്കിലും ആഭ്യന്തര തിരഞ്ഞെടുപ്പ് നടക്കുന്നതിന്റെ സമയം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കോൺഗ്രസ് പ്രവർത്തക സമിതി ഇക്കാര്യം ചർച്ച ചെയ്തിട്ടില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു.

ജാർഖണ്ഡ്, ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നവംബറിൽ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് തന്നെയായിരിക്കും സോണിയയുടെ ആദ്യ വെല്ലുവിളി. രണ്ട് പതിറ്റാണ്ടോളം പാർട്ടിയെ നയിച്ച സോണിയ 2017 ഡിസംബറിലായിരുന്നു രാഹുലിനെ നേതൃസ്ഥാനം ഏൽപ്പിച്ചത്.

സിഡബ്ല്യുസി യോഗത്തിൽ പ്രിയങ്ക ഗാന്ധി വാദ്രയും കോൺഗ്രസ് മേധാവിയായി ചുമതലയേൽക്കാൻ വിസമ്മതിച്ചതായി വൃത്തങ്ങൾ അറിയിച്ചു. സോണിയ ഇടക്കാല പ്രസിഡന്റിനെ നിയമിക്കുന്ന പ്രമേയം സിഡബ്ല്യുസി പാസാക്കിയപ്പോൾ അവർ തീരുമാനം ഉടൻ അംഗീകരിച്ചില്ലെന്ന് വൃത്തങ്ങൾ അറിയിച്ചു. “പെട്ടെന്നാണ് നിങ്ങൾ എല്ലാവരും ഇതുമായി വന്നത്. ഞാൻ ഇത് പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ ഇതിനെക്കുറിച്ച് ചിന്തിക്കേണ്ടി വരും” എന്നായിരുന്നു സോണിയയുടെ പ്രതികരണമെന്ന് ഒരു കോൺഗ്രസ് നേതാവ് പറഞ്ഞു.

“ശ്രീമതി. സോണിയ ഗാന്ധി ജി തിരികെ നേതൃത്വത്തിൽ എത്തിയതിൽ സന്തോഷം. നിലവിലെ സാഹചര്യങ്ങളിൽ ഏറ്റവും മികച്ച തീരുമാനമായിരുന്നു അത്. അവരുടെ അനുഭവവും വിവേകവും കോൺഗ്രസിനെ ശരിയായ നയിക്കാൻ സഹായിക്കും. അവർക്കും പാർട്ടിക്കും എല്ലാവിധ ആശംസകളും നേരുന്നു, ”പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. കോൺഗ്രസ് പ്രസിഡന്റായി ഒരു യുവ നേതാവിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട ആദ്യത്തെ മുതിർന്ന കോൺഗ്രസ് നേതാവും മുഖ്യമന്ത്രിയുമാണ് സിങ്.

“സാഹചര്യങ്ങൾ കണക്കിലെടുത്ത് സോണിയയെ ഇടക്കാല മേധാവിയായി നിയമിക്കുന്നത് ഏറ്റവും ഉചിതമായ തീരുമാനമാണ്,” മുൻ കേന്ദ്രമന്ത്രി കെ.വി.തോമസ് പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook