ന്യൂഡൽഹി: ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങൾ സർക്കാർ പൊളിച്ചുനീക്കുന്നുവെന്ന ആരോപണവുമായി കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും. പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം 2020ന്റെ കരട് ഉടൻ പിൻവലിക്കണമെന്നും ഇരുവരും ആവശ്യപ്പെട്ടു.

വിവിധ പദ്ധതികൾക്ക് പാരിസ്ഥിതിക അനുമതി നൽകുന്ന നടപടിക്രമങ്ങൾ ഉൾക്കൊള്ളുന്ന 2020 ലെ കരട് പരിസ്ഥിതി ആഘാത വിലയിരുത്തൽ (ഇഐഎ) വിജ്ഞാപനം പരിസ്ഥിതി മന്ത്രാലയം ഈ വർഷം മാർച്ചിൽ പുറപ്പെടുവിക്കുകയും ആയിരക്കണക്കിന് നിർദ്ദേശങ്ങൾ പൊതുജനങ്ങളിൽ നിന്ന് ലഭിക്കുകയും ചെയ്തു.

ഇ.ഐ.എ 2020 ഒരു കരട് മാത്രമാണെന്നും അന്തിമ വിജ്ഞാപനമല്ലെന്നും മന്ത്രാലയത്തിന് പൊതുജനങ്ങളിൽ നിന്ന് ആയിരക്കണക്കിന് നിർദ്ദേശങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ഇത് അന്തിമ തീരുമാനത്തിന് മുൻപ് ഇതെല്ലാം പരിഗണിക്കുമെന്നും പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കർ പറഞ്ഞിരുന്നു.

Read More: ‘ഇഐഎ 2020 അപമാനകരം മാത്രമല്ല അപകടവുമാണ്, അതിനെതിരെ പ്രതിഷേധിക്കുക’: രാഹുൽ ഗാന്ധി

പരിസ്ഥിതിയെ സംരക്ഷിക്കാനുള്ള സാമൂഹിക ബാധ്യത സർക്കാരിനുണ്ടെന്നും ഇ.ഐ.എ പിൻവലിക്കണമെന്നും കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ഒരു ലേഖനത്തിൽ പറഞ്ഞു.

“ലളിതമായി പറഞ്ഞാൽ, ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങൾ പൊളിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. പാരിസ്ഥിതികാഘാത പഠന വിജ്ഞാപനം 2020 പിൻവലിക്കുക എന്നതാണ് ആദ്യ പടി. ആഗോളതാപനത്തിനും പകർച്ചവ്യാധികൾക്കുമെതിരായ പോരാട്ടത്തിൽ ഇന്ത്യയെ മുൻ‌നിരയിൽ നിർത്തുന്ന ഒരു ദേശീയ അജണ്ട രൂപപ്പെടുത്തുന്നതിനുള്ള വ്യാപകമായ പൊതു കൂടിയാലോചനയാണ് അത്യാവശ്യം,” അവർ ലേഖനത്തിൽ പറഞ്ഞു.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ട്വിറ്ററിൽ ലേഖനം പങ്കുവെച്ചു, “പ്രകൃതി സംരക്ഷിക്കപ്പെടുന്നുവെങ്കിലേ പ്രകൃതി സംരക്ഷിക്കുകയുള്ളൂ.”

“ഇന്ത്യയുടെ പരിസ്ഥിതി നിയമങ്ങൾ പൊളിക്കുന്നത് ഇന്ത്യൻ സർക്കാർ അവസാനിപ്പിക്കണം. ഡ്രാഫ്റ്റ് ഇ‌ഐ‌എ 2020 വിജ്ഞാപനം പിൻവലിക്കുകയാണ് അത്യാവശ്യമായ ആദ്യ പടി,” അദ്ദേഹം പറഞ്ഞു.

മുൻ പരിസ്ഥിതി മന്ത്രി ജയറാം രമേശും കരടിനെതിരെ വിമർശനമുന്നയിച്ചിരുന്നു. കരട് ഇഐഎ 2020 വിജ്ഞാപനത്തോടുള്ള ശക്തമായ എതിർപ്പുകൾ രേഖപ്പെടുത്തേണ്ടത് തന്റെ കടമയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. “കരട് പ്രതിഫലിപ്പിക്കുന്നത് പരിസ്ഥിതിക്കുവേണ്ടിയുള്ള നിയന്ത്രണത്തെ അനാവശ്യ ബാധ്യതയായി കാണുന്ന ഒരു മാനസികാവസ്ഥയെയാണ്. അല്ലാതെ സുസ്ഥിര വികസനം ഉറപ്പാക്കുന്നതിന് വേണ്ടിയും നമ്മുടെ ജനങ്ങളുടെ ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടിയുമുള്ള ഒരു അനിവാര്യ ബാധ്യതയായല്ല അവിടെ കാണുന്നത്,” അദ്ദേഹം പറഞ്ഞു. പദ്ധതികൾ ആരംഭിച്ച ശേഷം മാത്രം പാരിസ്ഥിതികാഘാത പഠനം നടത്തിയാൽ മതിയെന്ന വ്യവസ്ഥയെ അദ്ദേഹം എതിർക്കുകയും ചെയ്തു.

ഒരു പദ്ധതി ആരംഭിച്ചാൽ പരിസ്ഥിതിയിൽ എത്രത്തോളം സ്വാധീനമുണ്ടാക്കും എന്ന് പദ്ധതി ആരംഭിക്കുന്നതിന് മുൻപ് നടത്തേണ്ട പഠനമാണ് പാരിസ്ഥിതികാഘാത പഠനം. നിലവിലെ നിയമം പ്രകാരം രാജ്യത്തെ മിക്ക പദ്ധതികൾക്കും പരിസ്ഥിതി മന്ത്രാലയം ഇത്തരത്തിൽ പഠനം നടത്തി അംഗീകാരം നൽകേണ്ടത് നിർബന്ധമാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook