ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയെത്തുടര്‍ന്നുള്ള പ്രതിസന്ധി നേരിടാന്‍ ‘ചെലവ് ചുരുക്കല്‍ നടപടികള്‍’ ആവശ്യമാണെന്നു കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. എംപിമാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിനു പിന്തുണ അറിയിച്ച അവര്‍ പ്രതിസന്ധി പരിഹരിക്കാന്‍ അഞ്ച് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെഴുതിയ കത്തിലാണു സോണിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചത്.

സര്‍ക്കാരും പൊതുമേഖലാ സ്ഥാപനങ്ങളും കോവിഡ് -19 സംബന്ധിച്ച നിര്‍ദേശങ്ങള്‍ ഒഴികെയുള്ള മാധ്യമ പരസ്യങ്ങള്‍ക്കു പൂര്‍ണമായും നിരോധനമേര്‍പ്പെടുത്താന്‍ സോണിയ നിര്‍ദേശിച്ചു. ഇതുവഴി കേന്ദ്രം പ്രതിവര്‍ഷം ചെലവഴിക്കുന്ന കുറഞ്ഞത് 1250 കോടി രൂപയെങ്കിലും ആവശ്യത്തിനു ലഭിക്കുമെന്ന് അവര്‍ പറഞ്ഞു.

‘സെന്‍ട്രല്‍ വിസ്റ്റ’ സൗന്ദര്യവത്കരണ, നിര്‍മാണ പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്നും യുപിഎ ചെയര്‍പേഴ്സണ്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സെന്‍ട്രല്‍ വിസ്റ്റ പുനര്‍വികസന പദ്ധതിക്കായി 20,000 കോടി രൂപ നീക്കിവച്ചിരുന്നു. നിലവിലുള്ള ചരിത്ര കെട്ടിടങ്ങളില്‍ പാര്‍ലമെന്റിന് സുഖമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നും സോണിയ ചൂണ്ടിക്കാട്ടി.

ചെലവ് ബജറ്റില്‍ (ശമ്പളം, പെന്‍ഷന്‍, കേന്ദ്ര പദ്ധതികള്‍ ഒഴികെ) 30 ശതമാനം ആനുപാതികമായി കുറയ്ക്കണമെന്നും സോണിയ ആവശ്യപ്പെട്ടു. കുടിയേറ്റ തൊഴിലാളികള്‍, തൊഴിലാളികള്‍, കൃഷിക്കാര്‍, സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭ, അസംഘടിത മേഖലയിലുള്ളവര്‍ക്കായി ഒരു ‘സാമ്പത്തിക സുരക്ഷാ വലയം’ സൃഷ്ടിക്കുന്നതിന് ഈ തുക ഉപയോഗിക്കാം.

അടിയന്തര സാഹചര്യങ്ങളിലൊഴികെ രാഷ്ട്രപതി, പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരുടെ വിദേശ സന്ദര്‍ശനം റദ്ദാക്കണമെന്നും സോണിയ ആവശ്യപ്പെട്ടു.

Read Also: ‘തിരിച്ചടിക്കുന്നതല്ല സൗഹൃദം’; ഡോണൾഡ് ട്രംപിന് രാഹുൽ ഗാന്ധിയുടെ മറുപടി

പിഎം കെയേഴ്‌സ് ഫണ്ടില്‍നിന്ന് പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധി (പിഎം-എന്‍ആര്‍എഫ്)’യിലേക്കു പണം നല്‍കണമെന്നു സോണിയ ആവശ്യപ്പെട്ടു. ഈ നടപടി ഫണ്ടുകള്‍ അനുവദിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന രീതിയില്‍ കാര്യക്ഷമത, സുതാര്യത, ഉത്തരവാദിത്തം, ഓഡിറ്റ് എന്നിവ ഉറപ്പാക്കുമെന്നും സോണിയ ഗാന്ധി കത്തില്‍ ചൂണ്ടിക്കാട്ടി.

പ്രതിസന്ധി നേരിടാന്‍ പ്രധാനമന്ത്രി മോദി പ്രതിപക്ഷ നേതാക്കളുടെ നിര്‍ദേശങ്ങള്‍ തേടിയിരുന്നു. ഇതിനു മറുപടിയായാണു സോണിയ ഗാന്ധിയുടെ കത്ത്. കൊറോണ വൈറസിനെതിരെ പോരാടുന്നതിനു പ്രധാനമന്ത്രിക്കു കോണ്‍ഗ്രസിന്റെ അചഞ്ചലമായ പിന്തുണ സോണിയ ഉറപ്പുനല്‍കി.

ലോക്ക്ഡൗണ്‍ ആവശ്യമാണെന്നും എന്നാല്‍ ആസൂത്രിതമല്ലാത്ത രീതിയില്‍ നടപ്പാക്കിയതുമൂലം ദശലക്ഷക്കണക്കിന് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കു പ്രതിസന്ധിയും വേദനയും സൃഷ്ടിച്ചതായി സോണിയ ഗാന്ധി നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. കോണ്‍ഗ്രസ് ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലായിരുന്നു സോണിയ ഇക്കാര്യം പറഞ്ഞത്. ലോക്ക്ഡൗണ്‍ മൂലമുണ്ടാകുന്ന പ്രതിസന്ധി കൈകാര്യം ചെയ്യാന്‍ സര്‍ക്കാര്‍ സമഗ്രമായ തന്ത്രം ആവിഷ്‌കരിക്കേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.

Read in English: ‘Stop govt ads, transfer money from PM CARES’: Sonia Gandhi’s suggestions to PM Modi on COVID-19

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook