ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ശനിയാഴ്ച മുതിർന്ന പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തന്ത്രങ്ങൾ ചർച്ച ചെയ്യാനും പാർട്ടിയുടെ പുനരുജ്ജീവനത്തിനുള്ള വഴികൾ ആസൂത്രണം ചെയ്യാൻ ആലോചിക്കുന്ന മസ്തിഷ്കപ്രക്ഷോഭ സമ്മേളനവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾക്കുമായാണ് കൂടിക്കാഴ്ച.
തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറും സോണിയ ഗാന്ധിയുടെ ജൻപഥ് 10 വസതിയിൽ നടന്ന കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ഗുജറാത്തിലെ പാട്ടിദാർ നേതാവായ നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തുന്നത് അടക്കമുള്ള വിഷയങ്ങൾ ചർച്ചയായി. വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ തന്ത്രങ്ങൾ എന്തായിരിക്കണമെന്ന് പ്രശാന്ത് കിഷോർ കോൺഗ്രസ് നേതാക്കളോട് ആശയവിനിമയം നടത്തിയതായി വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു.
സോണിയയെയും രാഹുലിനെയും കൂടാതെ മുതിർന്ന നേതാക്കളായ മല്ലികാർജുൻ ഖാർഗെ, കെ സി വേണുഗോപാൽ, അംബികാ സോണി, ദിജിവിജയ സിംഗ്, അജയ് മാക്കൻ, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരും യോഗത്തിൽ പങ്കെടുത്തു. പി ചിദംബരം, രൺദീപ് സുർജേവാല എന്നിവരും യോഗത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ഉച്ചയായിട്ടും ഇവർ എത്തിയില്ലെന്നാണ് വിവരം.
തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്നതിൽ കിഷോറിന്റെ ഇടപെടലിനെക്കുറിച്ച് പാർട്ടിയിൽ ഏറെ ചർച്ചകൾ നടന്നിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹത്തെ അണിനിരത്തണമെന്ന് പാർട്ടിയിലെ ഒരു വിഭാഗം അഭിപ്രായപ്പെട്ടിരുന്നു.
രാജ്‌കോട്ടിനടുത്തുള്ള ലുവ പാട്ടീദാർ സമുദായത്തിന്റെ ഖോദിയാർ ദേവീ ക്ഷേത്രത്തം യന്ത്രിക്കുന്ന ശ്രീ ഖോദൽധാം ട്രസ്റ്റിന്റെ ചെയർമാൻ നരേഷ് പട്ടേലിനെ പാർട്ടിയിൽ ഉൾപ്പെടുത്തണമെന്ന് പ്രശാന്ത് കിഷോർ നിഡദേശിച്ചിരുന്നു,
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടേലിനെ പാർട്ടിയുടെ മുഖമായി ഉയർത്തിക്കാട്ടണമെന്നാണ് കിഷോറിന്റെ ആഗ്രഹമെന്ന് പാർട്ടിയിലെ ചില നേതാക്കൾ അവകാശപ്പെടുന്നു. പാർട്ടിയിൽ ചേരുമെന്ന റിപ്പോർട്ടുകൾ കിഷോർ നേരത്തെ നിഷേധിച്ചിരുന്നുവെങ്കിലും അതൊരു അടഞ്ഞ അധ്യായമല്ലെന്നാണ് ഒരു വിഭാഗം നേതാക്കൾ പറയുന്നത്. കഴിഞ്ഞ വർഷവും കിഷോർ, ഗാന്ധിമാരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തിയിരുന്നുവെങ്കിലും മറ്റ് പാർട്ടികളുമായുള്ള അദ്ദേഹത്തിന്റെ ബന്ധം വിശ്വാസപരമായ ഘടകം ചൂണ്ടിക്കാട്ടി അദ്ദേഹത്തിന്റെ പ്രവേശനത്തെ എതിർക്കാൻ ഒരു വിഭാഗം നേതാക്കളെ പ്രേരിപ്പിച്ചു.