ന്യൂഡൽഹി: അഗസ്റ്റ വെസ്റ്റ്ലൻഡ് വി.വി.ഐ.പി ഹെലികോപ്ടർ ഇടപാടിൽ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും പ്രതിരോധിച്ച് മുന്‍ പ്രതിരോധ മന്ത്രി എ.കെ ആന്റണി. യു.പി.എ ഭരണത്തിന്‍ കീഴില്‍ ഇരുവരും പ്രതിരോധ ഇടപാടുകളില്‍ ഇടപെട്ടിട്ടില്ലെന്ന് എ.കെ ആന്റണി പറഞ്ഞു. ‘കള്ളം ഉദ്പാദിക്കാന്‍’ ഏജന്‍സികളെ കേന്ദ്രം ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു.
‘രാഹുല്‍ ഗാന്ധിയോ സോണിയ ഗാന്ധിയോ ഒരിക്കലും ഒരു പ്രതിരോധ ഇടപാടിലും കൈകടത്താന്‍ താത്പര്യം കാണിച്ചിട്ടില്ലെന്ന് മുന്‍ പ്രതിരോധ മന്ത്രിയെന്ന നിലയില്‍ എനിക്ക് പറയാനാവും. ഈ കേസില്‍ അഴിമതിയുണ്ടെന്ന് ഇറ്റലിയില്‍ നിന്നും റിപ്പോര്‍ട്ട് വന്നപ്പോള്‍ അന്വേഷണത്തിന് ഉത്തരവിട്ടത് ഞാനാണ്. അല്ലാതെ ഇപ്പോഴത്തെ സര്‍ക്കാരല്ല. ഈ കേസ് ഇറ്റലിയില്‍ തന്നെ പോരാടാനുളള അപൂര്‍വ്വമായ തീരുമാനം കൈക്കൊണ്ടതും ഞങ്ങളാണ്. അവസാനം നമ്മള്‍ തന്നെ കേസ് വിജയിച്ചു,’ ആന്റണി പറഞ്ഞു.
‘മാധ്യമങ്ങള്‍ അഴിമതിയെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ തന്നെ ഞങ്ങള്‍ അന്വേഷണം പ്രഖ്യാപിച്ചു. ആറോളം കമ്പനികളെ കരിമ്പട്ടികയില്‍ പെടുത്താനും ഞങ്ങള്‍ തീരുമാനം എടുത്തു. അതാണ് ഞങ്ങളുടെ ചരിത്രം. ഇപ്പോഴത്തെ സര്‍ക്കാരിന് ഇതില്‍ എന്താണ് അവകാശപ്പെടാനുളളത്,’ അദ്ദേഹം ചോദിച്ചു.
സി.ബി.ഐ അറസ്റ്റ് ചെയ്തതിനെ തുടർന്ന് കസ്റ്റഡിയിൽ കഴിയുന്ന ബ്രിട്ടീഷുകാരനായ ഇടനിലക്കാരൻ ക്രിസ്ത്യൻ മിഷേൽ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയുടെ പേര് പറഞ്ഞതായി എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പറഞ്ഞതിന് പിന്നാലെയാണ് ആന്റണിയുടെ പ്രതികരണം. പട്യാല കോടതിയിലാണ് ഇ.ഡി ഇക്കാര്യം അറിയിച്ചത്. ‘മിസിസ് ഗാന്ധി’, ‘ഇറ്റാലിയൻ വനിതയുടെ മകൻ’ എന്നിങ്ങനെ ഇടനിലക്കാരൻ ചോദ്യംചെയ്യലിൽ പറഞ്ഞുവെന്നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് വിശദീകരിച്ചത്.
ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന് ‘ഇറ്റാലിയൻ വനിതയുടെ മകൻ’ ക്രിസ്ത്യൻ മിഷേലിനോട് പറഞ്ഞുവെന്നും എൻഫോഴ്സ്മെന്റിന്റെ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു. ക്രിസ്ത്യൻ മിഷേൽ അന്വേഷണവുമായി സഹകരിക്കുന്നില്ല, ചോദ്യങ്ങൾക്ക് മറുപടി നൽകുന്നില്ല, പരസ്പരവിരുദ്ധമായി സംസാരിക്കുന്നു എന്നാണ് ഇ.ഡി നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്.
അതിനു പിന്നാലെയാണ് സോണിയ, രാഹുൽ എന്നിവരുടെ പേരുകളെക്കുറിച്ച സൂചന ലഭിച്ചുവെന്ന് കോടതിയെ അറിയിച്ചത്. അഗസ്റ്റവെസ്റ്റ്ലൻഡ് ഹെലികോപ്ടർ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് ക്രിസ്ത്യൻ മിഷേൽ ഇപ്പോൾ ഇ.ഡിയുടെ കസ്റ്റഡിയിലുള്ളത്. യു.എ.ഇയിൽനിന്നാണ് മിഷേലിനെ ഇന്ത്യക്ക് കൈമാറിക്കിട്ടിയത്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി നീട്ടിക്കിട്ടാനാണ് ശനിയാഴ്ച കോടതിയിൽ ഹാജരാക്കിയത്. ഒരാഴ്ചകൂടി കസ്റ്റഡി അനുവദിച്ചിട്ടുണ്ട്.